LiveTV

Live

Kerala

മേപ്രാൽ പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മില്‍ തർക്കം

പ്രാർത്ഥന സമയവുമായി ബന്ധപ്പെട്ടാണ് ഇരു സഭകളുമായി തർക്കമുണ്ടായത്

മേപ്രാൽ പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മില്‍ തർക്കം

തിരുവല്ല മേപ്രാൽ പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം. പ്രാർത്ഥന സമയവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സഭ പ്രതിനിധികളുമായി കലക്ടർ ചർച്ച നടത്തി.

ഇന്നലെ വൈകുന്നേരമാണ് പ്രാർത്ഥന സമയവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ തർക്കം ഉണ്ടായത്. നിശ്ചയിച്ച ആരാധന സമയം കഴിഞ്ഞിട്ടും ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് യാക്കോബായ വിഭാഗം പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.

ഇരുവിഭാഗങ്ങളുമായി ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചർച്ച നടന്നു. എന്നാൽ ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് ഓർത്തഡോക്സ് വിഭാഗം പള്ളിക്കകത്തും യാക്കോബായ വിഭാഗം പുറത്തും കുർബാന നടത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് വീണ്ടും ചർച്ച നടന്നു.

അനുകൂല കോടതി വിധിയുണ്ടെന്നും വിശ്വാസികൾക്ക് ആർക്കു വേണമെങ്കിലും ശുശ്രൂഷകളിൽ പങ്കെടുക്കാമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. കോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ കാലങ്ങളായി ശുശ്രൂഷ നടത്തിവന്നിരുന്ന പള്ളിയിൽ ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തത് നീതി നിഷേധമാണെന്നും കോടതിയിൽ അപ്പീൽ നൽകുമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.