LiveTV

Live

Kerala

കെവിൻ കേസിൽ പ്രതികൾക്കെതിരെ നിർണായക സാക്ഷിമൊഴി

കെവിന്റെ മരണം നടന്ന് രണ്ട് മണിക്കൂറിനകം കൊലപാതക വിവരം മുഖ്യപ്രതി ഷാനു ചാക്കോ അറിയിച്ചതായി ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ കോടതിയിൽ മൊഴി നല്‍കി.

കെവിൻ കേസിൽ പ്രതികൾക്കെതിരെ നിർണായക സാക്ഷിമൊഴി

കെവിൻ കേസിൽ പ്രതികൾക്കെതിരെ നിർണായക സാക്ഷിമൊഴി. കെവിന്റെ മരണം നടന്ന് രണ്ട് മണിക്കൂറിനകം കൊലപാതക വിവരം മുഖ്യപ്രതി ഷാനു ചാക്കോ അറിയിച്ചതായി ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ കോടതിയിൽ മൊഴി നല്‍കി. ഇതിനിടെ ലിജോയ്ക്ക് നേരെ പ്രതിക്കൂട്ടിൽ നിന്ന എട്ടാം പ്രതി ഭീഷണി മുഴക്കി. സാക്ഷികൾക്ക് സംരക്ഷണം നൽകാൻ നിർദേശിച്ച കോടതി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പ്രതിഭാഗത്തിന് താക്കീത് നല്‍കി.

മുഖ്യ സാക്ഷി അനീഷിന്റെ മൊഴി ശക്തമല്ലാതായ സാഹചര്യത്തിലാണ് 26ആം സാക്ഷിയായ ലിജോയെ കൊണ്ടുവന്ന് പ്രോസിക്യൂഷൻ നിർണ്ണായക നീക്കം നടത്തിയത്. ഈ വിസ്താരത്തിനിടെയാണ് തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ടതായി ഷാനു ചാക്കോ ഫോൺ മുഖേന അറിയിച്ചതായി ലിജോ മൊഴി നല്‍കിയത്. കൊല നടന്ന് രണ്ട് മണിക്കൂറിനകമാണ് ഷാനു വിളിച്ചതെന്നും ലിജോ പറഞ്ഞു. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ ആവശ്യ പ്രകാരം കെവിൻറെ ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു നൽകിയതായും ലിജോ സമ്മതിച്ചു. ചിത്രങ്ങൾ കണ്ടയുടൻ കെവിൻ തീർന്നുവെന്ന് ഷാനു മറുപടി നൽകിയതായും മൊഴിയുണ്ട്.

ഗൂഢാലോചന തെളിയിക്കാവുന്ന വിശദാംശങ്ങളും ലിജോയുടെ മൊഴിയിൽ ഉണ്ടായിരുന്നു. രജിസ്റ്റർ മാരേജ് ചെയ്തത് അറിഞ്ഞെത്തിയ പിതാവ് ചാക്കോ നീനുവിനെ പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെന്നും കെവിൻ തടഞ്ഞുവെന്നും ലിജോ മൊഴി നൽകിയിട്ടുണ്ട്. കെവിൻറെ ഒപ്പം പോകാനാണ് താൽപര്യമെന്ന് നീനു അറിയിച്ചതോടെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിന്നും നീനുവിനെ കെവിൻ ഒപ്പം അയച്ചെന്നും ലിജോ പറഞ്ഞു. ഇതിനിടെ നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിൽ എട്ടാം പ്രതി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായി ലിജോ കോടതിയിൽ പരാതിപ്പെട്ടു. ഇതേ തുടർന്ന് പരാതി എഴുതി നല്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കോടതിക്ക് അകത്തും പുറത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പ്രതി ഭാഗത്തിന് കോടതി താക്കീതും നൽകി. മുഖ്യ സാക്ഷി അനീഷിന്റെയും വിസ്താരവും പൂർത്തിയായി ആയി. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം രാവിലെ അനീഷ് തിരിച്ചറിഞ്ഞിരുന്നു.