LiveTV

Live

Kerala

കോഴിക്കോടും വടകരയിലും ബി.ജെ.പി വോട്ടു മറിച്ചു; ആരോപണവുമായി സി.പി.എം

പല ബൂത്തുകളിലും കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആരോപിച്ചു.

കോഴിക്കോടും വടകരയിലും ബി.ജെ.പി വോട്ടു മറിച്ചു; ആരോപണവുമായി സി.പി.എം

കോഴിക്കോടും വടകരയിലും ബി.ജെ.പി വോട്ടു മറിച്ചെന്ന ആരോപണവുമായി സി.പി.എം. സംഘ്പരിവാര്‍ വോട്ട് ലഭിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനും ചില കോണ്‍ഗ്രസ് നേതാക്കളും മുന്നില്‍ നിന്നു. വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് - ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമായാണ് .രണ്ട് മണ്ഡലങ്ങളിലും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതിനാല്‍ സി.പി.എമ്മിന് വിജയിക്കാനാകുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വോട്ട് മറിക്കാനുള്ള ശ്രമങ്ങള്‍ കോഴിക്കോട്ടെ സ്ഥാനാര്‍ഥി എം.കെ രാഘവനില്‍ നിന്നും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍മാരില്‍ ഒരാളില്‍ നിന്നുമുണ്ടായെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ ഈ നീക്കം നേരത്തെ തിരിച്ചറിഞ്ഞതിനാല്‍ ഇത് മറിക്കടക്കാനുള്ള ശ്രമം നേരത്തെ തന്നെ പാര്‍ട്ടി നടത്തിയിരുന്നെന്നും മോഹനന്‍ പറഞ്ഞു.

വടകരയില്‍ ആര്‍.‍എം.പി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ വോട്ട് സി.പി.എമ്മിന് ലഭിച്ചിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പോടെ ആര്‍.എം.പി ശിഥിലമാകുമെന്നും മോഹനന്‍ പറ‍ഞ്ഞു. പോളിംഗ് ശതമാനം കൂടിയത് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.