LiveTV

Live

Kerala

കെവിൻ കൊലക്കേസ് വിചാരണ തുടങ്ങി; 7 പ്രതികളെ തിരിച്ചറിഞ്ഞു

14 പ്രതികളും ഒരുപോലെ വെള്ള വസ്ത്രം ധരിച്ച് എത്തിയത് സാക്ഷിയിൽ ആശയക്കുഴപ്പമുണ്ടാക്കി.

കെവിൻ കൊലക്കേസ് വിചാരണ തുടങ്ങി; 7 പ്രതികളെ തിരിച്ചറിഞ്ഞു

കെവിൻ കൊലപാതക കേസില്‍ വിചാരണ തുടങ്ങി. കോട്ടയം മുനിസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഒന്നാം പ്രതി സാനു ചാക്കോ ഉൾപ്പടെയുള്ള 7 പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. എന്നാൽ അഞ്ചാം പ്രതി ചാക്കോ ഉൾപ്പടെ മൂന്നു പേരെ തിരിച്ചറിഞ്ഞില്ല.

14 പ്രതികളും ഒരുപോലെ വെള്ള വസ്ത്രം ധരിച്ച് എത്തിയത് സാക്ഷിയിൽ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് പ്രോസിക്യൂഷന്റെ വാദം. സംഭവം നടന്ന് ഒരു വർഷത്തിനു ശേഷമാണ് ഈ കേസിൽ വിചാരണ ആരംഭിച്ചത്.

മുഖ്യ സാക്ഷിയായ അനീഷിനെ ആണ് ആദ്യം വിസ്തരിച്ചത്. പ്രോസിക്യൂഷൻ നടത്തിയ വിസ്താരത്തിൽ സംഭവങ്ങൾ അനീഷ് വിശദീകരിച്ചു. മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ 7 പ്രതികളെ സാക്ഷി വിസ്താരത്തിനിടയിൽ അനീഷ് തിരിച്ചറിഞ്ഞു. കണ്ണിന് കാഴ്ചക്കുറവുള്ള അനീഷ് പലപ്പോഴും പ്രയാസപ്പെട്ടാണ് ഇവരെ തിരിച്ചറിഞ്ഞത്.

എന്നാൽ നീനുവിന്‍റെ പിതാവും അഞ്ചാം പ്രതി ചാക്കോ ഉൾപ്പടെ 3 പേരെ തിരിച്ചറിഞ്ഞില്ല. സാക്ഷിക്ക് ആശയക്കുഴപ്പമുണ്ടാക്കാൻ പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വന്നത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് സാക്ഷി അനീഷ് കോടതി അറിയിക്കുകയും ചെയ്തു.

നാല് മണിയോടെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി. തുടർന്ന് അനീഷിനെ പ്രതിഭാഗം ക്രോസ് ചെയ്തു. പ്രതിഭാഗത്തിന് ക്രോസ് വിസ്താരം നടത്താനുള്ള സമയവും ഇന്നുതന്നെ നൽകിയതോടെ കോടതി സമയം കഴിഞ്ഞു വിചാരണ നീണ്ടുപോയി.

പ്രത്യേക കേസായി പരിഗണിക്കുന്നതിനാൽ രാവിലെ 10 മണിക്ക് തന്നെ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. പ്രതിഭാഗത്തിന് ക്രോസ് വിസ്താരം നടത്താനുള്ള സമയവും ഇന്നുതന്നെ നൽകിയതോടെ കോടതി സമയം കഴിഞ്ഞു വിചാരണ നീണ്ടുപോയി.