LiveTV

Live

Kerala

കൊച്ചിയിൽ എത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ അവസാനിച്ചു; ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

ഹൃദയശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊച്ചിയിൽ എത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ അവസാനിച്ചു; ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

മംഗലാപുരത്തു നിന്ന് കൊച്ചിയിൽ എത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ അവസാനിച്ചു. ഹൃദയവാല്‍വ് ചുരുങ്ങിയ അവസ്ഥ ശരിയാകുകയും ഹൃദയത്തിലെ ദ്വാരം അടക്കുകയും ചെയ്തു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇനി പ്രതീക്ഷയുടെ 48 മണിക്കൂറുകളാണ്. ഹൃദയവാൽവിലെ സങ്കോചം പരിഹരിച്ചു. ഹൃദയത്തിലെ ദ്വാരം അടച്ചു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകൾ പരിഹരിച്ചു. ആരോഗ്യനിലയിലെ സങ്കീര്‍ണ്ണാവസ്ഥ കാരണം ശസ്ത്രക്രിയക്ക് അപകടസാധ്യത കൂടുതലായിരുന്നു. അന്തിമരക്ത പരിശോധന ഫലം വന്നതോടെ രാവിലെ 9 മണിക്കാണ് 17 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചത്. 6 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാകുമെന്ന് കണക്ക് കൂട്ടിയ ശസ്ത്രക്രിയ 7 മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്.

കാസർഗോഡ് സ്വദേശികളായ സാനിയ - മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെ ചെവ്വാഴ്ച വൈകുന്നേരമാണ് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ചത്. അതേസമയം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലെത്തിച്ച മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷമേ ശസ്ത്രക്രിയയുടെ കാര്യം തീരുമാനിക്കൂ. ഹൃദയത്തിന്റെ ഇടത് ഭാഗത്ത് വളർച്ച കുറവുണ്ട്. നാല് മുതൽ അഞ്ച് വർഷം വരെ ചികിത്സ വേണ്ടി വരും.

മലപ്പുറം വേങ്ങൂർ സ്വദേശികളായ നജാദ് -ഇർഫാന ദന്പതികളുടേതാണ് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയിലാണ് ശ്രീ ചിത്രയിലെത്തിച്ചത്.