LiveTV

Live

Kerala

10 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി

യന്ത്രത്തകരാറുകള്‍‍ ‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടത്ര ഗൌരവത്തിലെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി

10 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി

സംസ്ഥാനത്ത് വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. കോവളം ചൊവ്വരയില്‍ കൈപ്പത്തിക്ക് പകരം താമരചിഹ്നത്തില്‍ വോട്ടുകള്‍ പതിഞ്ഞെന്ന് ആരോപണമുയര്‍ന്നു. യന്ത്രത്തകരാറുകള്‍‍ ‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടത്ര ഗൌരവത്തിലെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോളിങ്ങിന്റെ തുടക്കത്തില്‍ സംസ്ഥാനത്ത് പത്ത് ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ പ്രശ്നങ്ങളുണ്ടായി. മോക് പോളിങ്ങില്‍ തന്നെ പലയിടത്തും പിഴവുകള്‍ കണ്ടെത്തി.

ഇടുക്കി മണ്ഡലത്തിലെ കല്ലൂര്‍ക്കാട് 90-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 10 മണിക്ക് ശേഷമാണ് പോളിങ് തുടങ്ങിയത്. ഇ.വി.എം തകരാറുണ്ടായ മിക്കയിടത്തും പോളിങ് വൈകി. രാവിലെ ഒമ്പത് മണിയോടെയാണ് കോവളം ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയില്‍ ലൈറ്റ് തെളിയുന്നതായി ആരോപണം ഉയര്‍ന്നത്. 75 പേര്‍ വോട്ട് ചെയ്ത ശേഷമായിരുന്നു പരാതി. പിഴവുകളില്ലെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ച ശേഷമാണ് പോളിങ് തുടര്‍ന്നത്. കോവളത്തെ പിഴവുണ്ടായ ബൂത്തിലെ വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പൊന്നാനി നഗരസഭയിലെ 21ആം വാര്‍ഡിലെ 50ആം ബൂത്തില്‍ ഒരു ചിഹ്നത്തില്‍ വോട്ട് പതിയാത്തതിനെ തുടര്‍ന്ന് വോട്ടിങ് അല്‍പ്പസമയം നിര്‍ത്തിവച്ചു. യന്ത്രത്തകരാര്‍ ഗുരുതരമായി കാണണമെന്ന് ആവശ്യപ്പെട്ട പ്രമുഖ നേതാക്കള്‍, ജാഗ്രത പാലിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എറണാകുളം സെന്‍റ് മേരീസ് എല്‍.പി സ്കൂളിലെ 82 ആം ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് പോളിങ് വൈകി. ഇവിടെ വോട്ട് ചെയ്യാനെത്തിയ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവര്‍ വോട്ടു ചെയ്യാതെ മടങ്ങി.