LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ്

77.68 ആണ് സംസ്ഥാനത്തെ പോളിങ് ശതമാനം. എട്ട് മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ്

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്.77.68 ശതമാനം പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കണ്ണൂരും കുറവ് തിരുവനന്തപുരവുമാണ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും കനത്ത പോളിംഗിനാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം സാക്ഷിയായത്.കഴിഞ്ഞ തവണത്തെക്കാൾ 3.66 ശതമാനം അധികമായി പോളിംഗ് രേഖപ്പെടുത്തി. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്.1977ലും 1989 ലുമാണ് മുൻപ് ഇതിനെക്കാൾ ഉയർന്ന പോളിംഗ് ഉണ്ടായത്.ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരാണ്.83.05 ശതമാനം.73.45 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരുവനന്തപുരമാണ് കണക്കിൽ പിറകിൽ.8 മണ്ഡലങ്ങളിൽ ഇത്തവണ പോളിംഗ് 80ശതമാനത്തിന് മുകളിൽ പോയി. കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് 80 ശതമാനത്തിന് മുകളിൽ വോട്ടെടുപ്പ് പോയത്. 75 ശതമാനം പോളിംഗ് കടന്ന് 6മണ്ഡലങ്ങളും ഇത്തവണയുണ്ട്.80 ശതമാനം പോളിംഗ് കടന്ന 5 മണ്ഡലങ്ങളും വടക്കൻ കേരളത്തിലാണ്. തിരുവനന്തപുരം അടക്കമുളള തെക്കൻ കേരളത്തിലെ 5 മണ്ഡലങ്ങളിലും ഇത്തവണ കനത്ത പോളിംഗ് രേഖപ്പെടുത്തി. 15വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണ് ഇവിടുങ്ങളിൽ ഉണ്ടായത്.മധ്യ കേരളത്തിലെ മണ്ഡലങ്ങളിലും ശരാശരി 2മുതൽ മൂന്ന് ശതമാനം വരെ പോളിംഗ് ഈ തെരഞ്ഞെടുപ്പിൽ വർദ്ധിച്ചു.

പുരുഷൻമാരേക്കാൾ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.2014 ൽ വോട്ട് ചെയ്തവരിൽ 74.21 ശതമാനം പുരുഷൻമാരും 73.85 ശതമാനം സ്ത്രീകളുമായിരുന്നു. ശബരിമല ഉൾപ്പെടയുളള രാഷ്ടീയ സാഹചര്യങ്ങളും ത്രികോണ മത്സര സാധ്യതകളുമാണ് പോളിംഗ് ഉയർത്തിയതെന്നാണ് പ്രഥമിക വിലയിരുത്തൽ.