LiveTV

Live

Kerala

ഇന്നവർ വീണ്ടും ഒരുമിച്ചു; നമുക്ക് വേണ്ടി; നാളേക്ക് വേണ്ടി  

ശരിയായ മാർഗവും, ചിലവ് കുറഞ്ഞ മാർഗവും നേരെ തന്നെയാണ് എന്നിരിക്കെ എന്തിനാണ് കെ.എസ്.ഇ.ബി ചിലവ് കൂടിയ വളഞ്ഞ മാർഗം തെരഞ്ഞെടുത്തത്?

ഇന്നവർ വീണ്ടും ഒരുമിച്ചു; നമുക്ക് വേണ്ടി; നാളേക്ക് വേണ്ടി  

ജൈവ വൈവിധ്യം നിറഞ്ഞ, ഒരു നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വർത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, ഇനി വരുന്ന തലമുറയുടെ കൂടി ആവശ്യമാണ്. അതിനാൽ ശാന്തിവനത്തിനു വേണ്ടിയുള്ള ഓരോ വിരലനക്കങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ശാന്തി വനസംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർ വികസന വിരോധികൾ അല്ല. മറിച്ച് ശാന്തിവനത്തെ നശിപ്പിക്കാതെ നടപ്പിലാക്കാൻ മറ്റു വഴികൾ ഉണ്ടെന്നിരിക്കെ ചെയ്യുന്ന സ്വാർത്ഥ നടപടികൾക്ക് എതിരെയാണ് സംരക്ഷകര്‍.

ശാന്തിവനത്തെ നശിപ്പിക്കാതെ നടപ്പിലാക്കാൻ മറ്റു വഴികൾ ഉണ്ടെന്നിരിക്കെ ശാന്തിവനത്തിന്റെ ഉടമ മീന ചേച്ചിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അഭ്യർത്ഥനകളെ തള്ളി കളഞ്ഞുകൊണ്ട് കെ.എസ്.ഇ.ബി ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ജൈവ വൈവിധ്യം നിറഞ്ഞ, ആ നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വർത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, ഇനി വരുന്ന തലമുറയുടെ കൂടി ആവശ്യമാണ്. അതിനാൽ ശാന്തിവനത്തിനു വേണ്ടിയുള്ള ഓരോ വിരലനക്കങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.

കേരള സംസ്ഥാന വൈദ്യുതി ബോർഡ് മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെവി വൈദ്യുതിലൈൻ ഈ സംരക്ഷിതവനത്തിനു മുകളിലൂടെ വലിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഈ സ്ഥലത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ ആ പദ്ധതിപ്രകാരം സ്വന്തം ഭൂമിക്കു ദോഷം വരാം എന്നു കണ്ട മറ്റു ഭൂവുടമകളിൽ ചിലരുടെ (പഴയൊരു കെ.എസ്.ഇ.ബി ചെയർമാന്റെ മകന്റെ സ്ഥലമാണത്.) സ്വാധീനഫലമായി ലൈൻ വലിക്കുന്ന പാത പിന്നീടു മാറ്റി നിശ്ചയിച്ചപ്പോഴാണ് ഈ സംരക്ഷിതവനത്തിനു മുകളിലൂടെ ആയത്. ഈ വനത്തിന്റെ നടുവിൽ ടവർ വരത്തക്കവിധമാണ് ഇപ്പോഴത്തെ പദ്ധതി.

കെ.എസ്.ഇ.ബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം
കെ.എസ്.ഇ.ബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

ഇതിനെതിരെ പരാതി നൽകിയപ്പോൾ വനത്തിന്റെ ഒരു അരികിൽക്കൂടി മാത്രം പോകത്തക്ക വിധത്തിൽ മറ്റൊരു പാത വൈദ്യുതി ബോർഡ് മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇതു നടപ്പാക്കാം എന്നു ധാരണയായെങ്കിലും പരാതിയിൽ തീർപ്പാക്കി എ.ഡി.എം. ഉത്തരവു പുറപ്പെടുവിച്ചപ്പോൾ എന്തുകൊണ്ടോ അതിൽനിന്നു വ്യത്യസ്തമായി വീണ്ടും വനത്തിനു നടുവിൽ ടവർ വരത്തക്കവിധമുള്ള നിർദ്ദേശം അംഗീകരിച്ചതായാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. അതോടെ, ഇതിനെതിരെ ഹൈക്കോടതിയിൽ ഉടമ റിട്ട് ഫയൽ ചെയ്തു, കൂടാതെ ഇക്കാര്യം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും ഹരിതകേരളം മിഷനും അവർ നിവേദനം നൽകി. ആ നിവേദനത്തിന്മേൽ നടപടികൾ നടക്കവേ കെ.എസ്.ഇ.ബി ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മരങ്ങൾ അനവധി മുറിച്ചുമാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇനിയും എത്രയെത്ര മരങ്ങൾ മണ്ണടിയാനിരിക്കുന്നു.

കെ.എസ്.ഇ.ബിയുടെ 110 കെ.വി പവർ ലൈൻ ശരിക്കും പോകേണ്ടത് നേരെയാണ് പക്ഷെ ശാന്തിവനത്തിനടുത്ത്‌ എത്തിയപ്പോൾ മാത്രം ഒരു വഴിത്തിരിവ്... ശരിയായ മാർഗവും, ചിലവ് കുറഞ്ഞ മാർഗവും നേരെ തന്നെയാണ് എന്നിരിക്കെ എന്തിനാണ് കെ.എസ്.ഇ.ബി ചിലവ് കൂടിയ വളഞ്ഞ മാർഗം തിരഞ്ഞെടുത്തത്? എന്തുകൊണ്ട് അതീവ ജൈവ സമ്പത്തുള്ള ഈ പ്രദേശം സംരക്ഷിക്കാൻ അധികൃതർ തയ്യാറാവുന്നില്ല? കാടും മരവും കുളങ്ങളും എല്ലാം നശിപ്പിച്ചു ഈ വികസനം കൊണ്ട് വരുന്ന തലമുറയ്ക്ക് ജീവിതം സാധ്യമാകുമോ? ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ ജലവും ഇല്ലാതാക്കി ഈ വികസനങ്ങൾ ആർക്കു വേണ്ടി?

ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം കണ്ടെത്തിയവർ ആണ് ഇന്ന് ശാന്തിവനത്തിൽ വീണ്ടും ഒത്തുകൂടിയിട്ടുള്ളത്. ഈ തലമുറയുടെയും വരും തലമുറക്ക് വേണ്ടിയും ആണ് അവർ പോരാടുന്നത്. അത് കാണാൻ പലർക്കും സമയമില്ല. അല്ലെങ്കിൽ ബന്ധപ്പെട്ടവർ മനഃപ്പൂർവം കണ്ടില്ലെന്ന്‌ നടിക്കുന്നു. എക്സ്ക്ലുസീവ് വാർത്തകൾ മാത്രം തേടിപോകുന്നത് കൊണ്ടായിരിക്കാം സോഷ്യൽ മീഡിയ മാധ്യമങ്ങൾ ഒഴിച്ച്‌ മറ്റ്‌ മാധ്യമങ്ങളൊന്നും ഇതിന് പ്രാധാന്യം നൽകിയിട്ടില്ല.

ശാന്തിവനം സംരക്ഷിക്കുന്നതിനായുള്ള നാട്ടുകാരുടെ പ്രതിഷേധം
ശാന്തിവനം സംരക്ഷിക്കുന്നതിനായുള്ള നാട്ടുകാരുടെ പ്രതിഷേധം

മീനചേച്ചിയും പ്രകൃതി സ്നേഹികളായവരും വിദ്യാർത്ഥികളും നാട്ടുകാരും... അങ്ങനെ സംരക്ഷണത്തിനായി ഒരുകൂട്ടർ ഒന്നിച്ചപ്പോൾ അവർക്കൊപ്പം ഐക്യദാർഢ്യം നൽകികൊണ്ട് ഊരാളി ടീമും ഇന്ന് പാടി പ്രതിഷേധം അറിയിക്കുകയുണ്ടായി.

ഇനിയും സമയം കളയാതെ നമുക്കും അവർക്കൊപ്പം പങ്കുചേരാം. ഈ വൈകിയ നിമിഷത്തിലും നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ പലതുമുണ്ട്. വലിയൊരു നിലനിൽപ്പിനായി നമ്മൾ ഒത്തുചേരുകയാണെങ്കിൽ വൈകാതെ ശാന്തിവനത്തെ കൊലയാളികളിൽ നിന്നും മോചിപ്പിക്കാം. ഒത്തുചേരുക... അണിനിരക്കുക... ശാന്തിവനത്തിന്റെ നിലനിൽപ്പിനായി... കൂടെ നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിനായി...