LiveTV

Live

Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

ബസ് തകരാറിലായത് ചോദ്യം ചെയ്തതിനാണ് യാത്രക്കാരെ മര്‍ദ്ദിച്ചത്. 

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

കൊച്ചിയില്‍ ബസ് യാത്രക്കാരെ മര്‍ദിച്ച കേസില്‍ അക്രമം നടന്ന ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടന്ന ബസ് പൊലീസ് പിടിച്ചെടുത്തു.

ജയേഷ്, ജിതിന്‍, ഗിരിലാല്‍ എന്നീ ബസ് ജീവനക്കാരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മൂന്ന് പേരും സുരേഷ് കല്ലട ബസിലെ ജീവനക്കാരാണ്. ഇവരില്‍ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബസ്സിനകത്ത് നടന്ന അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത കമ്മീഷണറോട് മന്ത്രി എ.കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടി. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും നിര്‍ദേശം നല്‍കി.

ഇന്നലെ ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദിച്ചുവെന്നായിരുന്നു പരാതി. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസാണ് കേസെടുത്തത്. ബസിലെ യാത്രക്കാരിലൊരാള്‍ അക്രമദൃശ്യം പുറത്തുവിട്ടതോടെ കല്ലട ബസില്‍ നിന്നും ദുരനുഭവം നേരിട്ടെന്ന ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി.

സംഭവത്തിൽ ഉടൻ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി പറഞ്ഞു. കല്ലടയുടെ തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി.

Also read: സ്വകാര്യ ബസ് കേടായത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം