LiveTV

Live

Kerala

നോട്ട അരാഷ്ട്രീയമോ; എന്താണ് നോട്ട?

നോട്ട അരാഷ്ട്രീയമല്ല എന്ന് മാത്രമല്ല, തോറ്റ്‌ പോകുന്ന ജനതക്ക് മുമ്പിലുള്ള ഒരു സാധ്യത കൂടിയാണ്‌

നോട്ട അരാഷ്ട്രീയമോ; എന്താണ് നോട്ട?

വ്യക്തമായ രാഷ്ട്രീയബോധം വോട്ട്‌ ചെയ്യാൻ പോകുന്ന ഓരോ വ്യക്തിക്ക് ഉണ്ടായിരിക്കണമെന്ന വാദത്തോട്‌ യോജിക്കുമ്പോഴും നോട്ട അരാഷ്ട്രീയവാദത്തിന്റെ ഭാഗമാണെന്ന് പറയുന്ന വലിയൊരു പക്ഷം വ്യക്തികളെ കേരളത്തിൽ കാണാവുന്നതാണ്‌. ശരിക്കും നോട്ട അരാഷ്ട്രീയമാണോ? ഒരിക്കലുമല്ല. നോട്ട അരാഷ്ട്രീയവാദമല്ല, മറിച്ച്‌ പ്രായോഗികതലത്തിൽ താൻ വോട്ട്‌ ചെയ്യേണ്ട മണ്ഡലത്തിലെ സ്ഥാനാർഥികളൊന്നും തന്നെ ഭരിക്കാൻ യോഗ്യനല്ല എന്ന വോട്ടറുടെ ബോധ്യത്തിന്റെ ഫലമാണ്‌ നോട്ട.

അപ്പോൾ പലരും ചോദിക്കും നോട്ട ഒരിക്കലും ഇന്ത്യ ഭരിക്കില്ലല്ലോ എന്ന്. അതെ നോട്ട ഒരിക്കലും ഇന്ത്യ ഭരിക്കില്ല. എന്നാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നോട്ടയുടെ എണ്ണത്തിന് അപ്രതീക്ഷിതമായ വർദ്ധനവുണ്ടായാൽ തീർച്ചയായും പ്രസ്തുത വിഷയം പൊതുസമൂഹത്തിന് മുന്നിൽ ഒരു ചർച്ചയാവും. നോട്ട അത്രത്തോളം വർദ്ധിച്ച ആ മണ്ഡലത്തിലെ സ്ഥാനാർഥികളിൽ (വിജയിച്ച സ്ഥാനാർഥിയടക്കം) ഒരാളെ പോലും അവിടുത്തെ ജനങ്ങൾക്ക്‌ വിശ്വാസം ഇല്ല എന്ന യാഥാർത്ഥ്യം പുറത്തുവരും. അത്‌ പിന്നീട്‌ അടുത്ത തെരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ട്‌ ചെയ്തവരെ കൂടെ മാറ്റിചിന്തിപ്പിക്കണമെന്ന തലത്തിൽ മികച്ച ഭരണം കാഴ്ചവെക്കാന്‍ നിലവിലെ പ്രമുഖ പാർട്ടികളെ പ്രേരിപ്പിക്കും. അല്ലാത്തപക്ഷം പുതിയ ഒരു പ്രാദേശിക പാർട്ടിയുടെ സാധ്യത നോട്ട വഴി ഉണ്ടാകുമെന്ന സത്യത്തെ പ്രമുഖ പാർട്ടികൾ തിരിച്ചറിയും.

നോട്ട അരാഷ്ട്രീയമല്ല എന്ന് മാത്രമല്ല, തോറ്റ്‌ പോകുന്ന ജനതക്ക് മുമ്പിലുള്ള ഒരു സാധ്യത കൂടിയാണ്‌. പിന്നെ അരാഷ്ട്രീയവാദം നമ്മുടെ സമൂഹത്തിൽ ഇല്ലേ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്‌ എന്ന് തന്നെയാണുത്തരം. എന്നാലത്‌ നോട്ടയുടെ രൂപത്തിലല്ല. വോട്ട്‌ ചെയ്യാൻ സാഹചര്യമുണ്ടായിട്ടും ഈ നാട്‌ ഒരിക്കലും നന്നാവില്ല എന്ന തോന്നലിൽ വോട്ട്‌ ചെയ്യാൻ പോകാത്ത 20 ശതമാനത്തോളം ആളുകൾ നമ്മുടെ കേരളീയ സമൂഹത്തിലുണ്ട്‌. ഒപ്പം, താൻ നിശ്ചിത വ്യക്തിക്കോ പാർട്ടിക്കോ വോട്ട്‌ ചെയ്യുന്നത്‌ എന്തിനാണെന്ന പ്രായോഗിക ബോധ്യമില്ലാതെ ആരോ പറഞ്ഞത്‌ ഏറ്റുപാടി വസ്തുതകളെ വിശകലനം ചെയ്യാത്ത ഒരു വിഭാഗവും നമ്മുടെ സമൂഹത്തിലുണ്ട്‌. ഈ രണ്ട്‌ വിഭാഗവുമാണ്‌ ശരിക്കും അരാഷ്ട്രീയവാദികൾ. ഇവർ വർദ്ധിക്കുന്നതിനനുസരിച്ച്‌ നമ്മുടെ നാടിന്റെ രാഷ്ട്രീയാന്തരീക്ഷം ജീർണ്ണിക്കുകയും ഇവർ കുറയുന്നതിനനുസരിച്ച്‌ അത് ശക്തമാവുകയും ചെയ്യും.

2013 സെപ്തംബർ 29നാണ് വോട്ടിങ് മെഷീനിൽ നോട്ട ബട്ടൺ ഉൾപ്പെടുത്തണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇന്ത്യയിൽ 2014 ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രത്തിലെ സുപ്രധാന പരിഷ്കാരമാണ് നോട്ട ബട്ടൺ. വോട്ടിങ് മെഷീനിൽ ‘ഇവരിൽ ആരും അല്ല' എന്ന വോട്ടറുടെ തീരുമാനമാണ് നോട്ട ബട്ടണിലൂടെ രേഖപ്പെടുത്തുക. സ്ഥാനാർഥികളുടെ പേരുകൾക്ക് ശേഷം അവസാനത്തെ ബട്ടണായാണ് നോട്ട ചേർത്തിരിക്കുന്നത്. ചിലപ്പോൾ നോട്ടയിൽ ലഭിച്ച വോട്ടുകൾക്ക് ഭൂരിപക്ഷം ലഭിച്ചേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നേരത്തേ നിശ്ചയിച്ച ചില തീരുമാനങ്ങൾ നടപ്പിലാക്കപ്പെടും. ഓരോ രാജ്യങ്ങളിൽ ഇത് വ്യത്യസ്തമായിരിക്കും. ഇന്ത്യയിൽ ഇത് സാധുവായ വോട്ടായി കണക്കാക്കില്ല. നോട്ടയിൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് ആകെ സാധുവായ വോട്ടിന്‍റെ കണക്കെടുക്കുക. ആകെ സാധുവായ വോട്ടിൻറെ ആറിലൊന്നു ലഭിക്കാത്ത സ്ഥാനാർഥികൾക്കു കെട്ടിവച്ച കാശ് നഷ്ടമാകും.

നോട്ട വോട്ട് എന്ന പരിഗണനയില്ലാതെ സ്ഥാനാര്‍ഥികളില്‍ ആര്‍ക്കാണോ കൂടുതല്‍ വോട്ട് അയാളെ വിജയിയായി പ്രഖ്യാപിക്കാം എന്നായിരുന്നു കോടതി ഉത്തരവ്. അങ്ങനെ വരുമ്പോൾ നോട്ടക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ നോട്ടയെ തന്നെ വിജയിയായി പ്രഖ്യാപിക്കും. ഈ ഉത്തരവാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. നോട്ടക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം. അതുകൊണ്ട് വോട്ട് ചെയ്യാത്തവര്‍ നോട്ടയിലെങ്കിലും വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുപ്പിൽ ശരിയായ മാറ്റത്തെ കൊണ്ടുവരണം. പോളിങ് ബൂത്തിലെ അവസാന നിമിഷത്തിൽ സ്ഥാനാർഥികൾക്കൊപ്പം നോട്ടക്കും ഒരു സ്ഥാനമുണ്ട്.