LiveTV

Live

Kerala

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സിയുടെ അപ്പീല്‍ 

1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി നല്‍കിയ സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം.

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സിയുടെ അപ്പീല്‍ 

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി നല്‍കിയ സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. വിധിക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പ്രതിസന്ധിയിലാകും.

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനിടെയാണ് കെ.എസ്.ആര്‍.ടി.സിയും സുപ്രീംകോടതിയെ സമീപിച്ചത്. സ്ഥിരം തസ്തികകളിലേക്കല്ല എംപാനൽ ഡ്രൈവർമാരെ നിയമിച്ചത്, താൽക്കാലിക നിയമനത്തിന് കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ട്‌, കണ്ടക്ടർ നിയമനം നടത്തിയത് പോലെയല്ല എംപാനൽ ഡ്രൈവർ നിയമനമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹൈക്കോടതി വിധി പ്രകാരം ഈ മാസം അവസാനം വരെയാണ് എംപാനൽ ഡ്രൈവർമാർക്ക് ജോലിയിൽ തുടരാൻ ആകുന്നത്. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയില്ലെങ്കിൽ മെയ് 1ന് 1565 പേർ പുറത്താകും. ഇത് കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും. അതേസമയം കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

സർക്കാരിന്റെ അപ്പീൽ പരിഗണിക്കുമ്പോൾ പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനെയും പരിഗണിക്കണമെന്ന ആവശ്യം അവരും ഉയർത്തുന്നുണ്ട്. എന്നാൽ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.