LiveTV

Live

Kerala

രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മത-രാഷ്ട്രീയ-സാമുദായിക രംഗത്തെ പ്രമുഖര്‍

മതനിരപേക്ഷ രാഷ്ട്രീയത്തിന് ശക്തിപകരണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

 രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മത-രാഷ്ട്രീയ-സാമുദായിക രംഗത്തെ പ്രമുഖര്‍

മത-രാഷ്ട്രീയ-സാമുദായിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായിയിലും, എ.കെ ആന്‍റണി തിരുവനന്തപുരത്തും, പ്രതിപക്ഷനേതാവ് ചെന്നിത്തലയിലുമാണ് വോട്ട് ചെയ്തത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് ശക്തിപകരണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

വിജയപ്രതീക്ഷകള്‍ പങ്കുവെച്ചും ആത്മവിശ്വാസം പ്രകടിപ്പിച്ചുമാണ് രാഷ്ട്രീയ നേതാക്കള്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. എല്ലാവരും കുടുംബ സമേതമെത്തി വരിനിന്ന് വോട്ട് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയും ഭാര്യ എലിസബത്തും ജഗതി ഹൈസ്കൂളിലെത്തിയത് പതിവുപോലെ എം.എം ഹസ്സനും കുടുംബത്തിനുമൊപ്പം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും തൃപ്പെരുംതുറ ഗവ: എൽ.പി.എസ് സ്കൂളില്‍ വോട്ട് ചെയ്തു. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനും ഭാര്യയും കുന്നുകുഴി യു.പി സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട് സി.കെ.എം.എം എ.എല്‍.പി സ്കൂളിലെത്തിയത് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങള്‍ക്കുമൊപ്പം.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവും കോടിയേരി ജൂനിയര്‍ ബേസിക് സ്കൂളിലും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പിണറായി ആർ.സി അമല ബേസിക് യു.പി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഭാര്യ സരസ്വതിക്കൊപ്പമാണ് ജവഹര്‍ നഗര്‍ എല്‍.പി സ്കൂള്‍ ബൂത്തിലെത്തിയത്.

ആര്‍ച്ച് ബിഷപ് സൂസപാക്യം തിരുവനന്തപുരത്തും എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാഴപ്പള്ളി സെൻറ് തെരേസാസ് സ്കൂളിലും വോട്ട് ചെയ്തു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി ആരിഫലി വാഴക്കാട് മുണ്ടുമുഴി ജി.എം.എൽ.പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയെങ്കിലും യന്ത്രതകരാര്‍ കാരണം വോട്ട് ചെയ്യാനായില്ല.