LiveTV

Live

Kerala

കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി

യേശുദേവന്റെ കുരിശ് മരണത്തിന്റെ ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ദുഖവെള്ളി ആചരിക്കുന്നത്.

കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി

യേശുദേവന്റെ കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ സമൂഹം ദു:ഖവെള്ളി ആചരിക്കുന്നു. കുരിശിന്‍റെ വഴികളിലൂടെ നടന്ന് വിശ്വാസികള്‍ പീഡാനുഭവത്തെ അനുസ്മരിച്ചു. തെരഞ്ഞെടുപ്പില്‍ ചിഹ്നങ്ങള്‍ക്കല്ല ഓരോ പാര്‍ട്ടിയും നല്‍കിയ സംഭാവനകള്‍ക്കാണ് പ്രാധാന്യമെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം ദു:ഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു.

യേശുദേവന്റെ കുരിശ് മരണത്തിന്റെ ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നത്. ദു:ഖവെള്ളിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകള്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ലത്തീൻ, മലങ്കര, ചെങ്ങനശേരി അതിരൂപതകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുരിശിന്റെ വഴി നടന്നു. ആർച്ച് ബിഷപ്പ് സൂസെപാക്യം, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ, ചെങ്ങനാശേരി അതിരൂപത സഹായ മെത്രാൻ ബിഷപ്പ് തോമസ് തറയിൽ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും രാജ്യാഭിവൃദ്ധിക്കായി വിശ്വാസികള്‍ പ്രാര്‍ഥിക്കണമെന്നും മാർ ബസേലിയോസ് ക്ലിമ്മീസ് ബാവ പറഞ്ഞു.

ദു:ഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും തിരുകർമ്മങ്ങളും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പീഡാനുഭവ തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമികത്വം വഹിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നിന്ന് സെന്റ് ജോസഫ് പള്ളിയിലേക്ക് നടന്ന കുരിശിന്റെ വഴിക്ക് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ നേതൃത്യം നല്‍കി. രാത്രി 10.45 ന് കബറടക്ക ശുശ്രൂഷയോടെ ദുഃഖ വെള്ളിയോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് സമാപ്തിയാകും.