LiveTV

Live

Kerala

പാനായിക്കുളം കേസിലെ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നൽകിയ അപ്പീൽ കോടതി തള്ളി.പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

 പാനായിക്കുളം കേസിലെ എല്ലാ പ്രതികളെയും  ഹൈക്കോടതി വെറുതെ വിട്ടു

പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നൽകിയ അപ്പീൽ കോടതി തള്ളി. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ച ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‍വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് സിമി ക്യാമ്പ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. റാസിഖിനും ശാദുലിക്കും 14 വർഷം തടവ് ശിക്ഷയായിരുന്നു എന്‍.ഐ.എ കോടതി വിധിച്ചത്. മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുൽ റാസിഖ്, അൻസാർ നദ് വി എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീൻ, ഷംനാസ് എന്നിവർക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

തെളിവുകളുടെയും സത്യത്തിന്റെയും പിന്‍ബലമില്ലാതെ എന്‍.ഐ.എ കെട്ടിച്ചമച്ച കേസില്‍ ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്കും വിശ്വാസ്യതയ്ക്കും നിരക്കാത്ത വിധിയാണ് വിചാരണക്കോടതിയില്‍ നിന്നുണ്ടായതെന്ന് അപ്പീലില്‍ പറയുന്നു. 2006 ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ പരസ്യമായി നടന്ന പരിപാടി രഹസ്യ ദേശവിരുദ്ധ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്തത്. പ്രസംഗത്തിന്റെ പേരിലാണ് തീവ്രവാദമാരോപിച്ച് കേസെടുത്തത്.

പൊലിസ്, സര്‍ക്കാര്‍ ജീവനക്കാരെ സാക്ഷിയാക്കിയായിരുന്നു പരിപാടി നടന്നിരുന്നത്. ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലത്ത് നേരത്തെ ഓഡിറ്റോറിയം ബുക്ക് ചെയ്ത് നടത്തിയ പരിപാടി രഹസ്യ ക്യാമ്പായി ചിത്രീകരിച്ചതും ശിക്ഷിച്ചതും തെളിവുകളുടെ വിശ്വസനീയമായ പിന്‍ബലമില്ലാതെയാണെന്നാണ് അപ്പീല്‍ ഹരജിയിലെ വാദം. ശാദുലിയും അന്‍സാറും വാഗമണ്‍, ഇന്‍ഡോര്‍ സിമി കേസുകളില്‍ ശിക്ഷിക്കപ്പട്ടതിനാല്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാവില്ല. അബ്ദുല്‍ റാസിക്, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവര്‍ പുറത്തിറങ്ങും.