LiveTV

Live

Kerala

പത്തനംതിട്ടയില്‍ പോളിങ് ശതമാനം ഉയർന്നു

പോളിങ് ശതമാനം ഉയർന്നത് അനുകൂലമാകുമെന്നാണ് മൂന്നു മുന്നണികളും ഒരു പോലെ അവകാശപ്പെട്ടു

പത്തനംതിട്ടയില്‍ പോളിങ് ശതമാനം ഉയർന്നു

ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിലെ പ്രചരണ രംഗത്തെ ആവേശം വോട്ടെടുപ്പിലും പ്രതിഫലിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയർന്നത് അനുകൂലമാകുമെന്നാണ് മൂന്നു മുന്നണികളും ഒരു പോലെ അവകാശപ്പെടുന്നത്.

വിജയം പ്രവചനാതീതമായ പത്തനംതിട്ട മണ്ഡലത്തിൽ മൂന്നു മുന്നണികളും പ്രചരണ രംഗത്ത് ഒപ്പത്തിനൊപ്പമായിരുന്നു. വികസനം, പ്രളയം, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം എന്നിവ ദേശീയ രാഷ്ട്രീയത്തോടൊപ്പം ചർച്ച ചെയ്യപ്പെട്ടു. ശബരിമലയായിരുന്നു ആദ്യം മുതൽ അവസാനം വരെ വൈകാരികമായി ചർച്ച ചെയ്യപ്പെട്ട വിഷയം. ആരോപണവും പ്രത്യാരോപണവുമായി മൂന്നു മുന്നണികളും കളം നിറഞ്ഞു. പ്രചരണ വിഷയത്തേക്കാൾ ഇതു തന്നെയായിരുന്നു തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. ഇതിന്റെ പ്രതിഫലനമായിരുന്നു പോളിംഗ് ശതമാനത്തിലെ വർധന. രാവിലെ ആറരയോടെ തന്നെ മിക്ക ബൂത്തുകളിലും നീണ്ട വരി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഒരോ വോട്ടും പ്രധാനപ്പെട്ടാതാണെന്ന തിരിച്ചറിവ് നൽകി പരമാവധി പ്രവർത്തകരേയും അനുഭാവികളേയും പോളിംഗ് ബൂത്തിലെത്തിക്കാൻ മുന്നണികൾക്ക് കഴിഞ്ഞു. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനമായ 66.02 അഞ്ചു മണിയോടെ മറികടന്നു.

66.23 ശതമാനമായിരുന്നു അഞ്ച് മണി വരെയുള്ള പോളിംഗ് . കനത്ത പോളിംഗ് നടന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി നിയമസഭാ മണ്ഡലങ്ങളിൽ അവസാന മണിക്കൂറിൽ പെയ്ത മഴ പോളിംഗിനെ മന്ദഗതിയിലാക്കി. മഴയ്ക്ക് ശേഷം കുറച്ചു പേർ മാത്രമേ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നുള്ളൂ. 9.30 വരെയുള്ള കണക്ക് അനുസരിച്ച് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 74.05 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ്‌ രേഖപ്പെടുത്തിയത് കാഞ്ഞിരപ്പള്ളിയിലായിരുന്നു 77.94%. റാന്നിയിലായിരുന്നു ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 70.59 ശതമാനം.