LiveTV

Live

Kerala

എറണാകുളം ഡി.സി.സിയില്‍ അധികാര തര്‍ക്കം

മേയറെ നീക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. കെ.പി.സി.സി ഇടപെടണമെന്ന് ഒരു വിഭാഗം.

എറണാകുളം ഡി.സി.സിയില്‍ അധികാര തര്‍ക്കം

വോട്ടെടുപ്പിന് പിറകെ എറണാകുളം ഡി.സി.സിയില്‍ അധികാര തര്‍ക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശാ സനിലിനോട് ഡി.സി.സി രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കൊച്ചി മേയര്‍ സ്ഥാനത്തു നിന്നും സൌമിനി ജയിനെ മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെയും പാര്‍ട്ടിയില്‍ വിയോജിപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശാ സനിലിനോട് രാജി വയ്ക്കാന്‍ ഡി.സി .സി പ്രസിഡന്‍റ് ടി.ജെ വിനോദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡി.സി.സി നിര്‍ദേശം ഐ ഗ്രൂപ്പ് കാരിയായ ആശാ സനില്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ഇതിന്‍റെ ചുവട് പിടിച്ച് മേയര്‍ സ്ഥാനത്ത് നിന്നും എ ഗ്രൂപ്പ്കാരിയായ സൌമിനി ജയിനെ നീക്കാനുള്ള സമ്മര്‍ദങ്ങളും ശക്തമായത്. എന്നാല്‍ ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കുന്നത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാവാത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്നത്.

രണ്ടര വര്‍ഷം കാലാവധി നിശ്ചയിച്ച പദവികളില്‍ മാറ്റം വരുത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഡി.സി.സി നേതൃത്വം വിശദീകരണം നല്‍കുമ്പോഴും പ്രാദേശിക നേതാക്കള്‍ അടക്കമുള്ളവര്‍ ഇതിനെതിരെ ശക്തമായ വിയോജിപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. കെ.പി.സി.സി നേതൃത്വം വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ഉന്നയിക്കുന്ന ഇവര്‍ നിലവിലെ തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നുള്ള സൂചനകളാണ് നല്‍കുന്നത്.