LiveTV

Live

Kerala

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടരുന്നു

നേരത്തെ വെടിവെയ്ക്കാനുപയോഗിച്ച തോക്ക് പ്രതികളുടെ പക്കല്‍ നിന്നും വെടിയുണ്ട സംഭവ സ്ഥലത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു.

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടരുന്നു

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പു കേസില്‍ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. കേസിലെ മുഖ്യ പ്രതികള്‍ ഒളിവില്‍ താമസിച്ച സ്ഥലത്ത് എത്തി തിരച്ചില്‍‍ നടത്തിയെങ്കിലും തൊണ്ടിമുതലുകള്‍ കണ്ടെത്താനായില്ല. അതേ സമയം കേസിന്റെ സൂത്രധാരന്‍ മറ്റൊരാളെന്ന് അറസ്റ്റിലായ പ്രതികളിലൊരാള്‍ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തി.

മാസങ്ങള്‍ നീണ്ട അന്വേണത്തിനൊടുവില്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പു കേസില്‍ ബിലാലിനെയും വിപിനെയും ഇവര്‍ ഒളിവില്‍ താമസിച്ച പ്രദേശത്തെത്തിച്ച് ഇന്നലെ മൂന്ന് മണിക്കൂറിലേറെ തെളിവെടുപ്പ് നടത്തിയെങ്കിലും തൊണ്ടി മുതലുകള്‍ കണ്ടെത്താനായില്ല.

നേരത്തെ വെടിവെയ്ക്കാനുപയോഗിച്ച തോക്ക് പ്രതികളുടെ പക്കല്‍ നിന്നും, വെടിയുണ്ട സംഭവ സ്ഥലത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ വെടിയുണ്ടകളുടെ കവറുകളും മറ്റും കാട്ടില്‍ ഉപേക്ഷിച്ചുവെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മെറ്റല്‍ ഡിക്ടറ്ററടക്കമുള്ളവ ഉപയോഗിച്ച് ഇന്നും തെളിവെടുപ്പ് തുടരാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

അതേസമയം കേസില്‍ അറസ്റ്റിലായ അല്‍ത്താഫ് സംഭവങ്ങള്‍ ആസൂത്രണം നടത്തിയത് താനല്ലെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മുഖ്യപ്രതികളെ അറസ്റ്റു ചെയ്യാനായതോടെ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തീകരിക്കാനും മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.