LiveTV

Live

Kerala

കല്ലട ബസിലെ മര്‍ദനം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

ബസുകളിലെ പരിശോധന തുടരുന്നു. അന്തര്‍സംസ്ഥാന ബസുകളില്‍ ഇന്നലെ രാത്രി മുതല്‍ നടത്തിയ പരിശോധനയില്‍ 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 കല്ലട ബസിലെ മര്‍ദനം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴ് പ്രതികളെ വൈറ്റിലയിലെ ഓഫീസിലും മര്‍ദനം നടന്ന സ്ഥലത്തും എത്തിച്ചാണ് തെളിവെടുത്തത്. ബസുടമ സുരേഷ് കല്ലടക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം അന്തര്‍സംസ്ഥാന ബസുകളിലെ പരിശോധന തുടരുകയാണ്.

രാവിലെ 11 മണിയോടെയാണ് പ്രതികളെ സംഭവസ്ഥലമായ വൈറ്റിലയിലെത്തിച്ചത്. 7 പ്രതികളില്‍ രണ്ട് ഡ്രൈവര്‍മാരൊഴികെയുള്ളവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഓരോരുത്തരെയായാണ് സംഭവം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നത്. കല്ലട ബസിന്‍റെ വൈറ്റിലയിലെ ഓഫീസ്, മര്‍ദനം നടന്ന സ്ഥലം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ബസുടമ സുരേഷ് കല്ലടക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എ.സി.പി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു

കഴിഞ്ഞയാഴ്ചയാണ് ബത്തേരി സ്വദേശി സച്ചിന്‍ സഹയാത്രക്കാരായ അഷ്കര്‍, അജയഗോഷ് എന്നിവരെ കല്ലട ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. അതേ സമയം അന്തര്‍സംസ്ഥാന ബസുകളില്‍ ഇന്നലെ രാത്രി മുതല്‍ നടത്തിയ പരിശോധനയില്‍ 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 505000 പിഴ ഈടാക്കി. 143 ഓഫീസുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.