LiveTV

Live

Kerala

എംപാനല്‍ ഡ്രൈവര്‍മാരെ ഉടന്‍ പിരിച്ചുവിടില്ലെന്ന് മന്ത്രി

ഉത്തരവനുസരിച്ച് നാളെയാണ് 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടേണ്ടത്. മെയ് ഒന്ന് മുതൽ 600 സർവീസുകൾ വരെ ദിവസേന മുടങ്ങിയേക്കും.

എംപാനല്‍ ഡ്രൈവര്‍മാരെ ഉടന്‍ പിരിച്ചുവിടില്ലെന്ന് മന്ത്രി

എംപാനല്‍ ഡ്രൈവര്‍മാരെ ഉടന്‍ പിരിച്ചുവിടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പ്രതിസന്ധിയിലാകും. ഉത്തരവനുസരിച്ച് നാളെയാണ് 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടേണ്ടത്. മെയ് ഒന്ന് മുതൽ 600 സർവീസുകൾ വരെ ദിവസേന മുടങ്ങിയേക്കും.

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി നൽകിയ ഹരജിയിൽ സ്ഥിരം തസ്തികകളിലേക്കല്ല എംപാനൽ ഡ്രൈവർമാരെ നിയമിച്ചതെന്നാണ് പറയുന്നത്. താൽക്കാലിക നിയമനത്തിന് കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടെന്നും ഹരജിയിലുണ്ട്.

ഹൈക്കോടതി വിധി പ്രകാരം ഈ മാസം അവസാനം വരെയാണ് എം പാനൽ ഡ്രൈവർമാർക്ക് ജോലിയിൽ തുടരാൻ ആകുന്നത്. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയില്ലെങ്കിൽ മെയ് 1ന് 1565 പേർ പുറത്താകും. ഇത് സർവീസുകളെ ബാധിക്കും. ദിവസേന 600 സർവീസുകൾ മുടങ്ങുന്നത് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കും. ദിവസ വേതനടിസ്ഥാനത്തിൽ ഇവരെ തിരികെ നിയമിക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ട്.

സ്ഥിരം ജീവനക്കാർ ലീവെടുത്തു പോകുന്ന ഒഴിവിലേക്കാകും നിയമനം. സർക്കാരിന്റെ അപ്പീൽ പരിഗണിക്കുമ്പോൾ പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനെയും പരിഗണിക്കണമെന്ന ആവശ്യം അവരും ഉയർത്തുന്നുണ്ട്. എന്നാൽ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.