LiveTV

Live

Kerala

പടക്ക വിപണി സജീവം; ചൈനീസ് പടക്കങ്ങള്‍ക്ക് ആവശ്യക്കാരേറെ

വിഷുവും തെരഞ്ഞെടുപ്പും ഒന്നിച്ച് വന്നതോടെ പടക്ക വിപണി സജീവം. ആവശ്യക്കാര്‍ ഏറെയും ചൈനീസ് പടക്കങ്ങള്‍ക്ക്. കണ്ണൂരില്‍ മാത്രം അഞ്ച് കോടിയുടെ കച്ചവടം നടക്കുമെന്ന് പ്രതീക്ഷ.

പടക്ക വിപണി സജീവം; ചൈനീസ് പടക്കങ്ങള്‍ക്ക് ആവശ്യക്കാരേറെ

വിഷുവും തെരഞ്ഞെടുപ്പും ഒരുമിച്ചെത്തിയതോടെ വടക്കന്‍ കേരളത്തിലെ പടക്ക വിപണി സജീവമായി. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് പടക്കങ്ങള്‍ തന്നെയാണ് ഇത്തവണയും വിപണിയിലെ താരം. കണ്ണൂര്‍ ജില്ലയില്‍ മാത്രം അഞ്ചു കോടി രൂപയുടെ കച്ചവടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

പടക്കങ്ങളില്ലാത്ത ഒരു വിഷുക്കാലത്തെക്കുറിച്ച് വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. വിഷുവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടെ പടക്ക വിപണി സജീവമാകും. ഇത്തവണ വിഷുവിനൊപ്പം തെരഞ്ഞെടുപ്പ് കൂടി വന്നതോടെ പടക്ക കടകളില്‍ ആവേശത്തിന്‍റെ അമിട്ടിന് തിരിതെളിഞ്ഞിരിക്കുകയാണ്. സ്ഥാനാര്‍ഥി പര്യടനത്തിലും നേതാക്കളുടെ സ്വീകരണ പരിപാടികളിലുമെല്ലാം പടക്കങ്ങളാണ് പ്രധാന ആകര്‍ഷണം.

ശബ്ദത്തേക്കാള്‍ വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. ലോലിപോപ്പ്, പോപ്പ് കോണ്‍, ലോട്ടസ് വീല്‍, മാജിക് സ്പ്രിങ് തുടങ്ങിയ വിത്യസ്ത പേരുകളിലാണ് ഇത്തരം പടക്കങ്ങള്‍ വിപണിയിലെത്തിയിട്ടുളളത്. എന്തായാലും ഇത്തവണ വിഷു കഴിഞ്ഞാലും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരും വരെ വിഷു വിപണി ഉണര്‍ന്നിരിക്കും. കാരണം വിജയം ആര്‍ക്കായാലും പടക്ക കച്ചവടം പൊടിപൊടിക്കും.