LiveTV

Live

Kerala

സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

അനധിക‌ൃത മണൽ വിൽപ്പനയിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് നടപടി

സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

സിഡ്കോ മുൻ എം‍.ഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. വ്യവസായമന്ത്രിയാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. അനധിക‌ൃത മണൽ വിൽപ്പനയിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് നടപടി.

സിഡ്കോ എം.ഡിയായിരിക്കെ മേനംകുളത്തെ വ്യവസായ വകുപ്പിന്റെ ഭൂമിയിൽ നിന്ന് മണൽ അനധികൃതമായി വിറ്റ കേസിലാണ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. 11 കോടിയോളം രൂപയുടെ നഷ്ടം മണൽ വിൽപ്പനയിലൂടെ സർക്കാറിനുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് 2 എസ്.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ അനുമതി നൽകിയത്.

ടെലികോം സിറ്റിക്കു വേണ്ടിയുളള ഭൂവികസനത്തിന് സിഡികോയുടെ ഭൂമിയിൽ നിന്ന് മണൽ നീക്കുന്നതിന്റെ മറവിൽ കരാറുകാരുമായി ഒത്തുകളിച്ച് അനധികൃത വിൽപ്പന നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. സജി ബഷീറിനൊപ്പം സിഡ്കോ ഡെപ്യൂട്ടി മാനേജർ അജിത്തിനെതിരെയും നടപടിക്ക് അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‍.പി അബ്ദുള്‍ റഷീദ് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നത്.

ആറു മാസം കഴിഞ്ഞിട്ടും സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായ വകുപ്പിന്റെ നടപടി. അഴിമതി ആരോപണത്തിന്റെ പേരിൽ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന സജി ബഷീറിനെ കെർപാം എം.ഡി സ്ഥാനത്ത് നിയോഗിച്ചിരുന്നെങ്കിലും ആരോപണമുയർന്നതോടെ പിന്നീട് പുറത്താക്കി.