LiveTV

Live

Kerala

സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന;300 ബസുകള്‍ക്കെതിരെ നടപടി

കല്ലടയുടെ ബസുകളും സര്‍വീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തി

സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന;300 ബസുകള്‍ക്കെതിരെ നടപടി

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. ഇന്ന് നടത്തിയ പരിശോധനയില്‍ ചട്ടവിരുദ്ധമായി സര്‍വീസ് നടത്തിയ 300 ബസുകള്‍ക്കെതിരെ നടപടി എടുത്തു. കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ ഉടമ സുരേഷ് കല്ലട ഇന്നും പൊലീസിന് മുന്നില്‍ ഹാജരാവില്ല.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ ചട്ടവിരുദ്ധമായി സര്‍വീസ് നടത്തുന്നതായി കണ്ടെത്തി. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന 300 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. അനുമതിക്ക് വിരുദ്ധമായ വിവിധയിടങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റിയതിനും ചരക്കുകള്‍ കൊണ്ടുവന്നതിനുമാണ് നടപടി സ്വീകരിച്ചത്.

അതേസമയം കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ ബസുടമ സുരേഷ് കല്ലട ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാവില്ല. അരോഗ്യ പ്രശ്നമുള്ളതിനാല്‍ ഹാജരാവാന്‍ കഴിയിലെന്ന് അന്വേഷണ ഉദ്യോഗസ്ഥന അറിയിച്ചു. എന്നാല്‍ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ചുമതലയുള്ള തൃക്കാക്കര എ.സി.പി സുരേഷ് കല്ലടയോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.