LiveTV

Live

Kerala

സ്വകാര്യ ട്രാവൽ ബസുകൾക്ക് ബ്രേക്കിട്ട് സർക്കാർ; സ്പീഡ് ഗവർണറും ജി.പി.എസും നിർബന്ധമാക്കി

ബസുകളില്‍ സ്പീഡ് ഗവർണറും ജി.പി.എസും നിർബന്ധമാക്കി.

സ്വകാര്യ ട്രാവൽ ബസുകൾക്ക് ബ്രേക്കിട്ട് സർക്കാർ; സ്പീഡ് ഗവർണറും ജി.പി.എസും നിർബന്ധമാക്കി

സംസ്ഥാനത്ത് ചട്ടം ലംഘിച്ച് സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകൾക്ക് എതിരെ നടപടിയുമായി സർക്കാർ. ബസുകളില്‍ സ്പീഡ് ഗവർണറും ജി.പി.എസും നിർബന്ധമാക്കി. ട്രാവൽ ഏജൻസികൾക്ക് പ്രവർത്തിക്കാൻ പുതിയ മാർഗ്ഗ നിർദ്ദേശം കൊണ്ടുവരും. അമിത നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ ചുമതലപ്പെടുത്തി.

കല്ലട ബസിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചത്. സ്വകാര്യ ട്രാവൽ ബസുകൾ പലതും മറ്റ് സംസ്ഥാനങ്ങളിലാണ് റജിസ്ടർ ചെയ്തിട്ടുള്ളത്. ബസ്‌ ബുക്കിഗ് ഏജൻസികളെ കൂട്ട് പിടിച്ചാണ് നിയമലംഘനം. അതിനാൽ ലൈസൻസ് ഇല്ലാത്ത ഏജൻസികൾ പൂട്ടേണ്ടി വരും. ലൈസൻസ് അനുവദിക്കാൻ പുതിയ മാർഗ്ഗ നിർദ്ദേശം കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി.

ചരക്ക് വാഹനമായി ബസുകളെ മാറ്റാൻ അനുവദിക്കില്ല. ഇത് കണ്ടെത്താൻ പൊലീസിന്റെയും നിയമവകുപ്പിന്റെയും സഹായം തേടും. സ്പീഡ് ഗവർണറും ജൂൺ 1 മുതൽ ജി.പി.എസും നിർബന്ധമാക്കി. നിരക്ക് നിശ്ചയിക്കുന്നത് തീരുമാനിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി. അന്തർ സംസ്ഥാന സർവീസുകൾ കഴിവതും റദ്ദാക്കരുതെന്ന് കെ.എസ്.ആർ.ടി.സിക്കും നിർദ്ദേശം നൽകി.