LiveTV

Live

Kerala

ജോര്‍ജ് ആലഞ്ചേരിക്കെതിരെ സിനഡില്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ വ്യാജം 

കര്‍ദിനാളിന് രേഖയില്‍ ആരോപിക്കുന്ന ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി..

ജോര്‍ജ് ആലഞ്ചേരിക്കെതിരെ സിനഡില്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ വ്യാജം 

സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സിനഡില്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞു. കര്‍ദിനാളിന് രേഖയില്‍ ആരോപിക്കുന്ന ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ കര്‍ദിനാളിന്റെയും പരാതിക്കാരനായ ഫാദര്‍ ജോബി മപ്രക്കാവിലിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

2019 ജനുവരി 7 മുതല്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡിലാണ് കേസിനാസ്പദമായ രേഖകള്‍ മുന്‍ സഭാ വക്താവ് കൂടിയായ ഫാദര്‍ പോള്‍ തേലക്കാട്ട് ഹാജരാക്കിയത്. എറണാകുളത്തെ ചില ബിസിനസുകാരുമായി മാര്‍ ആലഞ്ചേരിക്ക് ഇടപാടുകള്‍ ഉണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക കൈമാറ്റം ഇതിലൂടെ നടന്നിട്ടുണ്ടെന്നും ആരോപിക്കുന്നതായിരുന്നു ഈ ബാങ്ക് രേഖകള്‍.

രേഖകളുടെ വസ്തുത പരിശോധിക്കാന്‍ സിറോ മലബാര്‍ ചര്‍ച്ച് ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോബി മപ്രക്കാവിലിനെ സിന‍ഡ് ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, രേഖകള്‍ ലഭിച്ച ബിഷപ്പ് ജേക്കബ് മനത്തോടത്തിനും രേഖകള്‍ സമര്‍പ്പിച്ച പോള്‍ തേലക്കാട്ടിനുമെതിരെ ജോബി മപ്രക്കാവില്‍ കേസ് കൊടുത്തതോടെയാണ് സംഭവം വിവാദമായത്.

പിന്നീട് വൈദികര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുകയും രേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തു. പുതിയ പരാതിയില്‍ തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു ബാങ്ക് അക്കൗണ്ട് നിലവിലില്ലെന്ന് കണ്ടെത്തി. പണമിടപാട് സംബന്ധിച്ച് ഹാജരാക്കിയ എല്ലാ രേഖകളും കൃത്രിമമാണെന്നും തെളിഞ്ഞു.

അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുന്നോടിയായി അന്വേഷണസംഘം കര്‍ദിനാളിന്റെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തി. വ്യാജരേഖ ആരോപണത്തിന്റെ പേരില്‍ സഭ രണ്ട് തട്ടിലാകുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. വൈദികര്‍ക്കെതിരെ പരാതി നല്‍കിയ ഫാദര്‍ ജോബി മപ്രക്കാവിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വൈദികസമിതിയടക്കം പരസ്യമായി രംഗത്ത് വന്നിരുന്നു.