LiveTV

Live

Kerala

കാണാതായ വിമുക്ത ഭടനെ കൊന്ന് കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി

പണമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണം

കാണാതായ വിമുക്ത ഭടനെ കൊന്ന് കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി

ആലപ്പുഴ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ വിമുക്ത ഭടനെ കൊന്ന് കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. പണമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണം. പളളിപ്പാട് സ്വദേശികളായ ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവരെ പൊലീസ് പിടികൂടി. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോർട്ടവും ആവശ്യമെങ്കിൽ DNA പരിശോധനയും നടത്തും.

കഴിഞ്ഞ പത്താം തിയതിയാണ് പള്ളിപ്പാട് സ്വദേശി രാജനെ കാണാതാവുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഒരു ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽ നിന്നും പോയ രാജനെ പിന്നീട് കണ്ടില്ല. ഫോണും സ്വിച്ച് ഓഫ് അയിരുന്നു. തടിക്കച്ചവടക്കാരനായ രാജൻ പലർക്കും വലിയ തുക പലിശയ്ക്കും നൽകിയിരുന്നു. ഇത്തരക്കാരിൽ ആരെങ്കിലുമാവാം വിളിച്ചിറക്കിക്കൊണ് പോയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് പള്ളിപ്പാട് സ്വദേശി ശ്രീകാന്ത് പിടിയിലായി.

ഇയാളുടെ സുഹൃത്തുക്കളായ രാജേഷ് വിഷ്ണു എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂവരും ചേർന്ന് രാജനെ കാറിൽ കയറ്റി കൊണ്ടു പോകുന്നത് CCTV യിൽ പതിഞ്ഞത് കേസിൽ വഴിത്തിരിവായി. ശ്രീകാന്തും രാജേഷും രാജനിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. രാജൻ പണം ആവശ്യപ്പെട്ടതോടെ ഇയാളെ കൊല്ലാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. കാറിൽ വച്ച് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയ ശേഷം രാജനെ ഇവർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാത്രിയിൽ പളളിപ്പാട്ടെ ആളൊഴിഞ്ഞ പറമ്പിൽ പ്രതികൾ മൃതദേഹം മറവ് ചെയ്തു. പ്രതികളുമായെത്തിയാണ് പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടിന് അയച്ചത്.