LiveTV

Live

Kerala

ചൂടോടെ വിഷുവെത്തി; ഒപ്പം വിപണിയും ഒരുങ്ങിക്കഴിഞ്ഞു

തെരഞ്ഞെടുപ്പിന്‍റെ ആരവത്തില്‍ വിഷുവിനെ വരവേല്‍ക്കുകയാണ് കേരളം

ചൂടോടെ വിഷുവെത്തി; ഒപ്പം വിപണിയും ഒരുങ്ങിക്കഴിഞ്ഞു

മേടച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിന്റെ കൂടെയാണ് ഇത്തവണത്തെ വിഷു ആഘോഷം. കഴിഞ്ഞ ഓണാഘോഷം പ്രളയത്തിലായിരുന്നെങ്കില്‍ ഇത്തവണത്തെ വിഷു വേനല്‍ചൂടിലാണ്. ഓണത്തെ പ്രളയം കൊണ്ടുപോയെങ്കില്‍ ചൂടോടെ വിഷുവിനെ വരവേല്‍ക്കുകയാണ് കേരളീയര്‍. വിഷുകച്ചവടത്തിനായി ഈ വേനല്‍ച്ചൂടിലും വിപണികള്‍ സജീവമായി.

കൈപൊള്ളാത്ത പടക്കങ്ങളാണ് വിഷുവിപണിയിലെ ഇത്തവണത്തെ താരങ്ങള്‍. നിലച്ചക്രം, കമ്പിത്തിരി, കയര്‍, പൂക്കുറ്റി തുടങ്ങിയവ കത്തിക്കുമ്പോള്‍ കൈയ്യില്‍ പൊള്ളല്‍ ഏല്‍ക്കാത്ത തരത്തിലുളള കൂള്‍ ഫയറുകളാണ് പടക്കങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരങ്ങള്‍. 200 രൂപ മുതലാണ് ഇവയുടെ വില. ഫയര്‍ഗണ്‍ കമ്പിത്തിരി, ഭീമന്‍ പൂക്കുറ്റി മുതലായവയാണ് വിഷു പ്രമാണിച്ച് എത്തിയിരിക്കുന്ന അതിഥികള്‍.

പുകയും ശബ്ദവും കുറവുളള പടക്കങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കൂടാതെ കമ്പിത്തിരി, പൂക്കുറ്റി, മത്താപ്പ്, നിലച്ചക്രം, കയര്‍ എന്നിവയടങ്ങുന്ന കിറ്റുകള്‍ ലഭ്യമാണ്. 1200 മുതല്‍ 1500 രൂപ വരെയാണ് കിറ്റുകള്‍ ലഭ്യമാകുന്നത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ താത്കാലിക പടക്കകടകള്‍ക്ക് ഇത്തവണ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന കടകള്‍ സജീവമാണ്.

ചൂടോടെ വിഷുവെത്തി; ഒപ്പം വിപണിയും ഒരുങ്ങിക്കഴിഞ്ഞു

ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി ചന്തകള്‍ വിഷു പ്രമാണിച്ച് സജീവമാണ്. കണിവെളളരിയാണ് പച്ചക്കറി ചന്തകളിലെ പ്രധാന ആകര്‍ഷണം. കടുത്ത ചൂടിലും കണിവെളളരിയുടെ ലഭ്യതയില്‍ വിപണിയില്‍ കുറവുകളില്ല. 30 രൂപ മുതല്‍ 45 വരെയാണ് കണിവെള്ളരി ലഭ്യമാകുന്നത്. ശ്രീകൃഷ്ണ വിഗ്രഹങ്ങളും വാല്‍ക്കണ്ണാടികളും വിപണികളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

ചൂടോടെ വിഷുവെത്തി; ഒപ്പം വിപണിയും ഒരുങ്ങിക്കഴിഞ്ഞു

ഖാദി കൈത്തറി മേളകളും വിഷു ആഘോഷത്തിന്‍റെ തയ്യാറെടുപ്പിലാണ്. കേരളസര്‍ക്കാര്‍, കൈത്തറി ആന്‍റ് ടെക്സ്റ്റൈല്‍ വകുപ്പ്, ജില്ലാ വ്യവസായങ്ങളും കൈത്തറി വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വസ്ത്ര പ്രദര്‍ശന വിപണന മേള തുടങ്ങി. വസ്ത്രവില്‍പ്പനയുമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തെരുവു കച്ചവടക്കാരും സജീവമാണ്. മേടവിഷുവിനെ കെങ്കേമമാക്കാന്‍ വിപണികള്‍ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.