LiveTV

Live

Kerala

കല്ലടയില്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്ക് വീണ്ടും ബസ് ഉടമകളുടെ ഭീഷണി

സേലത്തുള്ള കോളജിലേക്ക് തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ ഫോണിലേക്കും ഭീഷണി കോളുകള്‍ വരുന്നുണ്ട്

 കല്ലടയില്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്ക് വീണ്ടും ബസ് ഉടമകളുടെ ഭീഷണി

കല്ലട ബസില്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്ക് വീണ്ടും ബസ് ഉടമകളുടെ ഭീഷണി . സേലത്തുള്ള കോളജിലേക്ക് തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ ഫോണിലേക്കും ഭീഷണി കോളുകള്‍ വരുന്നുണ്ട്. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നും ദൃശ്യങ്ങള്‍ സിസി ടിവിയില്‍ തെളിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയെന്നും യുവാക്കള്‍ മീഡിയവണിനോട് പറഞ്ഞു.

കല്ലട ബസ് ജീവനക്കാരുടെ മർദ്ദനത്തിനിരയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി സച്ചിനും പാലക്കാട് സ്വദേശി അഷ്കറും ഇപ്പോഴും ഭീതിയിലാണ്. ബസ് ഉടമകൾ ഇവരെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയാണ്. സേലത്ത് ഇവർ പഠിക്കുന്ന കോളേജിലേക്ക് മടങ്ങിവന്നാല്‍ കൊന്ന്കളയുമെന്നാണ് ഭീഷണി. സുഹൃത്തിന്റെ ഫോൺ നമ്പർ നൽകിയാണ് സച്ചിനും അഷ്‌ക്കറും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ഈ നമ്പറിലേക്ക് നിരന്തരം ഭീഷണി കോളുകൾ വരുന്നുണ്ട് . ഇരുവരുടെയും വിലാസം ആവശ്യപ്പെട്ടുകൊണ്ട് നാനൂറിൽപ്പരം കോളുകളാണ് ഇതിനകം സുഹൃത്തിന് ലഭിച്ചത്.

തങ്ങളെ മർദ്ദിച്ചവരിൽ കൂടുതല്‍ പേരുണ്ടെന്നും എന്നാൽ പലരുടെയും ദൃശ്യങ്ങൾ സിസിടിവിയിൽ തെളിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും യുവാക്കൾ ആരോപിക്കുന്നു. സംഭവ ശേഷം കേരളത്തിൽ നിന്ന് കിട്ടിയ പിന്തുണയിലാണ് പിടിച്ചു നിന്നത് . എന്നാൽ സേലത്തേക്ക് തിരിച്ചുപോകുമ്പോൾ ആശങ്കയുണ്ട്.