LiveTV

Live

Kerala

ആലപ്പുഴയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാൻഡ് റിപ്പോർട്ട്

കൊലയ്ക്ക് കാരണം മകൾ സ്വൈര്യജീവിതത്തിന് തടസമാകുന്നു എന്ന അമ്മ ആതിരയുടെ തോന്നലാണ്

ആലപ്പുഴയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാൻഡ് റിപ്പോർട്ട്

ആലപ്പുഴ പട്ടണക്കാട് പിഞ്ചുകുഞ്ഞിന്റെ കൊലപാതകം ആസൂത്രിതം എന്ന് റിമാൻഡ് റിപ്പോർട്ട്. കൊലയ്ക്ക് കാരണം മകൾ സ്വൈര്യജീവിതത്തിന് തടസമാകുന്നു എന്ന അമ്മ ആതിരയുടെ തോന്നലാണ്. വായ പൊത്തിയപ്പോള്‍ കുട്ടി അബദ്ധത്തില്‍ മരിച്ചതാണെന്ന ആതിരയുടെ വാദം പൊലീസ് തള്ളി.

ഒന്നേകാൽ വയസ് പ്രായമുള്ള ആദിഷയെ മൂക്കും വായയും പൊത്തിപ്പിടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അമ്മ ആതിര പൊലീസിനോട് സമ്മതിച്ചിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും കുട്ടി നിർത്താതെ കരഞ്ഞപ്പോഴുണ്ടായ ദേഷ്യമാണ് വായ പൊത്തിപ്പിടിക്കാൻ കാരണമെന്നുമായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ ഇത് തള്ളുന്നതാണ് റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ. കൊലപാതകം ആസൂത്രിതമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.

വിവാഹം കഴിഞ്ഞനാൾ മുതൽ ആതിരയ്ക്ക് ഭർതൃവീട്ടുകാരുമായി സ്വരച്ചേർച്ചയില്ലായിരുന്നു. ഇക്കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഐ.പി.സി 302, ജുവനൈൽ ജസ്റ്റിസ് ആക്ട് 75ആം വകുപ്പ് പ്രകാരം ഉള്ള കുറ്റം എന്നിവയാണ് ആതിരയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

വൈകിട്ട് ഏഴ് മണിയോടെയാണ് ആതിരയെ ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. നേരത്തെ സംഭവം നടന്ന കൊല്ലം വെളി കോളനിയിലെ വീട്ടിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു. വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അതിന് ശേഷമാകും വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക.