LiveTV

Live

Kerala

ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം

ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് നോർത്ത്‌ പറവൂരിലെ വഴിക്കുളങ്ങരയിലെ രണ്ടേക്കർ വിസ്തൃതിയുള്ള മീനാമേനോന്റെ ഉടമസ്ഥതയിലുള്ള ശാന്തി വനം. നൂറ് വർഷത്തില്‍ കൂടുതലായി സംരക്ഷിച്ച് പോരുന്ന ഈ കാവും, കുളവും, കാടും കെ.എസ്.ഇ.ബിയുടെ ടവർ നിർമ്മാണ ആവശ്യാർഥം മരങ്ങളെല്ലാം വെട്ടിമാറ്റി ഫയലിംങ്ങ് പണികൾ നടക്കുകയാണ്. ഇതിനെതിരെ കേസുകളും, സമരങ്ങളുമായി പരിസ്ഥിതി സ്നേഹികള്‍ മുന്നോട്ട് പോവുകയാണ്, കാവുകളും, കുളങ്ങളും സംരക്ഷിക്കുന്നതിന് പകരം നശിപ്പിക്കലാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. 110 കെ.വി.ലൈൻ വലിക്കുന്നതിനായി കെ.എസ്.ഇ.ബി നിഷ്കരുണം വെട്ടി നശിപ്പിക്കുകയാണ് കാവിലെ മരങ്ങളെ. മൂന്ന് കാവും മൂന്ന് കുളവും ചേർന്ന ഈ സൂക്ഷ്മ ആവാസസ്ഥാനം നില്ക്കുന്ന പുരയിടമൊട്ടാകെ ഹരിതവനമായി നിലനിർത്തിയിരിക്കുകയാണ്.

ആഗോള താപനത്തിന്റെ പ്രാദേശിക പ്രതിഫലനങ്ങൾ രൂക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാട്ടുപച്ചത്തുരുത്തുകൾ സംരക്ഷിക്കേണ്ടത് എന്തിനെന്നും ഇനിയങ്ങോട്ട് നാം സ്വീകരിക്കേണ്ട പാർപ്പിട മാതൃക എന്തായിരിക്കണമെന്നതിന് ഉദാഹരണമാണ് മീനാമേനോന്റെ ഈ വീട്ടുവനം. പ്രകൃതി സ്നേഹിയായ പിതാവ് രവീന്ദ്രനാഥ് കാണിച്ച പ്രകൃതിയോട് കാണിച്ച താത്പര്യം മകൾ മീന മേനോൻ ഏറ്റെടുത്തിരിക്കയാണ് ഇവിടെ. നാടിന്റെയീ ശ്വാസകോശം ഒരു സ്വകാര്യ സ്വത്ത് എന്നതിനപ്പുറം പ്രകൃതി പഠനത്തിനായുള്ള ഒരു കേന്ദ്രമായി മാറിയിരിക്കുകയായിരുന്നു.

ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം

സുപ്രധാനമായ ഒരാവാസസ്ഥാനമാണ് കാവുകള്‍. നമ്മുടെ നിത്യഹരിത വനങ്ങളുടെ ഗണത്തില്‍ ഇന്ന് കാവുകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ജൈവ വൈവിധ്യത്തിന്റെ ചെറുമാതൃകകള്‍ കൂടിയാണ് കാവുകള്‍. വിശുദ്ധ വനങ്ങളെന്നും കാവുകളെ വിളിക്കുന്നു. വനത്തെ ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന പഴയകാലത്തെ ജനങ്ങള്‍ കാവുകളെ പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാല്‍ ഒരു വിഭാഗം ജനങ്ങള്‍ കാവുകളെ സംരക്ഷിച്ച് പോന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം കാവുകളുണ്ട്. ഇത്തരം കാവുകളൊക്കെ വൈവിധ്യങ്ങളായ സസ്യജീവ ജാലങ്ങളാല്‍ ശ്രദ്ധേയവുമാണ്. ഔഷധ സസ്യങ്ങളുടെ കലവറയായാണ് കാവുകള്‍ നിലകൊള്ളുന്നത്. ജീവജാലങ്ങളുടെ വൈവിധ്യതയാണ് കാവുകളിലെ ആവാസവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് തന്നെ.

ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം

ദേശീയ ജൈവവൈവിധ്യ നിയമത്തിന്റെ ഭാഗമായി കേരളത്തിൽ ജൈവവൈവിധ്യ ബോർഡും പഞ്ചായത്തുതലത്തിൽ ബയോഡൈവേഴ്സിറ്റി മോണിറ്ററിംഗിനായി സമിതിയും നിലവിൽ വന്നതോടെ പ്രാദേശിക ജൈവവൈവിധ്യ കേന്ദ്രങ്ങളായ കാവുകളുടെ സംരക്ഷണത്തിന് പ്രാധാന്യം കൈവന്നു. ഇത്തരം സൂക്ഷ്മ ആവാസസ്ഥാനങ്ങളെ പൈതൃക കേന്ദ്രങ്ങളായി സംരക്ഷിക്കുന്നതിന് ബയോഡൈവേഴ്സിറ്റി ബോർഡ് ആദ്യമായി തെരഞ്ഞെടുത്തത് തൃശൂരിലെ കലശമല വിശുദ്ധവനമെന്ന മിരിസ്റ്റിക്കച്ചതുപ്പ് കാടിനെയാണ്. ഇത്തരത്തിൽ ജൈവവൈവിധ്യ പരമായും പാരിസ്ഥിതികമായും കാവുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന കാലത്താണ് ശാന്തി വനത്തെ അശാന്തമാക്കിക്കൊണ്ട് യന്ത്രങ്ങൾ മുരളാൻ തുടങ്ങിയിരിക്കുന്നത്.

ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം

ശാന്തിവനം ഒരു ജൈവകലവറ

തീരദേശ ലോ ലാന്റ് ഫോറസ്റ്റിന്റെ അനന്യമായ ഒരു ലാക്ഷണിക മാതൃകയാണ് ശാന്തി വനം. കേരള വന ഗവേഷണ കേന്ദ്രം നടത്തിയ ഒരു കണക്കെടുപ്പിൽ 124 സ്പിഷീസ് സസ്യങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. വെള്ളപ്പയിൻ (വറ്റീരിയ ഇൻഡിക്ക ) ആഞ്ഞിലി, ചേര്, വല്ലഭം, ഇരുമ്പൂന്നി (ഹോ പിയ പൊംഗാ) തുടങ്ങി തീരദേശ നിത്യഹരിത കാവുകളുടെ ലാക്ഷണിക വൃക്ഷങ്ങളുടെ മേലാപ്പാണ് ഈ കാവിലുള്ളത്. ഇതിലെ ആഞ്ഞിലി, ചേര്, മരോട്ടി, തുടങ്ങി പല വൃക്ഷങ്ങളും പശ്ചിമഘട്ടത്തിന്റെ തനതുമരങ്ങളാണ്. നായുരിപ്പിനെയും മരച്ചെക്കിയെയും (ഇക് സോറ മലബാറിക്ക) ഐ.യു.സി.എൻ സംരക്ഷണമുൻഗണന "വൾന റബിൾ " എന്ന വിഭാഗത്തിലാണ് പരിഗണിച്ചിരിക്കുന്നത്. ഹോർത്തൂസ് മലബാറിക്കൂസിൽ ചൊറിയൻ കൊട്ടമായി പരാമർശിച്ച അമ്മിമുറിയൻ (എംബീലിയ ജെറാംകൊട്ടം) പോലുള്ള നിരവധി ഔഷധച്ചെടികൾ ഇവിടെയുണ്ട്. ' റെഡ് കാറ്റഗറിയിൽപ്പെട്ട കൂവച്ചെക്കി (മെമിസിലോൺ റാൻഡേറിയാനം) യെന്ന കാശാവ് ചെടി,സ്മിത്സോണിയ എന്ന അപൂർവവും എൻഡമിക്കുമായ ഓർക്കിഡ് തുടങ്ങി സമാനതയില്ലാത്ത സസ്യ വൈവിധ്യമാണിവിടെ. കുർകുമ ഹരിത, കുർകുമ ഇക്കൽകുറേറ്റ തുടങ്ങി മഞ്ഞളിന്റെ തന്നെ പല വന്യ ഇനങ്ങളും ഇവിടെയുണ്ട് എന്നത് ഈ ജീൻപുൾ ഭാവിയുടെ ഭക്ഷ്യ സുരക്ഷയ്ക്കു കൂടി എത്രത്തോളം പ്രയോജനപ്പെടുമെന്ന് ഓർമിപ്പിക്കുന്നു. സ്ഥിരവാസികളും ദേശാടകരും കാടുകളിൽ മാത്രം പ്രജനനം നടത്തുന്നവയായി കരുതപ്പെടുന്നവരുമുൾപ്പെടെ എഴുപതിലേറെ പക്ഷികളെയും അപൂർവ പൂമ്പാറ്റയിനങ്ങളെയും പ്രകൃതി വിദ്യാർത്ഥികൾ ഇവിടെ നിരീക്ഷിച്ചിട്ടുണ്ട്.

ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം

ജൈവ പൈതൃകത്തിനുമേലാണ് ഹൈടെൻഷൻ വൈദ്യുത വിതരണത്തിനായുള്ള ടവർ പണി തുടങ്ങിയിരിക്കുന്നത്. ലൈൻ സ്ഥാപിക്കാൻ ഇതിനെക്കാൾ എളുപ്പത്തിലും സൗകര്യത്തിലും വേറെയും മാർഗങ്ങളുണ്ടെങ്കിലും സ്ഥലത്തെ ഒരു പ്രമുഖന്റെ സ്വത്ത് സംരക്ഷിക്കാനായി കാവിനു നടുവിൽ തന്നെ തൂണിടുകയാണ് ചെയ്തിരിക്കുന്നത്. ലോകമെമ്പാടും വിശുദ്ധ വനങ്ങളുടെ പാരിസ്ഥിതികവും സാംസ്ക്കാരികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് അവയെ കമ്യൂണിറ്റി ഫോറസ്റ്റായും ഹെറിറ്റേജ് സൈറ്റായും സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഒന്നരപ്പതിറ്റാണ്ടു മുമ്പ് ഭോപ്പാലിൽ കല്പവൃക്ഷയുടെ ആഭിമുഖ്യത്തിൽ നടന്ന കമ്യൂണിറ്റി കൺസർവേഷൻ ഏരിയകളുടെ പരിരക്ഷണത്തെ മുൻനിർത്തിയുള്ള ഒരു ശില്പശാലയുടെ തുടർച്ചയായാണ് കാവുകൾ പോലുള്ള വനേതര പച്ചത്തുരുത്തുകളുടെ സംരക്ഷണം ഔദ്യോഗിക നയപരിപാടികളുടെ ഭാഗമാകുന്നത്. കടലുണ്ടിയിലെ പക്ഷി സങ്കേതവും കൊളാവിയിലെ ആമ പ്രജനന തീരവും ജനപങ്കാളിത്തത്തോടെയുള്ള പരിപാലന സംരംഭമായി മാറി. 1990 മുതൽ ഒട്ടേറെ ഗവേഷകർ കേരളത്തിലെ കാവുകളെപ്പറ്റി പഠിക്കുകയും അവയുടെ സാമൂഹികവും ചരിത്രപരവും പ്രകൃതി കാരുണ്യപരവുമായ പ്രാധാന്യത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി വിശുദ്ധ വനങ്ങളുടെ പരിരക്ഷണം വനം വകുപ്പിന്റെ കർമ്മപരിപാടിയായി ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്.

കെ.എസ്.ഇ.ബിക്ക് മുമ്പിൽ യാചിച്ചു നില്‍ക്കുകയും നിയമ പരിരക്ഷ തേടി കോടതി കയറിയിറങ്ങുകയും ചെയ്യെണ്ട അവസ്ഥയിലാണ് ശാന്തി വനത്തിന്‍റെ സംരക്ഷകര്‍. ഉച്ചിക്കു വെക്കേണ്ട കൈ ഉദകക്രിയ ചെയ്യുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. സർക്കാർ തന്നെ കാടിന് കാലനാവുന്നതുകണ്ട് പച്ചപ്പിനായി സമരം തുടരുന്ന മീനയ്ക്ക് ഒപ്പം നിൽക്കേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ വ്യക്തിയുടെയും പ്രസ്ഥാനങ്ങളുടെയും കടമയാണ്. ഹരിത കേരളവും ജൈവ വൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, പ്രളയാനന്തര കേരളത്തെ മാറ്റിപ്പണിയാൻ യത്നിക്കുന്ന സർക്കാർ ഏജൻസികളുടെ ബാധ്യതയാണ് ഇത് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ പാരിസ്ഥിതികവും ചരിത്രപരവുമായി ഏറെ പ്രാധാന്യമുള്ള ശാന്തിവനത്തെ സംരക്ഷിക്കുന്നതിനായി ഇടപെടുക. എപ്രിൽ 22 ന് ഹരിത മനസുകൾ അവിടെ ഒത്തുചേര്‍ന്നു. കാവുകളും കാനനങ്ങളും പോലുള്ള സൂക്ഷ്മ ആവാസസ്ഥാനങ്ങൾ സംരക്ഷിക്കുന്നതിന് ഫലപ്രദമായ നിയമങ്ങൾ ഉണ്ടാക്കാനും ജനകീയ ഇടപെടലുകൾക്കും ശാന്തി വനത്തിന്റെ ഹരിത പ്രതിരോധം പ്രേരകമാകട്ടെ.

ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം

പ്രകൃതിയെ ക്രൂരമായി കൊല്ലുന്നതിന്റെ ഫലമായി പല കുഴപ്പങ്ങളും നാം അനുഭവിക്കേണ്ടിവരുന്നു. രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഈ സമയത്തും നമ്മുടെ ക്രൂരതക്ക് അറുതിയില്ല. മനുഷ്യന്റെ കൊള്ളരുതായ്മ മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ തകിടം മറിയുകയാണ്, തകരുകയാണ്. കാവുകള്‍ വെട്ടിമാറ്റരുത്. ഭൂമിയുടെ സമതുലിതാവസ്ഥയ്ക്കു ഭംഗം വരുത്തുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുത്.. മനുഷ്യന്റെ പ്രതിരോധ ശക്തിയാണു പ്രകൃതി. അതു വികലമാക്കുന്നതു വിഢിത്തമാണ്. മനുഷ്യനു ജീവിക്കണമെങ്കില്‍ സംശുദ്ധമായ അന്തരീക്ഷവും ഓക്‌സിജനും വേണം. അങ്ങനെയെങ്കില്‍ നമുക്ക് ആവശ്യമുള്ളതൊക്കെ വിതരണം ചെയ്യുന്ന, നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്ന കാവുകള്‍, കുന്നുകള്‍, മരങ്ങള്‍, കുളങ്ങള്‍, സഹജീവികള്‍ ഒക്കെ സംരക്ഷിക്കപ്പെടണം. എങ്കില്‍ മാത്രമേ നമുക്കിവിടെ സുഗമമായി ജീവിക്കാന്‍ സാധ്യമാകൂ. പഴമക്കാര്‍ പ്രകൃതിയെ അത്രമാത്രം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്തത് കൊണ്ടാണ് നാം പ്രാണവായു ശ്വസിക്കുന്നത് തന്നെ. വൃക്ഷലതാദികള്‍ പ്രകൃതിയുടെ ശ്വാസകോശങ്ങളെന്ന പോലെയാണ് ജൈവപ്രകൃതിയെ നിലനിര്‍ത്തുന്നത്. വൃക്ഷങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്ന കാവുകളെയും കാടുകളെയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. വെട്ടിനശിപ്പിക്കുകയല്ല, വെച്ചുപിടിപ്പിക്കുകയാണു വേണ്ടത്. നമുക്കു മാത്രമല്ല, വരും തലമുറകള്‍ക്കു കൂടി ഉപകാരപ്രദമാകാന്‍ കാവും കുളവുമൊക്കെ നമുക്കു സംരക്ഷിക്കാം. ഒരുക്കിവെക്കാം ഒരു നല്ല നാടിനായ്.

ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം