LiveTV

Live

Kerala

തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ മൈക്ക് സി.പി.എം നേതാക്കള്‍ ഓഫ് ചെയ്തോ ? യാഥാര്‍ഥ്യം ഇതാണ്...

‘തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി അസ്വസ്ഥനായി, സി.പി.എം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്യിച്ചു...’

തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ മൈക്ക് സി.പി.എം നേതാക്കള്‍ ഓഫ് ചെയ്തോ ? യാഥാര്‍ഥ്യം ഇതാണ്...

വിശ്വാസി സമൂഹത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാനും അവര്‍ക്കിടയില്‍ തീവ്രവികാരം ആളിക്കത്തിക്കാനുമായി അര്‍ധ സത്യങ്ങള്‍ പ്രചരിപ്പിച്ച് പ്രകോപനം സൃഷ്ടിക്കുന്ന പ്രവണത കേരളത്തിലും തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമാവുകയാണോ? തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഒരു പൊതുപരിപാടിയെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ അപകടരമായ ഈ സ്ഥിതിവിശേഷത്തിന്റെ പുതിയ പതിപ്പാണ്. 'തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി അസ്വസ്ഥനായി, സി.പി.എം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്യിച്ചു...' ഇതാണ് വാര്‍ത്തയുടെ കാതല്‍. എന്നാല്‍ പല മാധ്യമങ്ങളും സോഷ്യല്‍മീഡിയ അക്കൌണ്ടുകളും അവരവര്‍ക്ക് ഇഷ്ടമുള്ള രീതിയിലാണ് ഇത് പ്രചരിപ്പിക്കുന്നത്. പലതും വ്യാജ-വര്‍ഗീയ പ്രചാരണത്തോളമെത്തുന്നുമുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ നടന്ന മുഖ്യമന്ത്രിയുടെ പരിപാടി ആദ്യാവസാനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെന്ന നിലക്ക് അവിടെയുണ്ടായ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാണ് ഈ ലേഖകന്‍. രാവിലെ 10 മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ പൊതുയോഗം തീരുമാനിച്ചിരുന്നത്. ഒമ്പതരയോടെ തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വേദിയിലേക്ക് എത്തി. അപ്പോള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘവും അവിടെയുണ്ട്. പൊതുയോഗം ആരംഭിക്കുന്നതിന് മുന്നോടിയായി വേദിയില്‍ ആദ്യം ഓട്ടംതുള്ളല്‍ നടന്നു. 10 മണിയോടെ വേദി നിറഞ്ഞു.

10.20 ഓടെ മുഖ്യമന്ത്രി വേദിയിലെത്തി. സ്വാഗത പ്രസംഗം ആരംഭിച്ചു. സ്വാഗത പ്രസംഗം ആരംഭിച്ചതിന് പിന്നാലെ തൊട്ടടുത്ത മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് പാട്ടും നാമജപവും തുടങ്ങി. സ്വാഗത പ്രസംഗം തുടങ്ങുംവരെ അവിടെ നിന്ന് പാട്ടോ നാമജപമോ ഒന്നും കേട്ടിരുന്നില്ല. സ്പീക്കറില്‍ ഉച്ചത്തില്‍ കേട്ട നാമജപത്തിന്റെ ശബ്ദാധിക്യം മൂലം മുഖ്യമന്ത്രിക്ക് പ്രസംഗം തുടരാന്‍ കഴിയാത്ത നിലയായി. ഒരു സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് തന്നെ തിരിച്ചുവച്ചിരുന്നു. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളോട് എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്ന് ചോദിച്ചു. ഉത്സവമാണെന്ന് നേതാക്കളുടെ മറുപടി. ഉത്സവമാണെങ്കില്‍ ഇങ്ങനെയാണോ എന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് പിന്നാലെ കാട്ടക്കട എം.എല്‍.എ ഐബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി ശിവന്‍കുട്ടി, ജില്ലാപഞ്ചായത്ത് പ്രസി‍ഡന്റ് വി.കെ മധു എന്നിവര്‍ പുറത്തേക്ക് പോയി. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് തിരിച്ച് വച്ച സ്പീക്കറിലേക്കുള്ള വൈദ്യുതി ബന്ധം ഇടതുപ്രവര്‍ത്തകര്‍ വിഛേദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഇതിനിടെ ഇടത് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത്രയുമാണ് അവിടെ ഉണ്ടായത്.

അറിഞ്ഞ മറ്റൊരു കാര്യം കൂടി. യോഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ പൊലീസ് ക്ഷേത്രഭാരവാഹികളോട് സംസാരിക്കുകയും മുഖ്യമന്ത്രി വന്നുപോകുന്നത് വരെ അത്യാവശ്യമില്ലെങ്കില്‍ ഉച്ചഭാഷിണി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറച്ച് നേരത്തേക്ക് മൈക്ക് നിര്‍ത്തിവച്ച് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പ്രദേശത്തെ എല്‍.ഡി.എഫ് നേതാക്കളും പറയുന്നു. ക്ഷേത്രഭാരവാഹികള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്ക് അപ്രതീക്ഷിതമായി അതിശബ്ദത്തില്‍ ശരണംവിളി ഉയര്‍ന്നു. മുഖ്യമന്ത്രി വരുന്നതിന് മുന്‍പ് കേള്‍ക്കാതിരുന്ന നാമജപം മുഖ്യമന്ത്രി വന്നപ്പോള്‍ മാത്രം കേട്ടത് പ്രതിഷേധത്തിന്റെ ഭാഗമാണോയെന്നും ഇടതുപക്ഷനേതാക്കള്‍ സംശയിക്കുന്നുണ്ട്. മുടിപ്പുര ക്ഷേത്രത്തില്‍നിന്ന് സാധാരണ തോറ്റംപാട്ടാണ് കേള്‍ക്കാറുള്ളത് എന്നും നാമജപം പതിവില്ലാത്തതാണ് എന്നും നാട്ടുകാരും പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയുടെ സമത്ത് മൈക്ക് നിര്‍ത്തിവക്കാമെന്ന ധാരണ ഉണ്ടായിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വാദം.