LiveTV

Live

Kerala

ആദിവാസികള്‍ക്ക് മര്‍ദ്ദനം, പൊലീസ് അറസ്റ്റ്; വയനാട് തൊവരിമലയിൽ ഭൂസമരക്കാരെ പൊലീസ്  ഒഴിപ്പിക്കുന്നു 

മാധ്യമങ്ങളെ വിലക്കി കൊണ്ടാണ് പൊലീസ് നടപടി

ആദിവാസികള്‍ക്ക് മര്‍ദ്ദനം, പൊലീസ് അറസ്റ്റ്; വയനാട് തൊവരിമലയിൽ ഭൂസമരക്കാരെ പൊലീസ്  ഒഴിപ്പിക്കുന്നു 

വയനാട് തൊവരിമലയിലെ ഭൂമി പൊലീസും വനം വകുപ്പും കൈയ്യേറ്റം ഒഴിപ്പിക്കുന്നു. മാധ്യമങ്ങളെ വിലക്കികൊണ്ടാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നത്. സമരസമിതി നേതാക്കളായ എം.പി കുഞ്ഞിക്കണാരൻ, കെ.ജി മനോഹരൻ, രാജേഷ് അപ്പാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ആദിവാസികളെ മര്‍ദ്ദിച്ച പൊലീസ് പ്രദേശത്ത് ഇപ്പോഴും ക്യാമ്പ് ചെയ്യുകയാണ്. നൂറു കണക്കിന് സമരക്കാരാണ് പൊലീസിനെ ചെറുത്ത് ഇപ്പോഴും തൊവരിമലയിയിലുള്ളത്.

അഖിലേന്ത്യ ക്രാന്തികാരി കിസാൻസഭ, ആദിവാസി ഭാരത് സഭ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് വയനാട്ടില്‍ ഭൂസമരം ആരംഭിച്ചത്. സുൽത്താൻ ബത്തേരി താലൂക്കിലെ നെൻമേനി തൊവരിമല വലിയ മൂലയിൽ 100 കണക്കിന് പ്രവർത്തകർ നിക്ഷിപ്ത വനഭൂമിയിൽ കുടിൽ കെട്ടിയായിരുന്നു സമരം തുടങ്ങിയത്.

തൊവരിമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡിന് കീഴിലുള്ള എസ്റ്റേറ്റിനോട് ചേർന്ന നിക്ഷിപ്ത വനഭൂമിയാണ് ഭൂസമര സമിതി കൈയ്യേറിയത്. ആദ്യമെത്തിയ പ്രവർത്തകര്‍ എച്ച്എം.എല്ലിന്റെ ഒഴിഞ്ഞുകിടക്കുന്ന രണ്ടു ക്വാർട്ടേഴ്സുകളിൽ താമസമാരംഭിച്ചിരുന്നു.

ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്ന് നേരത്തെ സർക്കാർ പിടിച്ചെടുത്ത 106 ഹെക്ടർ ഭൂമിയിൽപ്പെട്ട സ്ഥലത്താണ് ഭൂരഹിതരായ ആദിവാസികള്‍ സമരമാരംഭിച്ചത്. ഭൂരഹിതർക്ക് വിതരണം ചെയ്യേണ്ടിയിരുന്ന ഭൂമി നൽകാതെ സർക്കാറുകൾ എച്ച്എം.എല്ലുമായി ഒത്തുകളിച്ചുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സി.പി.ഐ.എം എൽ റെഡ്സ്റ്റാറിന്റെ പിന്തുണയും ആദിവാസികളുടെ ഭൂസമരത്തിനുണ്ട്. മൂന്നു സെൻറ് ഭൂമിയല്ല കൃഷിക്കും താമസിക്കാനും അനുയോജ്യമായ ഭൂമിയാണ് വേണ്ടതെന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ജില്ലയിലെ ഭൂരഹിതരായ ആദിവാസികളാണ് സമരത്തിന് എത്തിയവരിൽ ഭൂരിഭാഗവും.