LiveTV

Live

Kerala

തോട്ടം തൊഴിലാളികളുടെ സമരം ശക്തമാകുന്നു

സ്വന്തമായി മൂന്ന് സെന്‍റ് ഭൂമി കിട്ടിയില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്നും തോട്ടം തൊഴിലാളികള്‍ പറഞ്ഞു

തോട്ടം തൊഴിലാളികളുടെ സമരം ശക്തമാകുന്നു

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ തോട്ടം തൊഴിലാളികളുടെ കുടില്‍ കെട്ടിയുള്ള സമരം ശക്തമാകുന്നു. നൂറ്റിഅന്‍പതിലേറെ കുടിലുകള്‍ കെട്ടിയാണ് സമരം. സ്വന്തമായി മൂന്ന് സെന്‍റ് ഭൂമി കിട്ടിയില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്നും തോട്ടം തൊഴിലാളികള്‍ പറഞ്ഞു.

ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഭൂരഹിതരായ തോട്ടം തൊഴിലാളികളുടെ സമരം ഒരാഴ്ച പിന്നിടുകയാണ്. സമരം ശക്തമാകുന്നതോടെ കൂടുതല്‍ തോട്ടം തൊഴിലാളികള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പരസ്യമായി അവര്‍ രംഗത്തെത്തിയിട്ടില്ല. ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് മൂന്ന് സെന്‍റ് ഭൂമി വീതം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.

പഞ്ചായത്തില്‍ നിന്നടക്കം അവഗണനയാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. അധികൃതര്‍ സമരത്തിനോട് മുഖം തിരിച്ചിരിക്കുന്നതിനാല്‍ മരണം വരെ നിരാഹാര സമരം തുടങ്ങുമെന്നും തൊഴിലാളികള്‍ പറയുന്നു. നേരത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനാംഗങ്ങളും കുടില്‍ പൊളിക്കാനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സംഘം മടങ്ങിയിരുന്നു.