LiveTV

Live

Kerala

‘താനൊക്കെ വേണേല്‍ വന്ന് കയറിയാല്‍ മതി’; കല്ലട ദുരനുഭവങ്ങള്‍ പങ്കുവെച്ച് യാത്രക്കാര്‍

‘താനൊക്കെ വേണേല്‍ വന്ന് കയറിയാല്‍ മതി’; കല്ലട ദുരനുഭവങ്ങള്‍ പങ്കുവെച്ച് യാത്രക്കാര്‍

കൊച്ചിയിൽ ബസ് യാത്രക്കാരെ മർദ്ദിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ നിറഞ്ഞ് നിൽക്കുകയാണ് കല്ലട. സംഭവം കത്തിയതോടെ പലരും തങ്ങൾക്ക് കല്ലടയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.

രാത്രി വെെകിയെത്തിയ കല്ലട ബസിലെ ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന മനുഷ്യത്വമില്ലാത്ത അനുഭവമാണ് ഒരു യാത്രക്കാരി പങ്കുവെച്ചതെങ്കിൽ, ഉള്ളതിൽ ഏറ്റവും പഴഞ്ചൻ വണ്ടിയുമായി വന്ന് സർവീസ് നടത്തി യാത്രക്കാരെ പെരുവഴിയിലാക്കിയ കഥ ഒരു യാത്രക്കാരൻ പങ്കുവെച്ചു.

രാത്രി ഏറെ വെെകിയിട്ടും തന്നെയും മകളെയും ഓഫീസിനകത്ത് ഇരുത്താന്‍ കല്ലട ഓഫീസ് മാനേജര്‍ തയ്യാറായില്ലെന്നാണ് മായ മാധവന്‍ എന്ന പ്രൊഫസര്‍ പറഞ്ഞത്. ആര്‍ത്തവാവസ്ഥയിലായിരുന്നിട്ടും മൂത്രമൊഴിക്കാന്‍ ആശ്രയിക്കേണ്ടി വന്നത് കാളകള്‍ മേയുന്ന തുറസ്സായ സ്ഥലമായിരുന്നെന്നും, ഒരു ലോറിയുടെ മറവിലാണ് മൂത്രമൊഴിക്കേണ്ടി വന്നതെന്നും അവര്‍ കുറിച്ചു. ഒടുവില്‍ ഏറെ വെെകി വന്ന ബസിലെ ജീവനക്കാര്‍ വളരെ ക്രൂരമായാണ് പെരുമാറിയത്. ഇടക്ക് വെച്ച് വണ്ടി നിര്‍ത്തി ജീവനക്കാര്‍ യാത്രക്കാരോട് തട്ടിക്കയറുകയും ചെയ്തെന്നും യാത്രക്കാരി പറയുന്നു.

പണം നൽകി യാത്ര ചെയ്യുന്നവരെ അൽപം പോലും ഗൗനിക്കാതെയുള്ള പെരുമാറ്റമാണ് കല്ലട ജീവനക്കാരുടേതെന്നാണ് മറ്റൊരു യാത്രക്കാരന്‍ കുറിക്കുന്നത്. പഴഞ്ചന്‍ ബസുമായി വന്ന് യാത്രക്കാരെ വഴിക്ക് വെച്ച് ഇറക്കി വിട്ട അനുഭവമാണ് പ്രഹ്ലാദ് രതീഷ് എന്ന യാത്രക്കാരന്‍ മുന്‍പ് ഫെയ്സബുക്കില്‍ കുറിച്ചിരുന്നത്. കഴുത്തറുപ്പന്‍ ചാര്‍ജ് നല്‍കിയിട്ടും എത്തേണ്ട സ്ഥലത്ത് ഇറക്കി വിടാതെ, ബാക്കി ദൂരം ബസില്‍ പോകാനാണ് കല്ലട ജീവനക്കാര്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വായിക്കാം:

#BoycottKallada
കല്ലടയുടെ പുതിയ വാർത്ത കണ്ടപ്പോൾ നമ്മുടെ അനുഭവം ഓർമ വന്നു....അതിഭീകരമായിരുന്നു. രാത്രി11 മണിക്ക് ചെന്നൈയിൽ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ് എപ്പോൾ എത്തും എന്ന് ഒരു അറിയിപ്പും കിട്ടിയില്ല. 1 മണി ഒക്കെ ആയപ്പോൾ ഓഫിസ് അടച്ചിട്ട് ഞങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ട് നിർത്തിയിട്ട് സ്റ്റാഫ് മുങ്ങി. ഞാനും മകളും പിന്നെ രണ്ട് മൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ ഞങ്ങൾ...വല്ലാതെ ഭയപ്പെട്ട് പോയിരുന്നു. മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്.ആർത്തവവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ....കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജർ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫിസ് എങ്കിലും തുറന്ന് ഞങ്ങളെ അകത്തിരുത്താൻ പറഞ്ഞെങ്കിലും അയാൾ "ബസ് ,ദാ എത്തി" എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ഒരു ബസ് വന്നു.

വന്ന ബസിന്റെ സ്റ്റാഫിന് തീരെ താല്പര്യം ഇല്ലാതെയാണ് ഞങ്ങളെ അകത്ത് കയറ്റി വിട്ടത്. അവർക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതൽ അതിന്റെ ദേഷ്യം അവർ യാത്രക്കാരോട് തീർത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങൾക്കോ നിർത്താൻ ആവശ്യപ്പെട്ടാൽ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വയോധികൻ അദ്ദേഹത്തിന് എന്തൊക്കെയോ അസുഖങ്ങൾ ഉള്ളത് കാരണം കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടയി പിന്നെ....ഒരു റിട്ടയർഡ് അധ്യാപകൻ ആയ അദ്ദേഹം അതേ ഭാഷയിൽ മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. ഈ ആവശ്യം പറഞ്ഞതിന്റെ പേരിൽ "എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ട....ബസ് ഇവിടെ കിടക്കട്ടെ.....പിന്നെ നിങ്ങൾ എന്ത് ചെയ്യും എന്ന് കാണട്ടെ...."എന്ന് ആക്രോശിച്ചു കൊണ്ട് ഗുണ്ടകൾ എന്ന് തന്നെ വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയിൽ ഒതുക്കിയിട്ടു. രാവിലെ7 മണിക്കെങ്കിലും തിരുവനന്തപുരം എത്തേണ്ട ബസിൽ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോർക്കണം. നേരെ ഭക്ഷണം പോലുമില്ലാതെ , കുളിക്കാതെ ബസിലും പുറത്തുമായി ഏകദേശം 13 മണിക്കൂർ കഴിഞ്ഞിരുന്നു അപ്പോൾ.

അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങൾ അവരുടെ കൈയും കാലും പിടിച്ചു മാപ്പ്‌ പറഞ്ഞിട്ടാണ് ആ ഓണംകേറാമൂലയിൽ നിന്ന് ബസ് എടുക്കാമെന്ന് അവർ സമ്മതിച്ചത്. അങ്ങനെ രാവിലെ 6 മണിക്ക് എത്തേണ്ട ബസ് വൈകിട്ട് 6 മണിക്ക് എത്തി...അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും . ഈ സംഭവം അന്ന് ബസിലിരുന്ന് മാളു ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കൾ തിരിച്ചെത്തിയ ഉടനെ ഉപഭോക്തൃകോടതിയെ സമീപിക്കണം എന്ന് ഉപദേശിച്ചെങ്കിലും ,ഒരു സാദാ മലയാളിയെ പോലെ "വയ്യാവേലിക്കൊന്നും പോകാൻ എനിക്ക് നേരമില്ലേ..." എന്ന തീരുമാനം കൈക്കൊണ്ടതിൽ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്ക് എതിരെ ഉള്ള എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാർഢ്യം.....

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിക്കുള്ള കല്ലട ട്രാവല്‍സിന്റെ സ്ലീപ്പര്‍ ബസിലാണ് ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു തിരിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തത് രണ്ടാഴ്ച മുമ്പ് ഓണ്‍ലൈന്‍ വഴിയും. കെഎസ്ആര്‍ടിസിയും ട്രയിനും അത്യാവശ്യമായി വരുന്നവര്‍ക്കു പറഞ്ഞിട്ടുള്ള കാര്യമല്ല. ഒരു മാസം മുമ്പെങ്കിലും ബുക്ക് ചെയ്തവര്‍ക്കു മാത്രമേ റെയില്‍വേ പ്രാപ്ത്യമാകുകയുള്ളുവെന്നുള്ളത് അന്യനാട്ടില്‍ താമസിക്കുന്ന മലയാളികള്‍ക്കറിയാം. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നത് കല്ലടയും ഓറഞ്ചും പോലുള്ള സ്വകാര്യ ട്രാവത്സുകളെയാണെന്നുള്ളതാണ് സത്യം.

മഡിവാളയില്‍ നിന്നും ലാസ്റ്റ് സ്റ്റോപ്പായ കഴക്കൂട്ടം വരെയായിരുന്നു ടിക്കറ്റ്. സീസണ്‍ അല്ലാത്തതുകൊണ്ടു ടിക്കറ്റ് റേറ്റ് 1126 രൂപയായിരുന്നു. ഒരു കുപ്പി വെള്ളവും പുതയ്ക്കാനുള്ള ഷീറ്റും കൂടെ കിട്ടും (ഇത്തരത്തിലുള്ള എല്ലാ ട്രാവത്സും കൊടുക്കുന്നുണ്ട്). കാത്തു നിന്നവരുടെ മുന്നില്‍ വന്ന ബസ് കണ്ടപ്പോഴെ ആകെയുള്ള സന്തോഷം പോയി. കല്ലടയ്ക്കുള്ളതില്‍ ഏറ്റവും പഴയ ബസാണ് എന്നു തോന്നുന്നു. അതൊരു കുറവായി കാണാതെ തന്നെ ബസിനുള്ളില്‍ കയറി ബര്‍ത്ത് പിടിച്ചു.

15 മിനിട്ടു വൈകിയാണ് ബസ് പുറപ്പെട്ടത്. നിറയെ യാത്രക്കാരുമുണ്ടായിരുന്നു. റേഡ് നല്ലാതായിരുന്നുവെങ്കിലും ബസിന്റെ പഴമ നല്ല കുടുക്കവും സമ്മാനിക്കുന്നുണ്ടായിരുന്നു. മധുര- തിരുനെല്‍വേലി- നാഗര്‍കോവില്‍- വഴിയായിരുന്നു യാത്ര. ഒരുറക്കം കഴിഞ്ഞു വെളുപ്പിന് 6.30 ന് കണ്ണു തുറന്നപ്പോള്‍ ബസ് തിരുനെല്‍വേലിക്കപ്പുറം ഒരിടത്തു നിര്‍ത്തിയിട്ടിരിക്കുന്നു. തിരക്കിയപ്പോള്‍ ബസ ബ്രേക്ക്ഡൗണായെന്നു മറുപടിയും. അതുവഴി വരുന്ന കല്ലടയുടെ അടുത്ത ബസിനെയും കാത്തു കിടക്കുകയാണ്. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചെന്നൈയില്‍നിന്നും നാഗര്‍കോവിലിലേക്കു വരുന്ന ഒരു ബസ് വന്നു. ബ്രേക്ക് ഡൗണായ ബസില്‍ നിന്നും ബാഗും ഭാണ്ഡക്കെട്ടുകളുമായി യാത്രക്കാരെല്ലാം ആ ബസില്‍ കയറാന്‍ ജീവനക്കാര്‍ പറഞ്ഞു. വേറേ വഴയില്ലത്തതിനാല്‍ എല്ലാവരും അതനുസരിച്ചു.

ആ ബസില്‍ കയറിപ്പറ്റിയ പലര്‍ക്കും ഇരിക്കാന്‍ സീറ്റു പോലും ലഭിച്ചില്ല. നിന്നും ബസിനുള്ളില്‍ നടന്നും ഒരുവിധം നാഗര്‍കോവിലില്‍ എത്തിയപ്പോള്‍ അടുത്ത ഉത്തരവ്. അതില്‍ നിന്നിറങ്ങി മറ്റൊരു ബസില്‍ കയറാന്‍. എന്നാല്‍ മാത്രമേ തിരുവനന്തപുരത്തു എത്താന്‍ പറ്റുകയുള്ളുവെന്നു. പലരും പ്രതിഷേധിച്ചു. അപ്പോള്‍ വേണമെങ്കില്‍ കയറിയാല്‍ മതിയെന്നായി ജീവനക്കാര്‍. 'ഞങ്ങള്‍ വേറൊരു ബസിന്റെ ജീവനക്കാരാണ്. നിങ്ങളെ കൊണ്ടു പോയില്ല എന്നുവച്ച് ഞങ്ങള്‍ക്കൊന്നുമില്ല. നിങ്ങള്‍ക്കു വേറേ വഴിയില്ല. വേണമെങ്കില്‍ കയറിക്കോ'- എന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ബസ് കാശും മുന്‍കൂര്‍ കൊടുത്തിരിക്കുകയല്ലേ. അപ്പോള്‍പിന്നെ കയറിയാലും ഇല്ലെങ്കിലും അവര്‍ക്കെന്ത് പ്രശ്‌നം?

അങ്ങനെ ആ ബസില്‍ കയറി വീണ്ടും യാത്ര തുടങ്ങി. കയറിയവരില്‍ ഒന്നുരണ്ടു യാത്രക്കാര്‍ക്കു ഇരിക്കാന്‍ സീറ്റുകൂടി കിട്ടിയില്ല. ബസിലെ ആദ്യ രണ്ടു സീറ്റ് കൈയടക്കിയിരുന്നത് ജീവനക്കാരായിരുന്നു. (ആ സീറ്റിലുണ്ടായിരുന്നവര്‍ മുന്നേയുള്ള ഏതെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങിയിരിക്കും). എന്നാല്‍ ഇപ്പോള്‍ കയറിയ യാത്രക്കാര്‍ക്ക് ആ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ദുരിതം പിടിച്ച യാത്രയ്‌ക്കൊടുവില്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ അടുത്ത അടി. ലാസ്റ്റ് സ്റ്റോപ്പായ കഴക്കൂട്ടത്തേക്കു വണ്ടി പോകത്തില്ലെന്ന്. ഞങ്ങളുടെ സമയം കഴിഞ്ഞു. ഇനി വൈകുന്നേരം യാത്രയുള്ളതാണ്. അതുകൊണ്ട് യാത്ര ഇവിടെ അവസാനിപ്പിക്കുന്നതായി അറിയിപ്പുകിട്ടി.

ടിക്കറ്റ് എടുത്തിരിക്കുന്നത് കഴക്കൂട്ടത്തേക്കാണെന്നു ഓര്‍മ്മിപ്പിച്ചപ്പോള്‍ തമ്പാനൂര്‍ സ്റ്റാന്റില്‍ ചെന്നു ബസ് കയറിപ്പോകാന്‍ സാറന്‍മാരുടെ ഉപദേശവും. കൈയിലെ കാശുമുടക്കി ടിക്കറ്റ് എടുത്ത ഞാന്‍ ഇനി 15 കിലോമീറ്റര്‍ വീണ്ടും കാശു ചെലവാക്കി യാത്രചെയ്യണം പോലും. മൂന്നുനാലുപേര്‍ കഴക്കൂട്ടത്തേക്കുണ്ടായിരുന്നു. അവരാരും ഒന്നും മിണ്ടുന്നില്ല. എന്തും സഹിക്കാന്‍ തയ്യാറായി നില്‍ക്കുംപോലെ. 'ഇതെന്ത് പരിപാടിയാണെ'ന്നു ചോദിച്ച എന്നോട് 'ദോ, ലവിട കല്ലടയുടെ ഓഫീസുണ്ട്. പരാതി അവിടെപ്പറഞ്ഞോ' എന്ന മറുപടിയും കിട്ടി. വീണ്ടും തോളിലും കഴുത്തിലും ബാഗുകളുമായി കല്ലടയുടെ ഓഫീസില്‍ എത്തിയപ്പോള്‍ ഇന്ന് ഞായറാഴ്ച അവധിയണെന്ന അറിയിപ്പു കിട്ടി ബോധിച്ചു നിര്‍വൃതിയോടെ തിരിച്ചു പോന്നു.

കെഎസ്ആര്‍ടിസി ദിവസവും ഒരു രണ്ടോ മൂന്നോ ബസ് ബാംഗ്ലൂരിലേക്കു സര്‍വ്വീസ് നടത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോള്‍ കല്ലടയ്ക്കും അതുപോലുള്ള കഴുത്തറുപ്പന്‍മാര്‍ക്കുമുള്ളു. യാത്രക്കാരന്റെ സമയത്തിനോ പണത്തിനോ യാതൊരു വിലയും ഈ കോര്‍പ്പറേറ്റുകള്‍ കല്‍പ്പിക്കുന്നില്ല. സീസണ്‍ ആണെങ്കില്‍, അല്ലെങ്കില്‍ യാത്രക്കാരുടെ അത്യാവശ്യം നോക്കി ടിക്കറ്റ് ഇരട്ടിയിലധികം ഉയര്‍ത്തുന്നുമുണ്ട്. എന്നാല്‍ നാട്ടിലേക്കു കയറിവരാന്‍ നില്‍ക്കുന്നവര്‍ക്കു വേറെ വഴിയില്ല. ആ സാഹചര്യം ഇത്തരക്കാര്‍ പരമാവധി മുതലാക്കുന്നു. ബസ് വഴിയിലായിപ്പോയാല്‍ അതിലുള്ള യാത്രക്കാരെ സുരക്ഷിതരായി ടിക്കറ്റ് എടുത്തിരിക്കുന്ന ഇടത്ത് എത്തിക്കേണ്ട ചുമതല ആ ബസ് കമ്പനിക്കു തന്നെയാണ്. തിരുവന്തപുരത്തു നിന്നും നാഗര്‍കോവില്‍- മധുര- ഹോസുര്‍ വഴി ബാംഗ്ലൂരിലേക്ക് കെഎസ്ആര്‍ടിസിയോ മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ടോ സര്‍വ്വീസ് നടത്തുന്നില്ല. ആ ഒരു കാരണം കൊണ്ടുതന്നെ കല്ലടയും സില്‍ബന്ധികളും തഴച്ചുവളരുകയാണ്.

ഇത്തരക്കാര്‍ക്കു കാശുണ്ടാക്കാന്‍ ബലിയാടാകുന്നതു മറ്റുവഴികളില്ലാത്ത പാവം യാത്രക്കാരും....