LiveTV

Live

Kerala

കുഞ്ഞിന്‍റെ ശസ്ത്രക്രിയയില്‍  പ്രതീക്ഷയര്‍പ്പിച്ച് ഡോക്ടർമാർ

ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അവസ്ഥയിലും ഹൃദയ വാൽവിന്റെ പ്രവർത്തനം തകരാറിലുമാണ്.

കുഞ്ഞിന്‍റെ ശസ്ത്രക്രിയയില്‍  പ്രതീക്ഷയര്‍പ്പിച്ച് ഡോക്ടർമാർ

ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച 15 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും ശസ്ത്രക്രിയ പൂർണ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. ഇന്ന് വൈകുന്നേരത്തോടെ കുഞ്ഞിന്റെ ശസ്ത്രക്രിയ സംബന്ധിച്ച് ഡോക്ടർമാർ തീരുമാനമെടുക്കും.

ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. കുഞ്ഞിന്റെ ഹൃദയത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ദ്വാരമുണ്ട്. ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അവസ്ഥയിലും ഹൃദയ വാൽവിന്റെ പ്രവർത്തനം തകരാറിലാണ്.

നിലവിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ശസ്ത്രക്രിയ നടത്തണമെങ്കിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാകണം. ശരീരം പൂർണമായും അണുബാധ മുക്തമാണെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനെ തുടർന്നാണ് 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രം കുഞ്ഞിന്റെ തുടർചികിത്സ ആരംഭിക്കാൻ തീരുമാനമെടുത്തത്.

ഹൃദയത്തിന് പുറമെ മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. ജനിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ട കുഞ്ഞിന്റയടക്കം ഹൃദയ ശസ്ത്രക്രിയ മുമ്പ് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളതിനാൽ ഇക്കാര്യത്തിലും തികഞ്ഞ പ്രതീക്ഷയിലാണ് ഡോക്ടർമാർ.

കാസർഗോഡ് സ്വദേശികളായ സാനിയ - മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെ ഇന്നലെ വൈകുന്നേരം 4.27നാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ ആദ്യം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് സർക്കാർ ഇടപെട്ട് കൊച്ചിയിലേക്ക് ചികിത്സ മാറ്റുകയായിരുന്നു