LiveTV

Live

Kerala

സ്വന്തം മണ്ഡലത്തിൽ സ്വന്തം പേരിന് വോട്ട് കുത്തി തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരത്ത് ശശി തരൂരിനും സി. ദിവാകരനും കുമ്മനം രാജശേഖരനും വോട്ട് ചെയ്തതും സ്വന്തം പേരിന് നേരെ.

സ്വന്തം മണ്ഡലത്തിൽ സ്വന്തം പേരിന് വോട്ട് കുത്തി തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍

സ്വന്തം മണ്ഡലത്തില്‍ വോട്ടുള്ള സ്ഥാനാര്‍ഥികള്‍ രാവിലെത്തന്നെ വോട്ടുരേഖപ്പെടുത്തി. പാലക്കാട് മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും സ്വന്തം പേരില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു. തിരുവനന്തപുരത്ത് ശശി തരൂരിനും സി. ദിവാകരനും കുമ്മനം രാജശേഖരനും വോട്ട് ചെയ്തതും സ്വന്തം പേരിന് നേരെ.

തീ പാറുന്ന മത്സരം നടക്കുന്ന വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് വോട്ട് തിരുവനന്തപുരത്താണ്. പി. ജയരാജന് വോട്ട് കൂത്തുപറമ്പായതിനാല്‍ വോട്ട് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് രേഖപെടുത്താനായി. മലപ്പുറം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടി പാണക്കാട് സി.കെ.എം.എം ജി.എല്‍.പി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന് മലപ്പുറം മണ്ഡലത്തിലാണ് വോട്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന് വയനാട് മണ്ഡലത്തിലെ നിലമ്പൂരിലും വയനാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറിന് പൊന്നാനിയിലുമായിരുന്നു വോട്ട്.

കൊല്ലത്തെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താനായി. കോഴിക്കോട്ടെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കും അവിടെ തന്നെയായിരുന്നു വോട്ട്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനും വോട്ട് കോഴിക്കോട് മണ്ഡലത്തിലാണ്. കാസര്‍കോട് സതീഷ് ചന്ദ്രന്‍ നീലേശ്വരം ഗവണ്‍മെന്‍റ് ഐ.ടി.ഐയിലാണ് വോട്ട് രേഖപ്പെടുത്തിയത്.

രാജ്മോഹന്‍ ഉണ്ണിത്താന് കൊല്ലത്തായിരുന്നു വോട്ട്. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രന് സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാനായി. കെ.എന്‍ ബാലഗോപാലിന് പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തിലാണ് വോട്ട്. തൃശൂരില്‍ എല്‍.ഡി.എഫ് , യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ തന്നെ വോട്ട് ചെയ്തപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി തിരുവനന്തപുരത്താണ് വോട്ട് രേഖപ്പെടുത്തിയത്.

കണ്ണൂരിലും മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കും അവരുടെ പേരിന് നേരെ വോട്ട് ചെയ്യാനായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട് മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും വോട്ടില്ലായെന്നതും കൌതുകകരമായി.