LiveTV

Live

Kerala

ഓച്ചിറയിലെ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല; പോക്സോ നിലനിൽക്കും

ഒന്നാം പ്രതി മുഹമ്മദ് റോഷൻ അടക്കം നാലു പ്രതികൾക്കെതിരേയും പോക്സോ വകുപ്പ് നിലനിൽക്കും. അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. 

ഓച്ചിറയിലെ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല; പോക്സോ നിലനിൽക്കും

കൊല്ലം ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ രാജസ്ഥാനിലെ സ്കൂളിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ.

കേസിൽ അറസ്റ്റിലായ നാല് പ്രതികൾക്കെതിരേയും പോക്സോ വകുപ്പ് നിലനിൽക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞ മാർച്ച് 18നാണ് ഓച്ചിറയിൽ നിന്നും രാജസ്ഥാനി സ്വദേശിനിയായ പെണ്‍കുട്ടി അയൽവാസിയായ മുഹമ്മദ് റോഷനൊപ്പം നാടുവിട്ടത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മുഹമ്മദ് റോഷനെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നു. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിന്‍റെ രേഖകൾ രക്ഷിതാക്കൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. എന്നാൽ തനിക്ക് പതിനെട്ട് വയസ് പൂർത്തിയായെന്ന് പെൺകുട്ടി മൊഴി നൽകി. ഇതോടെ രക്ഷിതാക്കൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന സംശയമുയർന്നു.

ഇതോടെയാണ് രേഖകളുടെ ആധികാരികത പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. രാജസ്ഥാനിലെ സ്കൂളിലെത്തി അന്വേഷണസംഘം നടത്തിയ പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി. സ്കൂളിലെ രേഖകൾ പ്രകാരം 2001 സെപ്റ്റംബർ 19നാണ് പെൺകുട്ടി ജനിച്ചത്. മൂന്നാം ക്ളാസ് വരെ ഇവിടെ വിദ്യാഭ്യാസം നടത്തി. ദലിത് വിഭാഗത്തിൽപ്പെട്ടതാണ് പെൺകുട്ടിയെന്നും വ്യക്തമായി.

ഇതോടെ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് റോഷൻ അടക്കം നാലു പ്രതികൾക്കെതിരേയും പോക്സോ വകുപ്പ് നിലനിൽക്കും. അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. പെൺകുട്ടിയെ മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്.