LiveTV

Live

Kerala

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’

പാനായിക്കുളം കേസില്‍ ജയില്‍മോചിതനായ അബ്ദുല്‍ റാസികുമായി മീഡിയവണ്‍ സീനിയര്‍ വെബ് ജേര്‍ണലിസ്റ്റ് ഖാസിദ കലാം നടത്തിയ അഭിമുഖം.

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’

2006 ആഗസ്റ്റ് 15 നാണ് പാനായിക്കുളം സിമി കേസ് എന്നൊരു കേസിനെ കുറിച്ച് മലയാളികള്‍ കേള്‍ക്കുന്നത്. ആ കേസില്‍ 18 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 13 പേരെ എന്‍.ഐ.എ വിചാരണ കോടതി 2015 ല്‍ വെറുതെ വിട്ടു... 5 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി, ശിക്ഷിച്ചു.

ഈ വിധിയാണ് 2019 ഏപ്രില്‍ 12 ന് ഹൈക്കോടതി റദ്ദ് ചെയ്തത്. ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‍വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് എന്‍.ഐ.എ കോടതി ശിക്ഷിച്ചത്.

റാസിഖിനും ശാദുലിക്കും 14 വർഷവും മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുൽ റാസിക്, അൻസാർ നദ്‍വി എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീൻ, ഷംനാസ് എന്നിവർക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കേസി‍ലെ മറ്റു പ്രതികളായ തൃശൂർ എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ ഷമീർ, അഴീക്കോട് കടകത്തകത്ത് അബ്ദുൾ ഹക്കീം, ഇടുക്കി ഉടുമ്പുഞ്ചോല മുണ്ടിക്കുന്നേൽ നിസാർ, കോതമംഗലം പോത്താനിക്കാട് പല്ലാരിമംഗലം ഉളിയാട്ട് താഹ എന്ന മൊഹിയുദ്ദീൻകുട്ടി, പറവൂർ കരുമാലൂർ കാട്ടിപ്പറമ്പിൽ മുഹമ്മദ് നിസാർ, അഴീക്കോട് ഇളംതുരത്തി വീട്ടിൽ അഷ്കർ, അഴീക്കോട് എട്ടുതെങ്ങുപറമ്പിൽ നിസാർ എന്ന മുഹമ്മദ് നിസാർ, ആലുവ പാനായിക്കുളം മഠത്തിൽ ഹാഷിം, ആയക്കാട് തൃക്കാരിയൂർ ചിറ്റേത്തുകുടിയിൽ റിയാസ്, ആലുവ മാരംപിള്ളി പള്ളിപ്പുറം മുടിക്കൽ കൊല്ലൻകുടിയിൽ മുഹമ്മദ് നൈസാം, കടുങ്ങല്ലൂർ വെട്ടുവേലിൽ വീട്ടിൽ നിസാർ എന്നിവരെ കീഴ്‍‍ക്കോടതി വിട്ടയച്ചതിനെതിരെ എൻ.ഐ.എ സമർപ്പിച്ച അപ്പീ‍ലും ഡിവിഷൻ ബെഞ്ച് തള്ളി.

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’
2006 ലെ സ്വാതന്ത്ര്യദിനത്തില്‍ എറണാകുളം ആലുവയ്ക്കടുത്ത് പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മ ചേര്‍ന്ന ഒരു യോഗം, അതുപിന്നെ എങ്ങനെയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ തീവ്രവാദ കേസ് ആയി മാറുന്നത്...? ഒരു പ്രാദേശിക സംഘടനയിലെ യുവാക്കള്‍ എങ്ങനെയാണ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ആയി മാറിയത്...? ‘’സ്വാതന്ത്ര്യദിനത്തില്‍ മുസ്‍ലിംകളുടെ പങ്ക്’’ എന്ന പേരില്‍ നടത്തിയ ചര്‍ച്ച എങ്ങനെയാണ് രാജ്യത്തിനെതിരെയുള്ള ആഹ്വാനമായി മാറിയത്...? തങ്ങളുടെ ജീവിതത്തില്‍ കഴിഞ്ഞുപോയ നീണ്ട 13 വര്‍ഷങ്ങളെകുറിച്ച് കേസിലെ രണ്ടാം പ്രതിയായിരുന്നു അബ്ദുല്‍ റാസിക് സംസാരിക്കുന്നു...

എന്താണ് 2006 ല്‍ സംഭവിക്കുന്നത്...?

2002 ലാണ് ഞാന്‍ എന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്... എം.എയും ബി.എഡും ചെയ്തു. ജേര്‍ണലിസത്തില്‍ ഡിപ്ലോമയുണ്ട്.. അതിന് ശേഷം കോഴിക്കോട് ഒരു സ്വകാര്യസ്ഥാപനത്തില്‍ പബ്ലിഷിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. 2006 വരെ നാട്ടിലെ പൊതുരംഗങ്ങളിലെല്ലാം, അതായത് മത-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെല്ലാം ഒരുപോലെ വളരെ സജീവമായി ഇടപെട്ടിരുന്നു.

2006 ആഗസ്റ്റ് 15 നാണ് പാനായിക്കുളം സിമിക്യാമ്പ് എന്നൊരു കേസ് തുടങ്ങുന്നത്... ഒരു സ്വാതന്ത്ര്യദിന സെമിനാറുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസിന്‍റെ തുടക്കം. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയം എന്ന ഹാളില്‍ ഒരു പ്രോഗ്രാം നടന്നു എന്നും ആ പ്രോഗ്രാം രാജ്യദ്രോഹപരമായ പരിപാടി ആയിരുന്നുവെന്നുമായിരുന്നു കേസ് എടുക്കാനുള്ള അടിസ്ഥാനപരമായ കാരണങ്ങളായി പൊലീസ് പറഞ്ഞിരുന്നത്.

ഒരു പൊതു ഇടത്തില്‍ നടന്ന ഒരു പരിപാടി, പിന്നെ ഇതെങ്ങനെയാണ് രഹസ്യയോഗമായി മാറുന്നത്?

പാനായിക്കുളത്തെ ഒരു പ്രാദേശിക കൂട്ടായ്മ നടത്തിയ പരിപാടിയായിരുന്നു അത്. അതിലേക്ക് സിമിയെ കൂട്ടിക്കെട്ടുകയായിരുന്നു പൊലീസ്... 2001ലാണ് സിമിയെ കേന്ദ്രം നിരോധിക്കുന്നത്. സിമി പ്രവര്‍ത്തകരുടെ രഹസ്യപ്രോഗ്രാം എന്ന നിലയിലാണ് പൊലീസ് പിന്നീട് ഇതിന്‍റെ കഥ രൂപപ്പെടുത്തുന്നത്. തികച്ചും പബ്ലിക്കായ ഒരിടമാണത്. പാനായിക്കുളം ഹൈവേയിലാണ് ആ ഓഡിറ്റോറിയം ഉള്ളത്. ബിനാനിപുരം പൊലീസ് സ്റ്റേഷനിലാണ് ഈ കേസിന്‍റെ നടപടിക്രമങ്ങള്‍ നടക്കുന്നത്.

ബിനാനിപുരം പൊലീസ് സ്റ്റേഷനില്‍ ഇങ്ങനെ കുറച്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് കാണിച്ച് പൊലീസിന്‍റെ ഉന്നത കേന്ദ്രങ്ങളിലേക്ക് ചില സന്ദേശങ്ങള്‍ പോകുകയും അവിടെയുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു, ആ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടക്കുന്നതിനൊപ്പം തന്നെ സ്റ്റേഷനിലേക്ക് ചില ചാനല്‍പ്രവര്‍ത്തകര്‍ എത്തുകയും ചെയ്തു. എല്ലാം തയ്യാറാക്കിയ തിരക്കഥ പോലെയുള്ള അനുഭവമാണ് ഞങ്ങളെ സംബന്ധിച്ച് ഈ കേസിലുണ്ടായത്.

അന്ന് 18 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഞങ്ങള്‍ അത്ര പേര്‍ മാത്രമാണ് അന്ന് ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നതും. സംശയാസ്പദമായ ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്, ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ട് വിടാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാണ് പൊലീസ് വരുന്നതും ഞങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതും... പിന്നീട് ഈ കേസ് ഞങ്ങളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച പൊലീസുകാരുടെ കയ്യിലൊന്നും നില്‍ക്കാത്ത തരത്തില്‍ രൂപമാറ്റം സംഭവിച്ചാണ് പാനായിക്കുളം സിമി ക്യാമ്പ് കേസ് ആയി മാറുന്നത്. അന്ന് അവിടെ സ്ഥലത്തുണ്ടായിരുന്ന റഷീദ് മൌലവി എന്നൊരാളെ പരാതിക്കാരനാക്കി വെച്ചാണ് പൊലീസ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്.

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’

എന്തൊക്കെയാണ് നിങ്ങളില്‍ ആരോപിക്കപ്പെട്ട പ്രധാന കുറ്റങ്ങള്‍?

ഈ കേസില്‍ ഒന്നര മണിക്കൂര്‍ വീതം രണ്ട് പ്രസംഗങ്ങള്‍ നടന്നു എന്നാണ് ആരോപിക്കപ്പെട്ടിരുന്ന പ്രധാന കുറ്റം. രണ്ടുപേര്‍ ഒന്നര മണിക്കൂര്‍ വീതം പ്രസംഗിച്ചു. ഒന്ന്, രണ്ടാം പ്രതിയായ ഞാന്‍. രണ്ട്, മൂന്നാം പ്രതിയായ അന്‍സാര്‍ നദ്‍വി. ഞങ്ങളാണ് പ്രോഗ്രാമില്‍ പ്രസംഗിച്ചത് എന്നാണ് പറയപ്പെടുന്നത്. ഞാന്‍ പ്രസംഗിച്ചു എന്ന് പറയുന്ന ആദ്യത്തെ ഒന്നര മണിക്കൂറും, അന്‍സാര്‍ നദ്‍വി പ്രസംഗിച്ചു എന്ന് പറയുന്ന രണ്ടാമത്തെ ഒന്നര മണിക്കൂറിലെ, അവസാനത്തെ അ‍ഞ്ചുമിനിറ്റ് ഒഴികെയുള്ള ഭാഗങ്ങളും ആകെ കേട്ടിട്ടുള്ളത് ഈ പരാതിക്കാരനായ റഷീദ് മൌലവിയാണ്. അവസാനത്തെ അഞ്ചുമിനിറ്റ്, അതായത് 10 മണിക്ക് തുടങ്ങിയ പരിപാടി ഒരു മണിയാകുന്നതിന് തൊട്ടുമുമ്പ്, 12.55 ന് പൊലീസ് അവിടെ എത്തുകയും, പൊലീസ് പ്രസംഗത്തില്‍ കേട്ടതെന്ന് പറയപ്പെടുന്ന കാര്യങ്ങളുമാണ് ഈ കേസിന് അടിസ്ഥാനമായി പിന്നെ ഉണ്ടായത്.

തിരക്കേറിയ ഒരു പ്രദേശത്ത് നില്‍ക്കുന്ന ഒരു ഓഡിറ്റോറിയം, റോഡരികില്‍ തന്നെയുള്ള ഒരു കെട്ടിടം, എന്നിട്ടും മറ്റൊരു സാക്ഷിയെ പൊലീസ് ഹാജരാക്കാതെ, അവസാനത്തെ അഞ്ചുമിനിറ്റ് പൊലീസ് കേട്ടു എന്ന് പറയുന്ന കാര്യങ്ങള്‍ മാത്രം വെച്ചാണ് ഈ കേസിന്‍റെ കഥകള്‍ നീങ്ങുന്നത്. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കണം, മുഗളന്മാരുടെയും നിസാന്മാരുടെയും ഭരണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരണം, ഈ രാജ്യത്തെ സിമിയിലൂടെ മോചിപ്പിക്കണം എന്നൊക്കെയാണ് ഞങ്ങള്‍ പ്രസംഗിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്... പൊലീസുകാരായ സാക്ഷികള്‍ പറഞ്ഞ അവസാനത്തെ അഞ്ചുമിനിറ്റും, 3 മണിക്കൂര്‍ പ്രസംഗം മുഴുവന്‍ കേട്ട റഷീദ് മൌലവി പറഞ്ഞതും ഈ മൂന്ന് പോയിന്‍റുകള്‍ മാത്രമാണ്.

നിങ്ങള്‍ 18 പേരില്‍ നിന്ന് തന്നെ പരാതിക്കാരനുണ്ടാകുക, അയാള്‍ പിന്നെ മാപ്പുസാക്ഷിയായി മാറുക.. അല്ലേ?

അതേ, റഷീദ് മൌലവിയുടെ പരാതിയിന്മേലാണ് ഇങ്ങനൊരു കേസ് ഉണ്ടാകുന്നത് എന്നാണ് പൊലീസ് ഭാഷ്യം. അതുകൊണ്ടാണ് യോഗം നടക്കുന്നിടത്തേക്ക് എത്തിയത് എന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ആഗസ്റ്റ് 15 ന് കൊടുത്ത പരാതി തെറ്റായിരുന്നുവെന്നും അപ്പോഴുണ്ടായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമായതിനാല്‍ പറഞ്ഞ കാര്യങ്ങള്‍ പരിപൂര്‍ണമായി ശരിയായിരുന്നില്ലെന്നും അതുകൊണ്ട് വീണ്ടുമൊരു പരാതി നല്‍കുകയാണെന്നും കാണിച്ച് റഷീദ് മൌലവിയുടെ പേരില്‍ 2015 ആഗസ്റ്റ് 16 ന് വീണ്ടും പരാതി വരുന്നു. തീര്‍ത്തും ഒരു പുതിയ പരാതി.

നേരത്തെ പറഞ്ഞ കാര്യങ്ങളൊന്നുമല്ല ഈ പരാതിയിലുള്ളത്. റഷീദ് മൌലവിയുടെ പേരിലുള്ള രണ്ടാമത്തെ പരാതിക്കുവേണ്ടി, ഏതൊക്കെയോ ഗൂഢ ശക്തികള്‍ ഇടപെടുകയും പരാതിക്ക് രൂപമാറ്റം വരികയുമായിരുന്നു. അങ്ങനെ അന്ന് ഉണ്ടായിരുന്ന 18 ല്‍ 5 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ബാക്കി 13 പേരെ വിട്ടയക്കുകയും ചെയ്തു. ഈ അഞ്ചുപേരെയും 16ാം തീയതി രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി, അവരെ ആലുവാ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. അതിലൊരാളായിരുന്നു ഞാന്‍.

ഇതിനും രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അന്ന് അതില്‍ പങ്കെടുത്ത അഞ്ചുപേരില്‍ നിന്ന് നിരോധിത സംഘടനയുടെ സാഹിത്യങ്ങള്‍ പിടിച്ചെടുക്കപ്പെട്ടു എന്ന് പറഞ്ഞ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പൊലീസ് സമര്‍പ്പിക്കുന്നത്. ഞങ്ങള്‍ ഇത്രപേരെ പിടിച്ചിട്ടും ഒരാളുടെ പോലും സ്പോട്ട് അറസ്റ്റ് ഉണ്ടായിട്ടില്ല, 18 പേര്‍ എന്ന് പറയുന്നത് വലിയൊരു സംഖ്യയൊന്നുമല്ല, വളരെ തിരക്കേറിയ ഒരു പ്രദേശത്താണ് ഞങ്ങള്‍ യോഗം ചേര്‍ന്ന ഓഡിറ്റോറിയം നില്‍ക്കുന്നത്. ഒരുപാട് കച്ചവടസ്ഥാപനങ്ങള്‍ അതിന് സമീപത്തുണ്ട്, അതിലൊക്കെയായി ഒരുപാട് ആളുകളുമുണ്ട്... ഒരു മാസ്റ്റര്‍ സാക്ഷിയെ സംഘടിപ്പിച്ച്, അവിടെ റെയ്ഡ് നടത്തി, ഈ രേഖകള്‍ക്കൊക്കെ തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല.

ഓരോ ദിവസവും പുതിയ പുതിയ കഥകള്‍ രൂപപ്പെടുത്തി ഈ കേസിന് ഒരു ഭീകരമുഖം നല്‍കുകയായിരുന്നു പൊലീസ്. 64 ദിവസമാണ് ഞങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിഞ്ഞത്. ആലുവ സബ്‌ജയിലില്‍ ഒരു മാസവും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു മാസവും. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കഴിഞ്ഞപ്പോള്‍ ജാമ്യത്തിനുള്ള അപേക്ഷ ഞങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു, ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജയിംസിന്‍റെ ബെഞ്ചാണ് അന്ന് ജാമ്യം നല്‍കിയയത്. പ്രതികളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ കൂടി മതിയായ കാലയളവ് അവര്‍ ശിക്ഷയനുഭവിച്ചു കഴിഞ്ഞു എന്നായിരുന്നു ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. അങ്ങനെ അവിടെ കേസ് കഴിഞ്ഞുവെന്ന് ഞങ്ങള്‍ ആശ്വസിച്ചു..

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’

പിന്നെങ്ങനെയാണ് രണ്ട് വര്‍ഷത്തിന് ശേഷം ഈ കേസിന് വീണ്ടും ജീവന്‍ വെക്കുന്നത്?

2006 ലെ കേസും അതിന് തുടര്‍ന്നുണ്ടായ 64 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയും ഞങ്ങളുടെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. കുടുംബങ്ങളില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന വ്യക്തിപരമായ ഇമേജുകള്‍ക്ക് കോട്ടം തട്ടി, ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്ന് പ്രതിസന്ധി നേരിട്ടു, സമൂഹജീവിതത്തില്‍ നിന്ന് ബോധപൂര്‍വമല്ലെങ്കില്‍ പോലും അകറ്റി നിര്‍ത്തപ്പെട്ടു, ഇത്തരം കേസുകളില്‍പ്പെട്ട ആളുകളല്ലേ എന്ന അവഗണന നേരിട്ടു.. അങ്ങനെ ഈ കേസ് ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന് തോന്നിയ ഘട്ടത്തിലാണ്, 2008 ല്‍ അന്നത്തെ കേരള സര്‍ക്കാര്‍, ഈ കേസ് മറ്റൊരു അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്.

തീര്‍ത്തും പുതിയൊരു അന്വേഷണ ഏജന്‍സിയായിരുന്നോ അത്?

അതേ, സംസ്ഥാന പൊലീസില്‍ അതിനായി ഒരു സ്പെഷ്യല്‍ സ്‍ക്വാഡ് രൂപീകരിച്ച് മലപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഡി.വൈ.എസ്‍.പി ആയിരുന്ന ശശിധരന് ഇതിന്‍റെ അന്വേഷണ ചുമതല കൈമാറി. ഞങ്ങള്‍ അഞ്ചുപേരിലേക്ക് മാത്രം അന്വേഷണം ഒതുക്കാതെ, ബാക്കി 13 പേരെ കൂടി അറസ്റ്റ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. അങ്ങനെ റഷീദ് മൌലവി അടക്കം ബാക്കി 13 പേരും അതേ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.. പല തവണയായി... പലരും കുറച്ചു ദിവസങ്ങള്‍ ജയിലില്‍ കിടക്കേണ്ടിയും വന്നു... കേസിന് പിന്നെയും കുറേ രൂപമാറ്റങ്ങള്‍ വരികയും ചെയ്തു...

ശശിധരന്‍റെ കൈകളില്‍ കേസ് എത്തിയപ്പോഴാണ് ഇത് കൂടുതല്‍ സിമി പ്രോഗ്രാം എന്ന നിലയിലേക്ക് മാറപ്പെട്ടത്. മറ്റൊന്ന് ഓഡിറ്റോറിയത്തില്‍ ഇങ്ങനെയൊരു പ്രോഗ്രാം ബുക്ക് ചെയ്യപ്പെട്ടു എന്ന് രേഖപ്പെടുത്തപ്പെട്ട ഒരു പുതിയ ഡയറി ഇദ്ദേഹം ഹാജരാക്കി. അങ്ങനെയൊരു ഡയറി 2006 മുതല്‍ 2008 വരെ ഉണ്ടായിരുന്നില്ല. 2004 ലെ ഡയറിയായിരുന്നു അത്. ആ ഡയറിയില്‍ ആഗസ്റ്റ് 15 എന്ന പേജ് ഒഴിവായി കിടക്കുകയാണ് അപ്പോഴും. പക്ഷേ, ഡയറിയുടെ അവസാന ഭാഗത്ത് ആഗസ്റ്റ് 15 നിസാമുദ്ദീന്‍ പാനായിക്കുളം, ഖുര്‍ആന്‍ ക്ലാസ് എന്നെഴുതിച്ചേര്‍ത്തിട്ടാണ് ഡയറി അന്വേഷണസംഘം ഹാജരാക്കുന്നത്. അങ്ങനെ, അതുവരെ ഇല്ലാതിരുന്ന മറ്റൊരു രേഖ ഈ കേസിലേക്ക് വന്നു. മറ്റൊരു കെട്ടിച്ചമച്ച കഥ മെനയുകയാണ് ഈ അന്വേഷണസംഘവും ചെയ്തത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഈ അന്വേഷണസംഘം അപേക്ഷ കൊടുക്കുകയും, കോടതിയില്‍ കേസ് സമര്‍പ്പിക്കാന്‍ ഒരു തീയതി കൈമാറുകയും ചെയ്തു. കോടതിക്ക് കേസ് കൈമാറുന്നതിന്‍റെ തലേ ദിവസമാണ്, ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടുന്നത്. അപ്പോഴേക്കും 2010 ആയി. കേരളാപൊലീസിന് കിട്ടാമായിരുന്ന വലിയൊരു പൊന്‍തൂവലായിരുന്നു പാനായിക്കുളം കേസെന്നും കേസിനെ മറ്റെന്തോ ഗൂഢഉദ്ദേശ്യത്തിന്‍റെ ഫലമായിട്ടാണ് എന്‍.ഐ.എക്ക് കൈമാറിയതെന്നും പൊലീസ് ഡി.ജി.പിയായിരുന്ന സിബി മാത്യൂസിന്‍റെ നിര്‍ഭയം എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’

എന്‍.ഐ,എ ഏറ്റെടുത്ത ശേഷം കേസ് എങ്ങനെയാണ് മുന്നോട്ടു പോയത്...

കേരളത്തില്‍ ആദ്യമായി എന്‍.ഐ.എ ഏറ്റെടുത്ത കേസാണ് പാനായിക്കുളം കേസ്.. ആദ്യമായി കേരളത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസും. ഈ കേസില്‍ എന്‍.ഐ.എ പുതുതായി എന്തെങ്കിലും കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. മലപ്പുറം ഡി.വൈ.എസ്‍.പി ശശിധരന്‍ കണ്ടെത്തിയ നിരീക്ഷണങ്ങളെ പരിഭാഷപ്പെടുത്തി സമര്‍പ്പിക്കുകയാണ് എന്‍.ഐ.എ ആകെ ചെയ്തത്.

2014 ല്‍ പാനായിക്കുളം കേസിന്‍റെ വിചാരണ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുള്ള എല്ലാവരെയും ചോദ്യം ചെയ്യാനായി എന്‍.ഐ.എ വിളിപ്പിച്ചു. വിശദീകരണം ചോദിച്ചു എന്നല്ലാതെ, അറസ്റ്റൊന്നും ഉണ്ടായിരുന്നില്ല. വിചാരണ കോടതിയില്‍ കേസിന്‍റെ എല്ലാ തലങ്ങളും സ്പര്‍ശിച്ചുകൊണ്ടുതന്നെ നമുക്ക് സാധ്യമാകുന്ന തരത്തില്‍ നല്ല അഭിഭാഷകരെ തന്നെ ഞങ്ങള്‍ കേസ് വാദിക്കാനായി വെച്ചു. ഈ കേസ് എത്രമാത്രം ദുര്‍ബലമാണെന്ന് നമുക്ക് തെളിയിക്കാന്‍ പറ്റുമോ, അത്രത്തോളം ഞങ്ങള്‍ കേസ് മുന്നോട്ട് കൊണ്ടുപോയി. വിചാരണകോടതിയില്‍ നിന്ന് നീതിപൂര്‍വമായ വിധി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. കേസ് ഏറ്റെടുത്തത് ഒരു ദേശീയ ഏജന്‍സിയാണെന്ന് അറിയാതെയല്ല ഞങ്ങളങ്ങനെ പ്രതീക്ഷിച്ചത്. വിചാരണക്കിടെ കോടതിയുടെ ഭാഗത്ത് നിന്ന് വളരെ പോസിറ്റീവായ സമീപനമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷേ, ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരെ തന്നെ എന്‍.ഐ.എ കോടതി പ്രതികളായി കണ്ടെത്തിയിരുന്നു. എനിക്കും മറ്റൊരാള്‍ക്കും 14 വര്‍ഷവും, ബാക്കി മൂന്നുപേര്‍ക്ക് 12 വര്‍ഷവും ജയില്‍ തടവാണ് ശിക്ഷ വിധിച്ചത്. അങ്ങനെയാണ് വിയ്യൂര്‍ ജയിലിലേക്ക് ഞങ്ങളെത്തുന്നത്. 2015 നവംബര്‍ 25 നാണ് കുറ്റക്കാരെന്ന് കണ്ടെത്തുന്നത്. നവംബര്‍ 30 ന് ശിക്ഷ വിധിക്കുകയും ചെയ്തു.

ഞങ്ങളില്‍ ചുമത്തിയ കേസുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ലഭിച്ച ശിക്ഷകള്‍ വളരെ ചെറുതായിരുന്നു.. ഒരു കേസില്‍ രണ്ടു വര്‍ഷം, മറ്റൊന്നില്‍ മൂന്ന് വര്‍ഷം, ഒന്നില്‍ നാലുവര്‍ഷം അങ്ങനെയൊക്കെയായിരുന്നു ശിക്ഷ. സാധാരണ വലിയ വലിയ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷയെല്ലാം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നാണ് വരിക, എന്നാല്‍ ഞങ്ങളുടെ അനുഭവം മറിച്ചായിരുന്നു. ശിക്ഷയെല്ലാം വേറെ വേറെ അനുഭവിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഒരു പകപോക്കല്‍ പോലെയായിരുന്നു വിചാരണകോടതിയുടെ വിധി വന്നത്.

സത്യം പുറത്തുവരാന്‍ 2019 വരെ കാത്തിരിക്കേണ്ടി വന്നുവല്ലേ...?

2019 ഏപ്രില്‍ 12 നാണ് വിധി വരുന്നത്. അന്ന് രാത്രിതന്നെ ജയില്‍ മോചിതനായി. ഞങ്ങളെ ഹൈക്കോടതി വിട്ടയക്കുമ്പോള്‍, കോടതിയുടെ നിരീക്ഷണങ്ങളില്‍ ഞങ്ങള്‍ക്ക് അനുകൂലമായ കുറേ കാര്യങ്ങള്‍ കോടതി പറഞ്ഞിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും, മതിയായ തെളിവില്ലാതെയാണ് പലരെയും അറസ്റ്റ് ചെയ്ത് ഇത്രയും കാലം ജയിലിലടച്ചതെന്നും ഹൈകോടതി നിരീക്ഷിച്ചു.

നിരപരാധികളെന്ന നിലയ്ക്ക് കോടതി ശക്തമായ ചില നിരീക്ഷണങ്ങള്‍ നടത്തിയതിനാല്‍ ഈ കേസ് ഇവിടെത്തീര്‍ന്നു എന്ന് പ്രതീക്ഷിക്കുകയാണ് ഞങ്ങള്‍. എന്‍.ഐ.എ ഏജന്‍സി അപ്പീലിന് പോകാന്‍ സാധ്യതയില്ലെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങളുള്ളത്. അത് പ്രതീക്ഷ മാത്രമായി മാറുമോ എന്നും അറിയില്ല.. ഞങ്ങളെ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വിട്ടയക്കുകയല്ല കോടതി ചെയ്തിട്ടുള്ളത്. തീര്‍ത്തും നിരപരാധികളാണെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് കോടതി നിരീക്ഷിച്ചത്.

ഈ മൂന്നര വര്‍ഷവും ജാമ്യം പോലും നിഷേധിക്കപ്പെട്ടു അല്ലേ?

മൂന്നര വര്‍ഷവും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഞങ്ങള്‍ 3 പേര്‍. ഒന്നാം പ്രതിയായ ശാദുലിയും മൂന്നാം പ്രതിയായ അന്‍സാര്‍ ന‍ദ്‍വിയും മറ്റ് കേസുകളില്‍പ്പെട്ട് സംസ്ഥാനത്തിന് പുറത്ത് ജയിലുകളിലായിരുന്നു. ഗുജറാത്ത് സ്ഫോടന പരമ്പര കേസില്‍ അവിടെ വിചാരണ തടവുകാരായി കഴിയുകയാണ് അവര്‍. അവര്‍ മറ്റൊരു കേസില്‍, ഇന്‍ഡോര്‍ സിമി കേസില്‍ ജയിലില്‍ കഴിയുന്ന കാലത്താണ് ഈ സ്ഫോടന പരമ്പരകള്‍ ഉണ്ടാകുന്നത്. തീര്‍ത്തും കെട്ടിച്ചമച്ച കേസ്... ആദ്യം ഉണ്ടാകുന്നത് പാനായിക്കുളം കേസാണ്.. അതിനെ തുടര്‍ന്നാണ് രാജ്യത്തെ പല കേസുകളിലും ഞങ്ങളില്‍ പലരെയും പ്രതിയായി ചേര്‍ക്കപ്പെടുന്നത്.

യു.എ.പി.എ പോലുള്ള, അല്ലെങ്കില്‍ എന്‍.ഐ.എ പോലുള്ള ദേശീയ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസിലകപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജയിലിന്‍റേതായ ഒരു ആനുകൂല്യവും കേരള പ്രിസണ്‍ ബോര്‍ഡ് അനുവദിക്കുന്നില്ല. സാധാരണയായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ശിക്ഷയുടെ മൂന്നില്‍ ഒന്നോ, രണ്ടുവര്‍ഷമോ പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷത്തില്‍ രണ്ടുമാസം പരോളില്‍ വീട്ടില്‍ പോകാം എന്നാണ് നിയമം. ആ ആനുകൂല്യം യു.എ.പി.എ കേസില്‍പ്പെട്ട് ജയിലിലുള്ള പ്രതികള്‍ക്ക് നിഷേധിക്കുകയാണ്. മറ്റൊന്ന് നമുക്ക് ശിക്ഷയില്‍ കിട്ടേണ്ട ഇളവാണ്. വര്‍ഷത്തില്‍ ഏതാണ്ട് എല്ലാ പരോളുകളും ചേര്‍ത്താല്‍ 65 ദിവസത്തോളം നമുക്ക് ഇളവ് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ പെടുന്നവര്‍ക്ക് അത്തരം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.

ഞങ്ങള്‍ മൂന്നര വര്‍ഷം കഴിഞ്ഞാണ് ജയിലില്‍ നിന്ന് പുറത്തുവരുന്നത്. രണ്ടാമത്തെ വര്‍ഷം ഞങ്ങള്‍ക്ക് പരോള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യം കിട്ടേണ്ടതായിരുന്നു. വീട്ടുകാരെ വന്ന് കാണാമായിരുന്നു. സമൂഹത്തില്‍ ജയില്‍പ്പുള്ളികളുടെ റീ സോഷ്യലൈസേഷന് വേണ്ടിയാണ് ജയില്‍വകുപ്പ് ഇങ്ങനെയൊരു പദ്ധതി തന്നെ നടപ്പിലാക്കിയിട്ടുള്ളത്. ആ സാധ്യത പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. ആ ഒരു തെറ്റുതിരുത്തല്‍ ഇനി എവിടെ സാധ്യമാകും... ഞങ്ങളുടെ ജീവിതത്തിലെ മൂന്നര വര്‍ഷം കവര്‍ന്ന് ജയിലിലിടുന്നു.. പിന്നീട് അത് തെറ്റാണെന്ന് മേല്‍ക്കോടതി കണ്ടെത്തുന്നു. അത് കണ്ടെത്തിയ ശേഷം നമുക്ക് നഷ്ടപ്പെട്ട ഈ കാലയളവിന് ഒരു പ്രായശ്ചിത്തം, അല്ലെങ്കില്‍ നമ്മളോടുള്ള ഈ പെരുമാറ്റം. സത്യത്തില്‍ ഈ റീ സോഷ്യലൈസേഷന്‍ സാധ്യമാക്കാന്‍ വേണ്ടിയാണ്, ജയിലെന്നത് മാറ്റി കറക്ഷണല്‍ സര്‍വീസ് ആക്കിയിരിക്കുന്നത്. പകരം ആ സംവിധാനത്തിന്‍റെ നൈതികതയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയില്‍, കനത്ത പൊലീസ് സുരക്ഷയില്‍ ഞങ്ങളെ വല്ലപ്പോഴും വീട്ടില്‍ കൊണ്ടുവന്നു.. ഏതാനും മണിക്കൂറുകള്‍ മാത്രം വീട്ടുകാരോടൊപ്പം ചെലവഴിക്കാന്‍ അനുവദിച്ചു...

ആരുടെ താത്‍പര്യമായിരുന്നു ഇങ്ങനെയൊരു കേസ്...?

2001 മുതല്‍ ആഗോളതലത്തില്‍ തന്നെ രൂപപ്പെട്ട ഇസ്‍ലാമോഫോബിയ, അതായത് മുസ്‍ലിംകളെ അപരവത്‍കരിക്കപ്പെടുന്ന ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. സ്വാഭാവികമായും അത്തരം സാഹചര്യങ്ങള്‍ നമ്മുടെ നാടുകളിലും നിലനില്‍ക്കുന്നുണ്ട്. സിമി പോലുള്ള സംഘടനകള്‍ രാജ്യത്ത് നിരോധിക്കപ്പെട്ടു.. ഇതെല്ലാം ഇസ്‍ലാമോഫോബിയയുടെ ബാക്കിപത്രങ്ങളായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാസമ്പന്നരായ, പ്രത്യേകിച്ച് പൊതുരംഗത്തൊക്കെ നില്‍ക്കുന്ന മുസ്‍ലിംകള്‍ക്ക് നേരെയുള്ള ഒരു നോട്ടം എല്ലാമേഖലകളിലും ഉണ്ടായിട്ടുണ്ട്. കേരളം സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുന്നിലാണെങ്കില്‍പോലും അത്തരം ചില പ്രശ്നങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്. അതിന്‍റെ ഭാഗമായി, ചിലപ്പോള്‍ സംശയത്തിന്‍റെ പേരിലായിരിക്കും ഞങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടാകുക, പൊലീസ് കൊണ്ടുപോയിട്ടുണ്ടാകുക.. അത് വളരെ വേഗം തന്നെ അന്വേഷണ ഏജന്‍സികളിലൊക്കെയുള്ള, ചില സംഘ്‍പരിവാര്‍ താത്‍പര്യമുള്ള ചില ഉദ്യോഗസ്ഥന്മാരുടെ കൈകളിലായി... ഇപ്പോള്‍ അതൊക്കെ വ്യക്തമായി വരുന്നുണ്ട്... എന്നാല്‍ അന്ന് 2006 ല്‍ ആ ചിത്രമൊന്നും അത്ര വ്യക്തമായിരുന്നില്ല, ആരൊക്കെയാണ് ഇതിലുണ്ടായിരുന്നത് എന്നതും. അത്തരം ആളുകളുടെ ഒരു ഇടപെടലുകള്‍ വഴിയായിരിക്കാം, ഞങ്ങളെയൊക്കെ അറസ്റ്റ് ചെയ്തിട്ടുണ്ടാകുക.

ഈ കേസില്‍ അടുത്തുണ്ടായ പല വെളിപ്പെടുത്തലുകളുണ്ട്. കേസ് ആദ്യം അന്വേഷിച്ച റൂറല്‍ എസ്‍ പി അബ്ദുല്‍ വഹാബിന് ഈ കേസിന്‍റെ പേരില്‍ അനുഭവിക്കേണ്ടി വന്ന കുറേ തിക്താനുഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്... അന്നത്തെ പറവൂര്‍ മജിസ്ട്രേറ്റ് മുഹമ്മദ് താഹയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള കുറേ അനുഭവങ്ങള്‍ അദ്ദേഹം തന്നെ പുറത്തു പറഞ്ഞിട്ടുണ്ട്. ഇത് മറ്റെന്തോ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ് എന്നതിന് തെളിവാണ് ഇവര്‍ക്കുണ്ടായ അനുഭവങ്ങള്‍.. കുറ്റക്കാരല്ലാത്ത ആളുകളെ കുറ്റക്കാരാക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്‍റെ പേരില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്ന കേസു കൂടിയാണ് പാനായിക്കുളം കേസ്.

മുഹമ്മദ് താഹ
മുഹമ്മദ് താഹ

കേസിനോടുള്ള മാധ്യമങ്ങളുടെ സമീപനം എങ്ങനെയായിരുന്നു..?

വളരെ കുറച്ച് പേര്‍ മാത്രമാണ് സമൂഹത്തില്‍ ഞങ്ങളെ അറിയുന്നവര്‍.. നമ്മുടെ വ്യക്തിത്വത്തെ അറിയുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവരൊന്നും ഒരുകാലത്തും ഇത്തരം വാര്‍ത്തകള്‍ വിശ്വസിച്ചിട്ടില്ല. പക്ഷേ, പത്രമാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകള്‍ മാത്രം വായിച്ച് കഥകള്‍ അറിഞ്ഞ ഒരു മഹാഭൂരിപക്ഷം ജനങ്ങള്‍ ഈ ലോകത്തുണ്ട്. 2006 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായതിനാല്‍ 16 ന് പത്രമിറങ്ങിയിട്ടില്ല, 17 നാണ് പത്രമിറങ്ങുന്നത്...

വന്‍ സ്ഫോടനശേഖരത്തെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തി, ആലുവ റെയില്‍വെസ്റ്റേഷന്‍ അടയാളപ്പെടുത്തിയ മാപ്പ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു, കശ്മീരിന്‍റെ തലയില്ലാത്ത ഭൂപടം ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അറസ്റ്റിലായവര്‍ നടത്തിയത്, വിദേശ സഹായം ലഭ്യമായിരുന്നുവെന്നതിന്‍റെ തെളിവുകള്‍ കൈമാറിക്കഴിഞ്ഞു ഇതൊക്കെയായിരുന്നു, അന്നേ ദിവസത്തെ പത്രവാര്‍ത്തകളുടെ തലക്കെട്ടുകള്‍ പോലും. ഇത്തരം വാര്‍ത്തകള്‍ വായിക്കുന്ന, നമ്മളെ അറിയാത്ത ഒരു വലിയ വിഭാഗം ആളുകളില്‍ നമ്മളെ കുറിച്ച് രൂപപ്പെടുന്ന ഒരു ചിന്തയുണ്ട്... തെറ്റിദ്ധാരണകളുണ്ട്. ആ വാര്‍ത്തകള്‍ അവര്‍ വിശ്വസിച്ചിട്ടുണ്ട്.. അത് ഞങ്ങള്‍ക്ക് വേറൊരു അര്‍ത്ഥത്തില്‍ പരിക്കായിട്ടുണ്ട്..

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’

ഈ കേസിലെ മറ്റൊരു ഇരയാണ് എന്‍റെ ഭാര്യ. അവള്‍ ബാംഗ്ലൂരില്‍ ഐ.ബി.എമ്മില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായിരുന്നു. ഈ കേസില്‍ ഞാന്‍ 2006 ല്‍ ജാമ്യത്തിലിറങ്ങി വന്നതിന് ശേഷം, ഒരു മലയാള പത്രം ഒരു സ്റ്റോറി ചെയ്തു. അതില്‍ അവളായിരുന്നു നായിക. എന്‍റെ ഭാര്യയ്ക്കും ഇത്തരം തീവ്രവാദ ബന്ധങ്ങളുണ്ടെന്നും, അവളെ ഓഫീസില്‍ അത്തരം ചില ആളുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും പൊലീസിനെ സോഴ്സാക്കി ഒരു സ്റ്റോറി പുറത്തുവന്നു. അതോടെ കേരളത്തിലുള്ള പോലുള്ള ഒരു സുരക്ഷിത സാഹചര്യം അവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല തോന്നലില്‍, പിന്നെ ആ ജോലി ഒഴിവാക്കേണ്ടിവന്നു.

ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനത്തില്‍ ഞങ്ങള്‍ നേരിട്ടു ചെന്ന് കാര്യങ്ങളൊക്കെ അവരെ ബോധ്യപ്പെടുത്തിയപ്പോള്‍, ഞങ്ങള്‍ക്ക് പറയാനുള്ളത് വെച്ച് ഒരു വിശദീകരണകുറിപ്പ് തയ്യാറാക്കി നല്‍കിയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. അത് പൊലീസ് നല്‍കിയ വാര്‍ത്തയാണ് എന്ന വാദത്തില്‍ അവര്‍ ഉറച്ചു നിന്നു. ശരി, അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഇവിടെ നിങ്ങള്‍ക്കടുത്ത് ജീവിച്ചിരിക്കുന്ന ആളുകളല്ലേ, നിങ്ങള്‍ക്ക് ഞങ്ങളെ സമീപിച്ച് ഒന്ന് വിവരങ്ങള്‍ തിരക്കാമായിരുന്നില്ലേ എന്നൊക്കെ ഞങ്ങള്‍ അവരോട് പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ കുറിച്ചുള്ള വാര്‍ത്ത നല്‍കിയത് പത്രത്തിന്‍റെ ഫ്രണ്ട് പേജിലാണ്, ഞങ്ങള്‍ മറുകുറിപ്പ് നല്‍കിയാല്‍ അത് ചരമകോളം പേജിലല്ലേ വരിക എന്നും തിരിച്ചു ചോദിച്ചു. എന്നിട്ടും ഞങ്ങളത് കൊടുത്തു, പ്രതീക്ഷിച്ച പോലെ, അകത്തെ കോളത്തില്‍ ചെറിയൊരു വാര്‍ത്തയായി അത് പ്രസിദ്ധീകരിച്ചു വന്നു. ആ വാര്‍ത്തയില്‍ ഞങ്ങള്‍ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്, ഐ.ബി.എം പോലുള്ള ഒരു സ്ഥാപനത്തില്‍ സന്ദര്‍ശകര്‍ ആരൊക്കെയെന്ന് കൃത്യമായി രേഖപ്പെടുത്തിവെക്കാനുള്ള രജിസ്റ്റര്‍ സൌകര്യമുണ്ട്... ആ രജിസ്റ്റര്‍ ഒന്ന് പരിശോധിച്ചെങ്കിലും വേണ്ടിയില്ലായിരുന്നോ ഇത്തരമൊരു വാര്‍ത്ത തയ്യാറാക്കാന്‍.

എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പത്മകുമാര്‍ സാറിനെ നേരില്‍ കണ്ട് കാര്യങ്ങളൊക്കെ അവതരിപ്പിച്ചിരുന്നു. ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല, പലപ്പോഴും വലിയ വലിയ ഏജന്‍സികളാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്നൊക്കെയാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആരൊക്കെയോ പകപോക്കലിന്‍റെ തലത്തില്‍ നിന്നുകൊണ്ട് ഞങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കുകയായിരുന്നു ഈ പത്തുപതിമൂന്ന് വര്‍ഷവും. ഇതെല്ലാം മനഃപൂര്‍വം ഞങ്ങള്‍ക്കെതിരെ തിരിച്ചതായിരുന്നു എന്നല്ല, അറിഞ്ഞോ അറിയാതെയോ പലരും ഞങ്ങളെ ദ്രോഹിച്ചു, ഞങ്ങളതിന്‍റെ ഇരയായി മാറി.

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’

സമൂഹവും കുടുംബവും കൂടെ നിന്നില്ല എന്നാണോ?

അങ്ങനെയല്ല, കേസ് നടക്കുന്നതിനിടെയാണ് ബാപ്പ മരിക്കുന്നത്. ഭാര്യയും മൂന്നുമക്കളുമാണ് എനിക്കുള്ളത്. ഉമ്മയും രണ്ട് സഹോദരങ്ങളും ഒരു സഹോദരിയും കൂടി ചേര്‍ന്നതാണ് കുടുംബം. പക്ഷേ, നമ്മുടെ അടുത്ത പരിചയക്കാരിലും ബന്ധുക്കളിലും, ഇവരൊക്കെ ഇതില്‍ പോയിപ്പെട്ടല്ലോ, ഇത് സമൂഹത്തിനും നാടിനും ഭയങ്കര കളങ്കമായല്ലോ എന്നൊക്കെ ചിന്തിച്ചവര്‍ ഈ കേസിന്‍റെ തുടക്ക ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. വലിയൊരു അനുകൂല ഘടകമായത്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നിരപരാധികളായ മുസ്‍ലിം ചെറുപ്പക്കാരെ പിടിക്കുകയും അറസ്റ്റുണ്ടാകുകയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലുണ്ടാകുകയും, പിന്നീട് കോടതികളുടെ തന്നെ ഇടപെടലുകളുണ്ടാകുകയും ഇത്തരം കേസുകളൊക്കെ വ്യാജമാണെന്ന വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്ത ഒരു ഘട്ടമുണ്ടായി.. 2010 ആകേണ്ടിവന്നു എന്നുമാത്രം...

‘’എല്ലാം കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ; ഞങ്ങള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ 13 വര്‍ഷങ്ങള്‍...’’

ഈ കാലം മുതല്‍ സമൂഹം ഞങ്ങളോട് നന്നായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു അനുഭവമാണ് ഉണ്ടായിട്ടുള്ളത്. എന്‍റെ നാട്ടിലെ, മത-രാഷ്ട്രീയത്തിന് അതീതമായി എല്ലാ സംഘടനകളും എനിക്ക് വേണ്ടി അണിചേര്‍ന്നു. ഞങ്ങളുടെ കേസിന് പിന്തുണയുമായെത്തി.. വലിയൊരു പിന്തുണയാണ് ഈരാറ്റുപേട്ടയെന്ന എന്‍റെ നാട് തന്നത്. ഹൈക്കോടതി വിധി വരുന്നതിന് മൂന്നാഴ്ച മുമ്പ് ഞങ്ങളുടെ മോചനമാവശ്യപ്പെട്ടുകൊണ്ട് വ്യാപകമായ ഒപ്പുശേഖരണവും, പൊതുസമ്മേളനവും നാട് സംഘടിപ്പിച്ചിരുന്നു. അതില്‍ യു.ഡി.എഫും എല്‍.ഡി.എഫും എല്ലാം കൈകോര്‍ത്താണ് നിന്നത്. ഞങ്ങള്‍ തെറ്റുകാരല്ലെന്ന് ഞങ്ങളെ വിട്ടയയ്ക്കുന്നതിന് മുമ്പുതന്നെ ഈ സമൂഹം തിരിച്ചറിഞ്ഞിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമുണ്ട്.. ജയില്‍മോചിതരായ ശേഷം നാട്ടുകാര്‍ ഞങ്ങള്‍ക്കായി ഒരുക്കിയത് വലിയ സ്വീകരണമാണ്.

ഭാവി...?

ഒരു ജയില്‍കാലത്തിന്‍റെ അനുഭവത്തില്‍ നിന്ന് പൊതുസമൂഹത്തിലേക്കുള്ള വരവ് അങ്ങോട്ട് പൂര്‍ത്തിയായി എന്ന് പറയാന്‍ പറ്റുന്ന അവസ്ഥയിലല്ല ഞങ്ങള്‍. ചെറിയൊരു കാലയളവാണ് മൂന്നരവര്‍ഷം എന്നത്... പക്ഷേ, ആ മൂന്നരവര്‍ഷം കൊണ്ട് നാട്ടിലെ സാഹചര്യം ആകെ മാറിയിട്ടുണ്ട്... അതിലേക്ക് പൂര്‍ണമായും പൊരുത്തപ്പെട്ടുവരാന്‍ സമയമെടുക്കും.. അതുകൊണ്ട് ഭാവിയെകുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല. നാട്ടിലെ സാമൂഹ്യരംഗത്ത് എന്തായാലും ഞാന്‍ ഉണ്ടാകും.

 പാനായിക്കുളം കേസിന്‍റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തല്‍ 
Also Read

പാനായിക്കുളം കേസിന്‍റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തല്‍ 

തിരികെ ലഭിച്ച ജീവിതം; പാനായിക്കുളം കേസില്‍ വെറുതെ വിട്ട റാസിഖും ഷമ്മാസും നാട്ടില്‍ തിരിച്ചെത്തി
Also Read

തിരികെ ലഭിച്ച ജീവിതം; പാനായിക്കുളം കേസില്‍ വെറുതെ വിട്ട റാസിഖും ഷമ്മാസും നാട്ടില്‍ തിരിച്ചെത്തി