LiveTV

Live

Kerala

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്

വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ടാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.

 പരസ്യപ്രചരണം ഇന്ന് അവസാനിക്കും; ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ടാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.

പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒപ്പത്തിനൊപ്പമെത്താനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. അവസാനഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പൊതുയോഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കളം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കൊട്ടിക്കലാശ ദിനത്തില്‍ റോഡ് ഷോയോടെയാകും എല്‍.ഡി.എഫ് പ്രചരണം അവസാനിപ്പിക്കുക. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ നടത്തുന്ന റോഡ് ഷോയോടെ യു.ഡി.എഫ് ക്യാമ്പും കാലശപോരാട്ടത്തിന് സജ്ജമാകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ കേരള സന്ദര്‍ശനവും മുതല്‍ക്കൂട്ടാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. വൈകിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെങ്കിലും ഗൃഹസന്ദര്‍ശനം അടക്കുമുള്ള പ്രചരണ രീതികള്‍ക്കൊപ്പം മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് പര്യടനവും നല്‍കുന്ന ആത്മ വിശ്വാസത്തോടെയാണ് എന്‍.ഡി.എ കൊട്ടിക്കലാശത്തിന് എത്തുന്നത്.

വൈകിട്ട് ആറു മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോകസഭ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുക. പോളിങ് അവസാനിക്കുന്ന ആറു മണിയ്ക്ക് ക്യൂവിലുള്ളവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കും. അതിനുശേഷം എത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പതിമൂന്ന് രേഖകള്‍ വോട്ടിങിനായി ഉപയോഗിക്കാം. ഇതില്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കില്ല.