LiveTV

Live

Kerala

കെ.എസ്.ആർ.ടി.സി താല്‍കാലിക ഡ്രൈവർമാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരും

വിധിക്ക് സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പ്രതിസന്ധിയിലാകും

കെ.എസ്.ആർ.ടി.സി താല്‍കാലിക ഡ്രൈവർമാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരും

കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരും. ഉത്തരവിനെതിരെ സർക്കാരും കെ.എസ്.ആർ.ടി.സിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിധിക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പ്രതിസന്ധിയിലാകും.

താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാരും കോർപ്പറേഷനും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സുപ്രീം കോടതി തീരുമാനം വരുന്നത് വരെ സർക്കാരിന് സമയം കിട്ടുമെന്നും അതിനാൽ ഇവരെ ഉടൻ പിരിച്ചുവിടില്ലെന്നുമാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നൽകുന്ന ഉറപ്പ്. എംപാനൽ ഡ്രൈവർമാര സ്ഥിരം തസ്തികകളിലേക്കല്ല നിയമിച്ചതെന്നാണ് അപ്പീലിൽ ബോധിപ്പിച്ചിട്ടുള്ളത്.

താൽക്കാലിക നിയമനത്തിന് കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടെന്നും പറയുന്നു. ഹൈക്കോടതി വിധി പ്രകാരം ഈ മാസം അവസാനം വരെയാണ് എം പാനൽ ഡ്രൈവർമാർക്ക് ജോലിയിൽ തുടരാൻ ആകുന്നത്. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടുമെന്നാണ് സർക്കാരിന്റെ വിശ്വാസം. താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടാൽ ദിവസേന 600 സർവീസുകൾ മുടങ്ങുമെന്ന കാര്യം സുപ്രീം കോടതിയെ ബോധിപ്പിപിക്കും. സർക്കാരിന്റെ അപ്പീൽ പരിഗണിക്കുമ്പോൾ പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനെയും പരിഗണിക്കണമെന്ന ആവശ്യം അവരും ഉയർത്തുന്നുണ്ട്. എന്നാൽ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.