LiveTV

Live

Kerala

ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 

കെ.എസ്.ഇ.ബി ക്കെതിരെ ഒറ്റയാൾ പോരാട്ടം ആരംഭിച്ച മീനമേനോന് പിന്തുണനയുമായി നിരവധി പേർ ശാന്തിവനത്തിൽ.

ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 

എറണാകുളം വടക്കന്‍ പറവൂരിലെ സ്വകാര്യ വ്യക്തിയുടെ സംരക്ഷിത വനമായ ശാന്തി വനത്തിലൂടെ 110 കെ.വി ലൈന്‍ വലിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ശാന്തി വനത്തിന്റെ ഒരു വശത്ത് നിർമാണം നടത്താൻ മാത്രമാണ് കെ.എസ്.ഇ.ബി ക്ക് സ്ഥലമുടമ മീന മേനോൻ അനുമതി നൽകിയത്. എന്നാൽ അൻപതോളം മരങ്ങൾ മുറിച്ച് വനത്തിന്റെ ഒത്ത നടുവിൽ ആണിപ്പോൾ പണി നടക്കുന്നത്. ഇതിനെതിരെ ഒറ്റയാൾ പോരാട്ടം ആരംഭിച്ച മീന മേനോന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തകരടക്കമുള്ള നിരവധി പേരാണ് കഴിഞ്ഞ ദിവസ്സം ശാന്തി വനത്തിൽ ഒത്തുകൂടിയത്.

കെ.എസ്.ഇ.ബി സംരക്ഷിക്കുന്നത് ആരെയാണ് ?

ടവർ 1, 2, 3, 4, 5 ലൂടെ നേരെ പോകേണ്ടിയിരുന്ന അലൈൻമെന്റ് ടവർ 3 കടന്നു പോകേണ്ടിയിരുന്ന സ്ഥലം ഉടമയെ ഒഴിവാക്കി കൊണ്ട് 6 ലേക്ക് വഴി തിരിച്ചു വിടുന്നു കാഴ്ചയാണ് ഇവിടെ കാണുന്നത്. 1,2, 3, 4,5 എന്ന പ്ലാൻ ആയിരുന്നെങ്കിൽ ഇപ്പോഴുളള ശാന്തിവനം ജൈവസമ്പത്തിന്റെ നാശനഷ്ടം മൂന്നിലൊന്നായി കുറഞ്ഞേനെ. അപ്പോഴാണ് പ്രസക്തമായ മറ്റൊരു ചോദ്യം ഉയരുന്നത്! KSEB ലിമിറ്റഡ് ആരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് 200 ലേറെ വർഷം പഴക്കമുളള ജൈവസമ്പത്ത് നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം ഒരു അലൈൻമെന്റ് തെരഞ്ഞെടുത്തത് ?

ഓരോ ടവർ ലൊക്കേഷനിൽ നിന്നും കറന്റ് ലൊക്കേഷൻ മാർക്ക് ചെയ്ത ഗൂഗിൾ മാപ്പ് കാണുമ്പോൾ തന്നെ ഈ പദ്ധതിയുടെ ഉളളുകള്ളികൾ എല്ലാവർക്കും മനസിലാകും.

ശാന്തിവനം

എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിലുള്ള 2 ഏക്കറോളം വിസ്തൃതിയുള്ള പ്രദേശം കഴിഞ്ഞ മുപ്പതിലധികം വർഷമായി ജൈവ വൈവിദ്ധ്യ ശേഖരമായി പരിപാലിച്ചുപോരുന്നതാണ്. ഈ രണ്ടേക്കറിൽ ഒരു കോണിൽ ഉടമ താമസിക്കുന്ന ചെറിയ വീടും മുറ്റവും ഒഴികെ ബാക്കി ഭാഗം മുഴുവൻ ഉൾക്കൊള്ളുന്നതാണീ വനം.

ശാന്തി വനം ഒരു ജൈവകലവറ

തീരദേശ ലോ ലാന്റ് ഫോറസ്റ്റിന്റെ അനന്യമായ ഒരു ലാക്ഷണിക മാതൃകയാണ് ശാന്തി വനം. കേരള വന ഗവേഷണ കേന്ദ്രം നടത്തിയ ഒരു കണക്കെടുപ്പിൽ 124 സ്പിഷീസ് സസ്യങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. വെള്ളപ്പയിൻ (വറ്റീരിയ ഇൻഡിക്ക ) ആഞ്ഞിലി, ചേര്, വല്ലഭം, ഇരുമ്പൂന്നി (ഹോ പിയ പൊംഗാ) തുടങ്ങി തീരദേശ നിത്യഹരിത കാവുകളുടെ ലാക്ഷണിക വൃക്ഷങ്ങളുടെ മേലാപ്പാണ് ഈ കാവിലുള്ളത്. ഇതിലെ ആഞ്ഞിലി, ചേര്, മരോട്ടി, തുടങ്ങി പല വൃക്ഷങ്ങളും പശ്ചിമഘട്ടത്തിന്റെ തനതുമരങ്ങളാണ്. നായുരിപ്പിനെയും മരച്ചെക്കിയെയും (ഇക് സോറ മലബാറിക്ക) ഐ.യു.സി.എൻ സംരക്ഷണമുൻഗണന "വൾന റബിൾ " എന്ന വിഭാഗത്തിലാണ് പരിഗണിച്ചിരിക്കുന്നത്. ഹോർത്തൂസ് മലബാറിക്കൂസിൽ ചൊറിയൻ കൊട്ടമായി പരാമർശിച്ച അമ്മിമുറിയൻ (എംബീലിയ ജെറാംകൊട്ടം) പോലുള്ള നിരവധി ഔഷധച്ചെടികൾ ഇവിടെയുണ്ട്. ' റെഡ് കാറ്റഗറിയിൽപ്പെട്ട കൂവച്ചെക്കി (മെമിസിലോൺ റാൻഡേറിയാനം) യെന്ന കാശാവ് ചെടി,സ്മിത്സോണിയ എന്ന അപൂർവവും എൻഡമിക്കുമായ ഓർക്കിഡ് തുടങ്ങി സമാനതയില്ലാത്ത സസ്യ വൈവിധ്യമാണിവിടെ. കുർകുമ ഹരിത, കുർകുമ ഇക്കൽകുറേറ്റ തുടങ്ങി മഞ്ഞളിന്റെ തന്നെ പല വന്യ ഇനങ്ങളും ഇവിടെയുണ്ട് എന്നത് ഈ ജീൻപുൾ ഭാവിയുടെ ഭക്ഷ്യ സുരക്ഷയ്ക്കു കൂടി എത്രത്തോളം പ്രയോജനപ്പെടുമെന്ന് ഓർമിപ്പിക്കുന്നു.

ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 

സ്ഥിരവാസികളും ദേശാടകരും കാടുകളിൽ മാത്രം പ്രജനനം നടത്തുന്നവയായി കരുതപ്പെടുന്നവരുമുൾപ്പെടെ എഴുപതിലേറെ പക്ഷികളെയും അപൂർവ പൂമ്പാറ്റയിനങ്ങളെയും പ്രകൃതി വിദ്യാർത്ഥികൾ ഇവിടെ നിരീക്ഷിച്ചിട്ടുണ്ട്. 2011 ജൂണിൽ NMNH (National Museum of Natural History) ന്റെ ദില്ലിയിൽനിന്നുള്ള വിദഗ്ദ്ധസംഘം മധ്യകേരളത്തിൽ പഠനത്തിനു വന്നപ്പോൾ ഈ കാവുകളെ പ്രത്യേകപ്രാധാന്യത്തോടെ കണക്കാക്കുകയും പഠനത്തിനായി ഈ കാവുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവിടെവച്ച് വിവിധ പരിസ്ഥിതിപഠനപ്രവർത്തനങ്ങളും നടത്താറുണ്ട്. ഈ സംരക്ഷിതവനത്തിന്റെ സവിശേഷതകളെയും പ്രാധാന്യത്തെയുംപറ്റി വിവിധ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും റിപ്പോർട്ടുകളും വന്നിട്ടുണ്ട്.

എന്തിനാണ് ശാന്തിവന പ്രക്ഷോഭം?

ശാന്തിവനത്തെ നശിപ്പിക്കാതെ നടപ്പിലാക്കാൻ മറ്റു വഴികൾ ഉണ്ടെന്നിരിക്കെ ശാന്തിവനത്തിന്റെ ഉടമ മീന ചേച്ചിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അഭ്യർത്ഥനകളെ തള്ളി കളഞ്ഞുകൊണ്ട് കെ.എസ്.ഇ.ബി ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കേരള സംസ്ഥാന വൈദ്യുതി ബോർഡ് മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെവി വൈദ്യുതിലൈൻ ഈ സംരക്ഷിതവനത്തിനു മുകളിലൂടെ വലിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഈ സ്ഥലത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ ആ പദ്ധതിപ്രകാരം സ്വന്തം ഭൂമിക്കു ദോഷം വരാം എന്നു കണ്ട മറ്റു ഭൂവുടമകളിൽ ചിലരുടെ (പഴയൊരു കെ.എസ്.ഇ.ബി ചെയർമാന്റെ മകന്റെ സ്ഥലമാണത്.) സ്വാധീനഫലമായി ലൈൻ വലിക്കുന്ന പാത പിന്നീടു മാറ്റി നിശ്ചയിച്ചപ്പോഴാണ് ഈ സംരക്ഷിതവനത്തിനു മുകളിലൂടെ ആയത്. ഈ വനത്തിന്റെ നടുവിൽ ടവർ വരത്തക്കവിധമാണ് ഇപ്പോഴത്തെ പദ്ധതി.

ഇതിനെതിരെ പരാതി നൽകിയപ്പോൾ വനത്തിന്റെ ഒരു അരികിൽക്കൂടി മാത്രം പോകത്തക്ക വിധത്തിൽ മറ്റൊരു പാത വൈദ്യുതി ബോർഡ് മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇതു നടപ്പാക്കാം എന്നു ധാരണയായെങ്കിലും പരാതിയിൽ തീർപ്പാക്കി എ.ഡി.എം. ഉത്തരവു പുറപ്പെടുവിച്ചപ്പോൾ എന്തുകൊണ്ടോ അതിൽനിന്നു വ്യത്യസ്തമായി വീണ്ടും വനത്തിനു നടുവിൽ ടവർ വരത്തക്കവിധമുള്ള നിർദ്ദേശം അംഗീകരിച്ചതായാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. അതോടെ, ഇതിനെതിരെ ഹൈക്കോടതിയിൽ ഉടമ റിട്ട് ഫയൽ ചെയ്തു, കൂടാതെ ഇക്കാര്യം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും ഹരിതകേരളം മിഷനും അവർ നിവേദനം നൽകി. ആ നിവേദനത്തിന്മേൽ നടപടികൾ നടക്കവേ കെ.എസ്.ഇ.ബി ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ശാന്തി വന സംരക്ഷണ കൂട്ടായ്മ

ശാന്തിവനത്തിന്റെ സ്വാഭാവിക കാട് നശിപ്പിക്കുന്നതിനെതിരെ നടന്നുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ശാന്തിവനം സംരക്ഷണ സമിതിയുടെ സംസ്ഥാന കൺവെൻഷൻ ശാന്തിവനത്തിൽ ഇന്നലെ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പരിസ്ഥിതി സംഘടനകളും വ്യക്തികളും ഇതിൽ പങ്കെടുത്തു. . ഇനിവരുന്ന ഓരോ ദിവസങ്ങളിലും ' പോകാം ശാന്തിവനത്തിലേക്ക് ' എന്നു പേരിട്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ശാന്തിവനത്തിലേക്ക് സമൂഹത്തെ സ്വാഗതം ചെയ്യുകയും വനത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്ന വിവിധ പരിപാടികൾ നടക്കുകായും ചെയ്യും. മെയ്‌ 4 ശനിയാഴ്ച്ച സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന പച്ചകെട്ടു സമരം ശാന്തിവനത്തിലെ വൃക്ഷങ്ങളിൽ അവർ പച്ച റിബണുകൾ കെട്ടി മരം മുറിക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. കെ.എസ്.ഇ.ബി ഈ നടപടിയിൽ നിന്ന് പിന്തിരിയുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് കൂട്ടായ്മയുടെ തീരുമാനം.

ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 

പിന്തുണ പ്രഖ്യാപിച്ചവർ

ജൈവവൈവിധ്യങ്ങളുടെ കലവറയായ എറണാകുളം വടക്കന് പറവൂരിലെ ശാന്തിവനത്തെ സംരക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ. 200 വര്‍ഷം പഴക്കമുള്ള ജൈവ ഭൂമിയിൽ കെ.എസ്‍.ഇ.ബി ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മീന മേനോന് പിന്തുണ പ്രഖ്യാപിച്ച് നിരവധി ആളുകള്‍ ശാന്തി വനത്തില്‍ ഒത്തുകൂടി. വഴിക്കുളങ്ങര ജംഗ്ഷൻ ചുറ്റി ശാന്തിവനത്തിൽ അവസാനിച്ച പ്രകടനത്തിന് സംരക്ഷണ സമിതി പ്രവർത്തകരായ ദിവ്യ അൽമിത്ര, ബൈജു കെ വാസുദേവൻ, രഞ്ജിത് ചിറ്റാടെ, ആദിസൂര്യൻ, എം. എൻ. പ്രവീൺകുമാർ എന്നിവർ നേതൃത്വത്തെ നൽകി. പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷയായ കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് ഡോ.വി . എസ് .വിജയൻ, സുനിൽ. പി. ഇളയിടം, എസ്. പി. രവി, വിളയോടി വേണുഗോപാൽ, ഫാ. അഗസ്റ്റിൻ വട്ടോളി, ഡോ. ഇന്ദുചൂഡൻ, ഡോ. ടി. കെ. സജീവ്‌, അനിത. എസ്, പുരുഷൻ ഏലൂർ, കെ. എം. ഹിലാൽ, ഡോ. സി. എം. ജോയ്, അരുൺ തഥാഗത് എന്നിവർ സംസാരിച്ചു .

പണി നടക്കുന്നിടത്ത് വേലി കെട്ടി യുവാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാടക കലാകാരൻ സുനിൽ ഞാറക്കൽ വ്യത്യസ്‌ത രീതിയിൽ പ്രതിഷേധിച്ചാണ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്. എറണാകുളം ജനറൽ ആശുപത്രിയുടെ മോർച്ചറി പരിസരത്തുനിന്നും പോസ്റ്റ്മാർട്ടം ചെയ്ത ശാന്തിവനത്തിന്റെ പ്രതീകാത്മക ജഡവുമായി യ സുനിൽ ഞാറക്കൽ എത്തുകയും കെ.എസ്.ഇ.ബി യുടെ പണി നടക്കുന്നിടത്ത് ഈ ജഡം പൊതുദർശനത്തിന് വയ്ക്കുകയും ചെയ്തു.

ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 
ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 

" പ്രളയം തകർത്ത കേരളത്തിൽ സർക്കാർ ഇത്തരമൊരു അധാർമികമായ കാര്യം ചെയ്യുമെന്ന് താൻ ഒരിക്കലും വിചാരിച്ചില്ല" എന്ന് ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ച കെ.ആർ മീര പറഞ്ഞു. പ്രശസ്ത മ്യൂസിക് ബാന്റ് ആയ ഊരാളി ചടങ്ങിന് ഐക്യദാർഢ്യ പ്രഖ്യാപിച്ചുകൊണ്ട് എത്തിച്ചേർന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഷയമറിഞ്ഞ് നിരവധി ആളുകൾ സമരത്തിന് പിന്തുണനയുമായി ശാന്തിവനത്തിൽ എത്തുന്നുണ്ട്.