LiveTV

Live

Kerala

കനത്ത മഴ: കൊല്ലത്ത് ചുടുകട്ട കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു

ഫോനിയുടെ സ്വാധീനം മൂലം കേരളത്തില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു.

കനത്ത മഴ: കൊല്ലത്ത് ചുടുകട്ട കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു

ഫോനി ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഫോനിയുടെ സ്വാധീനം മൂലം കേരളത്തില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. കൊല്ലത്ത് ചുടുകട്ട കമ്പനിയുടെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. കൊല്ലം കൊട്ടാരക്കര അന്തമണിൽ ശക്തമായ മഴയിൽ ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് ഒരാൾ മരിച്ചു. മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു.

ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്രചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബുധനാഴ്ച വൈകുന്നേരത്തോടെ ഫോനി ബംഗ്ലാദേശ് തീരത്തെത്താനാണ് സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും നാളെ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ നാളെ രാവിലെ ഏഴിന് തുറന്ന് പത്ത് ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്. ഒന്നര മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരവും ഒഴിവാക്കണണെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലേക്ക് രാത്രി യാത്രയും വിലക്കിയിട്ടുണ്ട്.