LiveTV

Live

Kerala

ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് പുലർച്ചയോടെയാണ് അന്ത്യം 

ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു

മുന്‍ അഡി. ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി.ബാബുപോള്‍(78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഇന്ന് പുലർച്ചയോടെയാണ് അന്ത്യം.നാളെ വൈകീട്ട് എറണാകുളം കുറുപ്പുംപടി സെന്റ്. മേരിസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകള്‍.

1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പുംപടിയിലാണ് ഡാനിയല്‍ ബാബുപോള്‍ ജനിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഏഴാം റാങ്കോടെ പാസ്സായ അദ്ദേഹം 1964ല്‍ സബ്കലക്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പാലക്കാട് കലക്ടറായി പ്രവര്‍ത്തിച്ച ശേഷം 1971ല്‍ ഇടുക്കി ജില്ലയുടെ ആദ്യ കളക്ടറുമായി. ഇടുക്കി ജലവൈദ്യുത പദ്ധതി പൂർത്തീകരിക്കുന്നതിൽ നിർണ്ണായക വഹിച്ചു.

പിന്നീടങ്ങോട്ട് വിവിധ വകുപ്പുകളുടെ സെക്രട്ടറിയായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ടിച്ച അദ്ദേഹം 1998-2000 കാലഘട്ടത്തില്‍ അഡി. ചീഫ് സെക്രട്ടറിയായി. വിരമിക്കുമ്പോള്‍ തദ്ദേശസ്വയം ഭരണ ഓംബുഡ്സ്മാനായിരുന്നു.

ഭരണ രംഗത്ത് മികച്ച് നില്‍ക്കുമ്പോഴും അദ്ദേഹം മികച്ച എഴുത്തുകാരനായും പ്രഭാഷകനായും അറിയപ്പെട്ടു. 19 വയസില്‍ ഒരു യാത്രയുടെ ഓര്‍മ്മകള്‍ എന്ന പുസ്തകം രചിച്ചുകൊണ്ടാണ് സാഹിത്യ മേഖലയിലേക്ക് കടക്കുന്നത്. മലയാളത്തിലെ ആദ്യ ബൈബിള്‍ ഡിക്ഷണറിയായ വേദ ശബ്ദ രത്നാകരം ഏഴ് വര്‍ഷമെടുത്താണ് ബാബു പോള്‍ തയ്യാറാക്കിയത്. 2000 ത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഡമാസ്ക്കസ് സെന്റ് എഫ്രയിം യൂണിവേഴ്സിറ്റി ബാബു പോളിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കിഫ്ബി ഭരണസമിതി അംഗമായിരുന്ന അദ്ദേഹം നവ കേരള നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉപദേശകനുമായിരുന്നു.