LiveTV

Live

Kerala

പൈതൃക വഴികളിലൂടെ കൊടപ്പനക്കല്‍ തറവാട്ടിലെ പുരുഷന്‍മാര്‍ ഇന്നലെ ഒരു യാത്ര പോയി...

ഹൈദരലി ശിഹാബ് തങ്ങള്‍ മുതല്‍ കുടുംബത്തിലെ പുതുതലമുറയടക്കം നൂറോളം പേര്‍ ആ യാത്രാ സംഘത്തിലുണ്ടായിരുന്നു

 പൈതൃക വഴികളിലൂടെ കൊടപ്പനക്കല്‍ തറവാട്ടിലെ പുരുഷന്‍മാര്‍ ഇന്നലെ ഒരു യാത്ര പോയി...

തെരഞ്ഞെടുപ്പിന്‍റെ ആരവങ്ങളെല്ലാം ഒന്നടങ്ങിയപ്പോള്‍ കൊടപ്പനക്കല്‍ തറവാട്ടിലെ പുരുഷന്മാരെല്ലാവരും കൂടി ഇന്നലെ ഒരു യാത്ര പുറപ്പെട്ടു. സ്വന്തം കുടുംബത്തിന്റെ പൈതൃക വഴികളിലൂടെയായിരുന്നു ആ യാത്ര. ഹൈദരലി ശിഹാബ് തങ്ങള്‍ മുതല്‍ കുടുംബത്തിലെ പുതുതലമുറയടക്കം നൂറോളം പേര്‍ ആ യാത്രാ സംഘത്തിലുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഇഴകീറിയുളള വിശകലനങ്ങളും വിലയിരുത്തലുകളും തത്കാലത്തേക്ക് മാറ്റിവെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊടപ്പനക്കല്‍ തറവാട്ടിലെ പുരുഷന്മാര്‍ ഒരു പകല്‍ നീളുന്ന യാത്രക്കിറങ്ങി. കടലുണ്ടിപ്പുഴ കുറുകെ കടന്ന് ശിഹാബ് കുടുംബത്തിന്റെ കേരളത്തിലെ പൈതൃക വഴികളിലൂടെ അവര്‍ തിരികെ നടന്നു. സയ്യിദ് പാരമ്പര്യത്തിന്റെ തായ് വഴികളിലേക്കുളള ആ തിരിച്ചു പോക്കില്‍ കുടുംബത്തിലെ പുതിയ തലമുറയും കാരണവന്മാരുടെ കൈ പിടിച്ച് അവര്‍ക്കൊപ്പം കൂടി. 250 വര്‍ഷം മുൻപ് യമനില്‍ നിന്നും വളപട്ടണത്തേക്ക് വന്ന സെയ്ദ് അലിശിഹാബുദ്ദീന്‍ എന്ന പിതാമഹന്റെ ഓർമകളിലേക്കായിരുന്നു ആ യാത്ര.

കുമ്മട്ടി വീടും ഇളയാന്റെ പളളിയും കടന്ന് സെയ്ദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ ആറ്റക്കോയ തങ്ങളുടെ ബന്ധുവീടായ അറയ്ക്കല്‍ കൊട്ടാരത്തില്‍ എത്തിയ പുതുതലമുറയെ സ്വരൂപം ഉറുമിവീശി വാളും ആഹാരപ്പൊതിയും നൽകിയാണ് സ്വീകരിച്ചത്. തുടർന്ന് വളപട്ടണത്തെ മഖ്ബറയില്‍ പ്രാർത്ഥന നടത്തി ഇന്നലെ രാത്രിയോടെ സംഘം തിരികെ മടങ്ങി. നാല് മാസം മുമ്പ് തമിഴ്‌നാട് വെല്ലൂരിലെ ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ മഖ്ബറയിലും ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.