LiveTV

Live

Kerala

കര്‍ഷക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടല്‍; ഉത്തരവ് തെരഞ്ഞെടുപ്പിന് ശേഷമേ ഇറക്കാന്‍ അനുമതി നല്‍കുവെന്ന് ടിക്കാറാം മീണ

നിലവിലെ മോറട്ടോറിയം ഒക്ടോബര്‍ വരെയുള്ളത് കൊണ്ട് ഉത്തരവിറക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

 കര്‍ഷക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടല്‍; ഉത്തരവ് തെരഞ്ഞെടുപ്പിന് ശേഷമേ ഇറക്കാന്‍ അനുമതി നല്‍കുവെന്ന് ടിക്കാറാം മീണ

കര്‍ഷക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇറക്കാന്‍ അനുമതി നല്‍കുവെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നിലവിലെ മോറട്ടോറിയം ഒക്ടോബര്‍ വരെയുള്ളത് കൊണ്ട് ഉത്തരവിറക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഉത്തരവിറക്കേണ്ട സാഹചര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയില്ല.

കാർഷിക വായ്പകൾക്കും കർഷകരുടെ കാർഷികേതര വായ്പകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാൻ മാർച്ച് 5ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. എന്നാല്‍ സമയബന്ധിതമായി ഉത്തരവിറക്കാത്തതിനെത തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയില്ല.ഇതിന് പിന്നാലെ സര്‍ക്കാര്‍ കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് കഴിഞ്ഞ ദിവസം മറുപടി നല്‍കിയെങ്കിലും കമ്മീഷന് അക്കാര്യത്തില്‍ തൃപ്തിയില്ല. അതുകൊണ്ട് ഉത്തരവിറക്കാനുള്ള അനുമതി തെരഞ്ഞെടുപ്പിന് ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നാണ് കമ്മീഷന്‍ നിലപാട്. നിലവിലെ മോറട്ടോറിയം ഒക്ടോബര്‍ 11 വരെ നിലവിലുള്ളത് കൊണ്ട് അടിയന്തരമായി ഉത്തരവിറക്കേണ്ട സാഹചര്യമില്ലെന്നാണ് കമ്മീഷന്‍ നിലപാട്.തെരഞ്ഞെടുപ്പ് കഴിയുന്ന ഏപ്രില്‍ 23 ന് ശേഷം ഉത്തരവിറക്കാന്‍ താന്‍ തന്നെ അനുമതി നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഉത്തരവിറക്കാത്തതില്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രിയും മന്ത്രിമാരും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.