LiveTV

Live

Kerala

കണ്ണൂര്‍ ചക്കരക്കല്ലില്‍ സദാചാര ഗുണ്ടായിസം; വീട്ടമ്മയെ ഫോണ്‍ വിളിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം 

യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് ഇരിവേരി സ്വദേശി സാജിദ് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.

കണ്ണൂര്‍ ചക്കരക്കല്ലില്‍ സദാചാര ഗുണ്ടായിസം; വീട്ടമ്മയെ ഫോണ്‍ വിളിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം 

കണ്ണൂര്‍ ചക്കരക്കല്ലില്‍ സദാചാര ഗുണ്ടായിസം. വീട്ടമ്മയെ ഫോണ്‍ ചെയ്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് യുവാവ് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

ചക്കരക്കല്ല് ഇരിവേരി സ്വദേശി സാജിദിനെ കഴിഞ്ഞ 20നാണ് ഒരു സംഘം ആളുകള്‍ വീട്ടിലാക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയത്. കാറില്‍ കയറ്റി കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടമ്മയായ യുവതിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിനടുത്തുള്ള റോഡില്‍ ഇറക്കിവിട്ടു. പിന്നീട് അക്രമിസംഘം പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ സാജിദിന്റെ ഭാര്യക്ക് അയച്ചു. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് ആക്രമണത്തിന് പിന്നിലെന്ന് സാജിദ് ആരോപിച്ചു.

ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും സാജിദ് പറഞ്ഞു. മര്‍ദ്ദനമേറ്റതിന്റെ പിറ്റെദിവസം മുതല്‍ മൂന്ന് ദിവസം സാജിദ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.