LiveTV

Live

Kerala

മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഇനത്തില്‍ ലഭിക്കാനുളളത് 600 കോടി

20 വര്‍ഷത്തെ കണക്ക് പ്രകാരം വിവിധ ഗതാഗത നിയമ ലംഘനങ്ങളിലായി 600 കോടി രൂപ മോട്ടോര്‍ വാഹന വകുപ്പിന് വരാനുണ്ട്.

മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഇനത്തില്‍ ലഭിക്കാനുളളത് 600 കോടി

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഇനത്തില്‍ ലഭിക്കാനുളളത് കോടിക്കണക്കിന് രൂപ. ഇതുവരെ 600 കോടി കിട്ടാനുണ്ടെന്ന് വകുപ്പ് അറിയിച്ചു. അതേസമയം ഓപറേഷന്‍ നൈറ്റ് റൈഡേഴ്സിന്റ ഭാഗമായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന സംസ്ഥാനത്ത് തുടരുകയാണ്.

എ.ഡി.ജി.പി സുധേഷ് കുമാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തേക്ക് എത്തിയ ശേഷമാണ് ഗതാഗത നിയമ ലംഘനങ്ങളില്‍ പിഴയുടെ കണക്കെടുത്തത്. 20 വര്‍ഷത്തെ കണക്ക് പ്രകാരം വിവിധ ഗതാഗത നിയമ ലംഘനങ്ങളിലായി 600 കോടി രൂപ മോട്ടോര്‍ വാഹന വകുപ്പിന് വരാനുണ്ട്. കഴിഞ്ഞ മാര്‍ച്ച് 11ന് രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ഇതില്‍ 6 കോടി ഈടാക്കി.

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലെ നിയമ ലംഘനം കണ്ടെത്താനുള്ള റെയ്ഡ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് ഇന്നും തുടരുകയാണ്. ഉച്ച വരെയുളള കണക്കനുസരിച്ച് ഏഴ് ലക്ഷത്തി എണ്‍പത്തിയൊമ്പതിനായിരം രൂപ പിഴ ഈടാക്കി. 312 ബസുകള്‍ പരിശോധനയില്‍ കുടുങ്ങി. 143 ബുക്കിംഗ് ഓഫീസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസയച്ചു. ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് പാലക്കാട് ജില്ലയിലാണ്.