LiveTV

Live

Kerala

തൂക്കുസഭയുടെ സാധ്യകള്‍?

ഭരണ സാധ്യത ആർക്കെന്ന് പുറത്തുവിട്ടില്ലെങ്കിലും തൂക്കു സഭയ്ക്ക് സാധ്യത ഏറെയാണെന്ന് എല്ലാ സർവേകളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.

 തൂക്കുസഭയുടെ സാധ്യകള്‍?

ഒരുപാട് വിവാദനടപടികള്‍ക്കും പരാമർശങ്ങൾക്കും ഇടയാക്കിയ മോദി ഭരണത്തിനു ശേഷം പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പാതിവഴിയിൽ എത്തിനിൽക്കുമ്പോൾ ഭരണം ആർക്ക് അനുകൂലമായിരിക്കും എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. കോൺഗ്രസ് അധികാരം തിരിച്ചു പിടിക്കുമോ, അതോ ബി.ജെ.പി തന്നെ തുടരുമോ, അല്ലെങ്കിൽ മറ്റു കക്ഷികളുടെ ഭരണ സാധ്യത എത്രത്തോളമാണ് തുടങ്ങിയ കാര്യങ്ങൾ ഇന്ത്യന് ജനത പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതാണ്.

തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ പല സർവ്വേകളും പ്രവചനങ്ങളും ആരംഭിച്ചു. ഭരണ സാധ്യത ആർക്കെന്ന് പുറത്തുവിട്ടില്ലെങ്കിലും തൂക്കു സഭയ്ക്ക് സാധ്യത ഏറെയാണെന്ന് എല്ലാ സർവേകളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.

അതുകൊണ്ടുതന്നെ തൂക്കുസഭ എന്താണെന്നും അത് നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തെ എത്രത്തോളം ബാധിക്കുമെന്നും പരിശോധിക്കാം

എന്താണ് തൂക്കുസഭ?

തെരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടിക്ക് അല്ലെങ്കില്‍ കൂട്ടുകക്ഷിക്ക് ഭരിക്കാന്‍ 50 ശതമാനത്തിലധികം സീറ്റ് വേണം. ലോക്സഭയില്‍ 543 സീറ്റുകളും രാഷ്ട്രപതി തെരഞ്ഞെടുക്കുന്ന 2 അംഗങ്ങളുമടക്കം 545 സീറ്റുകളാണുള്ളത്. ഇതിന്‍റെ 50 ശതമാനം എന്ന നിലയില്‍ 272 സീറ്റുകള്‍ ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടികള്‍ മാത്രമേ അധികാരത്തില്‍ വരികയുള്ളു. ഈ അവസരത്തില്‍ താരതമ്യേന കൂടുതല്‍ സീറ്റുകള്‍ ലഭിച്ച കക്ഷികള്‍ സ്വതന്ത്രരേയും മറ്റു കക്ഷികളെയും ചേര്‍ത്ത് ഒരു മന്ത്രിസഭ രൂപീകരിക്കുന്നു. ഇത്തരത്തില്‍ അധികാരത്തില്‍ വരുന്ന ഗവണ്‍മെന്‍റ് ആണ് തൂക്കുസഭ.

ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവിനെ സർക്കാർ രൂപീകരിക്കുന്നതിന് രാഷ്ട്രപതി ക്ഷണിക്കുന്നു. ആ പാര്‍ട്ടിക്ക് അതിന് സാധ്യമല്ലെങ്കില്‍ ആദ്യമേ രൂപപ്പെടുത്തിയ സഖ്യത്തിന്റെ നേതാവിനെ ക്ഷണിക്കുകയും അതുമല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുത്തിയ സഖ്യത്തിന്റെയോ നേതാവിനെയോ സർക്കാർ രൂപീകരിക്കുന്നതിന് രാഷ്ട്രപതി ക്ഷണിക്കുന്നു.

അതിനു സാധിക്കാത്ത പക്ഷം ഏറ്റവും കടുത്ത പരിഹാരമെന്ന നിലയില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നു. എന്നാല്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ സീറ്റുള്ള പാര്‍ട്ടിയിലെ നേതാവ് പുറത്താക്കപ്പെട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സുസ്ഥിര ഗവണ്‍മെന്‍റ് രൂപീകരിക്കാനും നിലനിര്‍ത്താനും ആര്‍ക്ക് കഴിയും എന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി രാഷ്ട്രപതിക്ക് തീരുമാനമെടുക്കാം. രാഷ്ട്രപതിയുടെ നേതൃത്വത്തില്‍ വിശ്വാസവോട്ട് നടത്തി ആര്‍ക്ക് കൂടുതല്‍ സഖ്യം തെളിയിക്കാന്‍ സാധിക്കുന്നുവോ, അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം. എന്നിരുന്നാലും സര്‍ക്കാര്‍ രൂപീകരികരിച്ചതിനു ശേഷം ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലോ എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളോ ശ്രദ്ധയില്‍പെട്ടാലോ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

ഉദാഹരണമായി, ആറ് മാസത്തിനുള്ളില്‍ ഒരു സുസ്ഥിര സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഒരു പാര്‍ട്ടിക്കോ കൂട്ടു കക്ഷിക്കോ സാധിക്കുന്നില്ലെങ്കില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കണം.

 തൂക്കുസഭയുടെ സാധ്യകള്‍?

ഇന്ത്യ തൂക്കുസഭക്ക് സാക്ഷിയാകേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ പരിശോധിക്കാം.

ഒമ്പതാം ലോക്‍സഭ

ആദ്യമായി തൂക്കുസഭ നിലവില്‍ വരുന്നത് 1989ലെ ഒമ്പതാം ലോകസഭയിലാണ്. നിരവധി വിവാദങ്ങള്‍ നേരിട്ട തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 207 സീറ്റ് നഷ്ടപ്പെടുകയും 197 സീറ്റ് മാത്രം ലഭിക്കുകയും ചെയ്തു. അതേസമയം, ജനതാദളിനു 143 സീറ്റ് ലഭിച്ചു. മാത്രമല്ല, ബി.ജെ.പി 529ല്‍ 85 സീറ്റുകളെന്ന ആകര്‍ഷകരമായ നേട്ടം കൈവരിച്ചു. അതില്‍‌ ജനതാദള്‍ ബി.ജെ.പിയും വലതുകക്ഷിയുമായി ചേര്‍ന്ന് ദേശീയ മുന്നണി സര്‍ക്കാര്‍ (national front government) രൂപീകരിക്കുകയും വിശ്വനാഥ് പ്രതാപ് സിങ് പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുകയും ചെയ്തു.

വി.പി സിങ്
വി.പി സിങ്

എന്നാല്‍, 1990 ല്‍ വി.പി സിങും ചന്ദ്രശേഖറും തമ്മിലുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ജനതാദള്‍ പിളരുകയും സമാജ് വാദി പാര്‍ട്ടി രൂപീകൃതമാവുകയും ചെയ്തു. തുടര്‍ന്ന് രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. 1990 നവംബര്‍ 10 മുതല്‍ 1991 ജൂണ്‍ 21 വരെ ചുരുങ്ങിയ കാലം മാത്രം ഭരിക്കുകയും ശേഷം പത്താം ലോക്‍സഭയിലേക്ക് കടക്കുകയും ചെയ്തു.

പത്താം ലോക്‍സഭ

വീണ്ടും തൂക്കുസഭ നിലവില്‍ വരുന്നത് 1991ല്‍‍ പത്താം ലോക്‍സഭ തെരഞ്ഞെടുപ്പിലാണ്. 120 സീറ്റുകളില്‍ വിജയിച്ച് ബി.ജെ.പി ഉയര്‍ന്ന നേട്ടം കൈവരിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. കോണ്‍ഗ്രസിനു 232 സീറ്റും ലഭിച്ചു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം സീറ്റ് ലഭിക്കാതെ വരികയും അതേതുടര്‍ന്ന് മറ്റുകക്ഷികളുടെ പിന്തുണയോടെ പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. ഈ ഭരണം 5 വര്‍ഷം പൂര്‍ത്തീകരിച്ചു.

പി.വി നരസിംഹ റാവു  
പി.വി നരസിംഹ റാവു  

പതിനൊന്നാം ലോക്‍സഭ

1996ല്‍ പതിനൊന്നാം ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ വീണ്ടും തൂക്കുസഭ സാക്ഷിയാകേണ്ടി വന്നു. ഇത്തവണ പ്രധാന കക്ഷികളായ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 161 സീറ്റും കോണ്‍ഗ്രസിനു 141 സീറ്റും ജനതാദളിനു 46 സീറ്റും ലഭിച്ചു. ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായി വരവറിയിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. തുടര്‍ന്ന് വ്യവസ്ഥപ്രകാരം ബി.ജെ.പി കൂട്ടുകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാലിത് അധികനാള്‍ നീണ്ടുനിന്നില്ല. വാജ്പേയി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് ജനതാദള്‍ പോലുള്ള താരതമ്യേന ചെറിയ പാര്‍ട്ടികള്‍ രംഗത്തു വരികയും ദേവെഗൌഡ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുകയും ചെയ്തു. എന്നാല്‍ 18 മാസം മാത്രമേ അദ്ദേഹം സ്ഥാനം വഹിച്ചുള്ളു. ശേഷം ഐ.കെ ഗുജറാള്‍ ഒരു വർഷം പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. രണ്ടു വര്‍ഷത്തിനുശേഷം പന്ത്രണ്ടാം തെരഞ്ഞെടുപ്പിലേക്ക് കടന്നു.

ഐ.കെ ഗുജറാള്‍
ഐ.കെ ഗുജറാള്‍

പന്ത്രണ്ടാം ലോക്‍സഭ

1998ലും തൂക്കുസഭ ആവര്‍ത്തിച്ചു. ബി.ജെ.പി 182 സീറ്റുകളിലേക്ക് കുതിക്കുകയും കോണ്‍ഗ്രസ് 141 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് 101 സീറ്റ് ലഭിച്ചു. തുടര്‍ന്ന്, ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) രൂപീകരിച്ചു. ശേഷം വാജ്പേയി വീണ്ടും പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. ഇത് അധികനാള്‍ നീണ്ടു നിന്നില്ല. 13 മാസത്തിനുശേഷം വാജ്പേയി സ്ഥാനം രാജിവെച്ചു.

അടല്‍ ബിഹാരി വാജ്പേയി
അടല്‍ ബിഹാരി വാജ്പേയി

ഇനി ഇന്നത്തെ സാഹചര്യം പരിശോധിക്കാം..

ഇന്ത്യ ടുഡേ ഗ്രൂപ്പ് കാർവി ഇൻസൈഡ് ബൈ ആന്വൽ മോഡ് ഓഫ് നാഷൻ സർവ്വേ പ്രകാരം രാജ്യത്ത് ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ ആയിരിക്കും നിലവില്‍ വരികയെന്ന് അഭിപ്രായപ്പെടുന്നു. ഈ വരുന്ന ലോക്‍സഭ തെരഞ്ഞെടുപ്പിൽ 2014ലെ പോലെ മികച്ച വിജയം നേടാൻ ബി.ജെ.പിക്ക് സ്വയം സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. 2018 ഡിസംബർ 28നും 2019 ജനുവരി എട്ടിനും ഇടയിലാണ് ഈ സർവ്വേ നടത്തിയത്. ഓർക്കുക, 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിനു മുന്നേ ആണിത്. അതായത് 'ദേശസുരക്ഷ' തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിന് മുമ്പ്..

 തൂക്കുസഭയുടെ സാധ്യകള്‍?

സർവ്വേ പ്രകാരം തൂക്കു സഭയ്ക്കുള്ള സാധ്യതയാണ് കാണുന്നത്. യാതൊരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാവുകയില്ല. 2014 നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് എം.ഒ.ടി.എന്‍ പോൾ എൻ.ഡി.എ ഭൂരിപക്ഷം നേടുകയില്ല എന്ന തരത്തിൽ പ്രവചനം നടത്തുന്നത്.

പോൾ പ്രകാരം എൻ.ഡി.എക്ക് 2014ൽ 336 സീറ്റ് കിട്ടിയ സ്ഥാനത്ത് 100 സീറ്റ് കുറഞ്ഞു 237 സീറ്റ് മാത്രമേ ലഭിക്കുകയുള്ളു എന്നാണ് കരുതുന്നത്. ഇത് ഭൂരിപക്ഷത്തിൽ നിന്ന് 35% കുറവായിട്ടാണ്. ഈ സാഹചര്യത്തിൽ എൻ.ഡി.എയും മറ്റു ഇതര പാർട്ടികളും ഗവണ്മെന്റ് രൂപീകരണത്തിനു പുറത്തു നിന്ന് പിന്തുണ നേടേണ്ടിവരും.

കോണ്‍ഗ്രസും യു.പി.എയും നില മെച്ചപ്പെടുത്തുമെന്നും സര്‍വേകള്‍ പറയുന്നു.

ബി.ജെ.പിക്കോ കോൺഗ്രസിനോ സ്വന്തമായി ഒരു കക്ഷി രൂപീകരിക്കാൻ സാധിക്കില്ലെന്ന് എം.ഒ.ടി.എൻ സർവ്വേയിൽ പറയുന്നു. ഈ സാഹചര്യത്തിൽ മൂന്നാം മുന്നണി രംഗത്ത് വരുമെന്നും സർവ്വേ അഭിപ്രായപ്പെടുന്നു. കോൺഗ്രസിന്റെ പിന്തുണയോടെ ഒരു മൂന്നാം മുന്നണി രംഗത്തു വരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധനും പത്രപ്രവർത്തകനുമായ സ്വാമിനാഥൻ അയ്യർ അഭിപ്രായപ്പെടുന്നു.

ഇങ്ങനെയൊക്കെയാണ് സര്‍വേ റിപ്പോര്‍ട്ട് എങ്കിലും പൂര്‍ണ്ണമായി സര്‍വേ റിപ്പോര്‍ട്ട് ആശ്രയിക്കാതെ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കാം.