LiveTV

Live

Kerala

മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതു വരെ കുടുങ്ങിയത് ആയിരത്തിലധികം ബസുകള്‍

ഇരുപത്തിനാല് ലക്ഷം രൂപ പിഴ ഈടാക്കി.നടപടിയുമായി മുന്നോട്ട് പോകുമെന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്

 മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതു വരെ കുടുങ്ങിയത് ആയിരത്തിലധികം ബസുകള്‍

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ബസ് ഉടമകളില്‍ നിന്ന് 24 ലക്ഷം രൂപ ഈടാക്കി. ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍ വ്യക്തമാക്കി. അന്തര്‍ സംസ്ഥാന സ്വകാര്യ യാത്രാ ബസുകളുടെ നിയമ ലംഘനം കണ്ടെത്താനുളള റെയിഡ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ രാത്രി മാത്രം 163 ബസുകള്‍ക്ക് പിഴ ചുമത്തി. ഇതോടെ പിടി വീഴുന്ന ബസുകളുടെ എണ്ണം 1037 ആയി. നാല് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് ഇന്നലെ രാത്രിയില്‍ ഈടാക്കിയ പിഴ.

അഞ്ച് ദിവസത്തെ മൊത്തം പിഴ ഇരുപത്തിനാല് ലക്ഷത്തി അറുപതിനായിരം രൂപയാണ്. 500ലധികം ബുക്കിംഗ് ഓഫീസുകള്‍ക്ക് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. ചരക്ക് കടത്തിനാണ് ഏറ്റവുമധികം പിഴ ഈടാക്കിയത്. പിടിക്കപ്പെട്ട ബസുകള്‍ തന്നെ വീണ്ടും നിയമലംഘനം നടത്തുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പെര്‍മിറ്റ് താത്കാലികമായി റദ്ദാക്കാനുള്ള നടപടി ആലോചിക്കുമെന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി സുധേഷ് കുമാര്‍ അറിയിച്ചു.