LiveTV

Live

Kerala

പ്രചാരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം വേണ്ട രീതിയില്‍ ചലിച്ചില്ലെന്ന് ലീഗ്

ഏറെ വൈകിയാണ് കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചത്. വടകരയിലും കോഴിക്കോടും ഇത് ആദ്യ ഘട്ട പ്രചാരണത്തിൽ പ്രതിഫലിച്ചെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

 പ്രചാരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം വേണ്ട രീതിയില്‍ ചലിച്ചില്ലെന്ന് ലീഗ്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ട രീതിയില്‍ ചലിച്ചില്ലെന്ന വിമര്‍ശനവുമായി മുസ്‍ലിം ലീഗ്. തുടക്കത്തില്‍ താഴെ തട്ടില്‍ പലയിടത്തും പ്രവര്‍ത്തനം സ്വന്തം നിലയില്‍ ഏറ്റെടുക്കേണ്ടി വന്നു. പ്രചാരണത്തില്‍ കോണ്‍ഗ്രസ് സജീവമായത് വൈകിയാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടതിനാല്‍‌ 17 സീറ്റ് വരെ യു.ഡി.എഫിന് ലഭിക്കുമെന്നും ലീഗ് വിലയിരുത്തി.

താഴെ തട്ടില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ആദ്യ ഘട്ടത്തില്‍ പ്രചാരണ രംഗത്ത് ദുര്‍ബലമായിരുന്നുവെന്നാണ് ലീഗ് വിമര്‍ശനം. ശക്തമായ മത്സരം നടന്ന വടകരയിലും കോഴിക്കോടും ആദ്യ ഘട്ടത്തില്‍ പ്രചാരണ രംഗത്ത് പിന്നാക്കം പോകുന്നതിന് ഇത് ഇടയാക്കി. പിന്നീട് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തോടെയാണ് കോണ്‍ഗ്രസ് സജീവമായതെന്നും ലീഗ് വിലയിരുത്തി.

ന്യൂനപക്ഷ ഏകീകരണവും ശബരിമലയും യു.ഡി.എഫിന് നേട്ടമായി. നാല് മണ്ഡലങ്ങളില്‍ ഫലം പ്രവചിക്കാന്‍ കഴിയാത്ത രീതിയിലുള്ള മത്സരം നടക്കുന്നതായും ലീഗ് നേതൃത്വം വിലയിരുത്തി.

മലപ്പുറത്ത് രണ്ട് ലക്ഷത്തി പതിനായിരം വോട്ടിന്റെയും പൊന്നാനിയില്‍ 70000 വോട്ടിന്റെയും ഭൂരിപക്ഷം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷം വരെ ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് ലീഗ് കണക്ക്. കള്ളവോട്ടിന്റെ കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതായും ലീഗ് പ്രമേയം പാസാക്കി.