LiveTV

Live

Kerala

വ്യാജ അക്കൗണ്ട് രേഖ ചമക്കല്‍; പോൾ തേലക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവർക്കെതിരെ അന്വേഷണം തുടരാമെന്ന് കോടതി 

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

വ്യാജ അക്കൗണ്ട് രേഖ ചമക്കല്‍; പോൾ തേലക്കാട്ട്,  ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവർക്കെതിരെ അന്വേഷണം തുടരാമെന്ന് കോടതി 

വ്യാജ അക്കൗണ്ട് രേഖ ചമക്കലുമായി ബന്ധപ്പെട്ട കേസിൽ ഫാ. പോൾ തേലക്കാട്ട്, എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവർക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈകോടതി.

അന്വേഷണത്തിന്‍റെ പേരിൽ ഇവരെ പീഡിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കർദിനാൾ ജോർജ് ആലഞ്ചേരി രഹസ്യ അക്കൗണ്ടലൂടെ വൻതുക കൈമാറ്റം ചെയ്തെന്നുള്ള വ്യാജ രേഖകൾ ചമച്ച് അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സീറോ മലബാർ ചർച്ച് ഇൻറർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിൽ നൽകിയ പരാതിയിലെടുത്ത പൊലീസ് കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.

വ്യാജ രേഖ ചമച്ചത് തങ്ങളാണെന്ന് പരാതിയിൽ ആരോപണമില്ലെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ തങ്ങളെ പ്രതി ചേർത്തത് അനുചിതമാണെന്നുമാണ് ഹരജിയിലെ വാദം. കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ ഫെബ്രുവരി 25ന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.വ്യാജരേഖ ചമച്ചത് ആരാണെന്ന് കണ്ടെത്തണമെന്നത് മാത്രമാണ് തന്റെ ആവശ്യമെന്ന് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു. പ്രഥമ വിവരമൊഴിയിലും ഇതാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ അന്വേഷണോദ്യോഗസ്ഥന് ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.